മോചിതനായി അഖിൽ പറന്നിറങ്ങും, സന്തോഷത്തണലിലേക്ക്

0

കായംകുളം ∙ ‘പോറൽ പോലും ഏൽക്കാതെ മോചിതനാകണേയെന്ന് ആഗ്രഹിച്ചു, പ്രാർഥിച്ചു. അതുപോലെ സംഭവിക്കുന്നു. എല്ലാം ഈശ്വരകൃപ’ – ഹൂതി വിമതരുടെ തടവിലായിരുന്ന ചേപ്പാട് ഏവൂർ ചിറയിൽ പടീറ്റതിൽ അഖിൽ യെമനിൽ നിന്നു നാട്ടിലേക്കുള്ള യാത്രയിലാണ് എന്നറിഞ്ഞാണ് ഭാര്യ ജിതിനയുടെ വാക്കുകൾ. കഴിഞ്ഞ ദിവസം അഖിൽ മസ്കത്തിൽ എത്തി. അവിടെനിന്നു പുറപ്പെടാൻ യാത്രാരേഖകൾ ശരിയായാൽ ഇന്നോ നാളെയോ വീട്ടിലെത്താം.

ഏതാനും മണിക്കൂറുകൾ കാത്തിരുന്നാൽ അഖിൽ സന്തോഷത്തിലേക്കു വന്നുചേരും. വിമാനത്താവളത്തിൽ പോയി കൊണ്ടുവരാനുള്ള ഒരുക്കത്തിലാണ് ജിതിനയും വീട്ടുകാരും. യുക്രെയ്നിൽ പഠിക്കുകയായിരുന്നു ജിതിന. അവിടെ യുദ്ധം തുടങ്ങിയതോടെ നാട്ടിലെത്തി. സൊക്കോത്ര ദ്വീപിൽനിന്ന് സൗദിയിലേക്ക് മെഡിക്കൽ ഉപകരണങ്ങളുമായി പോകുമ്പോൾ ജനുവരി 2ന് ആണ് ഡെക്ക് കെഡറ്റായ അഖിൽ ഉൾപ്പെടെ 11 പേരുള്ള കപ്പൽ ഹൂതി വിമതർ തട്ടിയെടുത്തത്. പിന്നീട് ഇവരെ യെമനിലെ ഒരു ഹോട്ടലിൽ താമസിപ്പിച്ചു.

അബുദാബി ലിവ മറൈൻ കമ്പനിയുടെ കപ്പലിൽ 3 മലയാളികളടക്കം 7 ഇന്ത്യക്കാരുണ്ടായിരുന്നു. എല്ലാവരും മോചിതരായി. 2021 ഓഗസ്റ്റ് 21ന് ആണ് അഖിലും ജിതിനയും വിവാഹിതരായത്. ഒരു മാസം മാത്രമാണ് ഇരുവരും നാട്ടിൽ ഒരുമിച്ചുണ്ടായിരുന്നത്. സെപ്റ്റംബറിൽ അഖിൽ അബുദാബിയിലേക്കു പോയി. ജിതിന മെഡിക്കൽ പഠനത്തിനു യുക്രെയ്നിലേക്കു പോയത് ഡിസംബറിൽ. പിന്നാലെയാണ് അഖിൽ തടവിലായത്. അതിനുശേഷം കടുത്ത നിയന്ത്രണങ്ങളായി. പിന്നീട്, 25 ദിവസത്തിലൊരിക്കൽ സംസാരിക്കാൻ അനുവദിച്ചു. ഈ മാസം 6ന് ആണ് ജിതിന നാട്ടിലെത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here