പുന്നോല്‍ ഹരിദാസന്‍ വധക്കേസ്‌ പ്രതി ആര്‍.എസ്‌.എസ്‌. പ്രവര്‍ത്തകന്‍ നിജില്‍ ദാസിന്‌ അധ്യാപികയായ രേഷ്‌മ ഒളിവില്‍ താമസിക്കാന്‍ സൗകര്യമൊരുക്കിയത്‌ കൊലക്കേസ്‌ പ്രതിയാണെന്ന്‌ അറിഞ്ഞുകൊണ്ടാണെന്നു റിമാന്‍ഡ്‌ റിപ്പോര്‍ട്ട്‌

0

കണ്ണൂര്‍: പുന്നോല്‍ ഹരിദാസന്‍ വധക്കേസ്‌ പ്രതി ആര്‍.എസ്‌.എസ്‌. പ്രവര്‍ത്തകന്‍ നിജില്‍ ദാസിന്‌ അധ്യാപികയായ രേഷ്‌മ ഒളിവില്‍ താമസിക്കാന്‍ സൗകര്യമൊരുക്കിയത്‌ കൊലക്കേസ്‌ പ്രതിയാണെന്ന്‌ അറിഞ്ഞുകൊണ്ടാണെന്നു റിമാന്‍ഡ്‌ റിപ്പോര്‍ട്ട്‌. കേസില്‍ രേഷ്‌മയുടെ പങ്കില്‍ വിശദമായ അന്വേഷണം വേണമെന്നും പോലീസ്‌.
രേഷ്‌മയുടെ ജീവനു ഭീഷണിയുണ്ട്‌. ഒരു വര്‍ഷമായി നിജിലും രേഷ്‌മയും തമ്മില്‍ പരിചയമുണ്ട്‌. വിഷുവിനു ശേഷമാണ്‌ ഒളിവില്‍ കഴിയാന്‍ വീട്‌ വേണമെന്ന്‌ നിജില്‍ രേഷ്‌മയോട്‌ ആവശ്യപ്പെട്ടതെന്നും കേസുമായി ബന്ധപ്പെട്ട്‌ രേഷ്‌മയെ കൂടുതല്‍ ചോദ്യം ചെയ്യണമെന്നും തലശേരി കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പോലീസ്‌ ആവശ്യപ്പെട്ടു.
നിജില്‍ ദാസ്‌ ഒളിവില്‍ കഴിഞ്ഞ പിണറായിയിലെ വീട്‌ രേഷ്‌മയുടേതല്ലെന്ന്‌ അഭിഭാഷകന്‍ അറിയിച്ചു. പ്രതി താമസിച്ച വീട്‌ ഭര്‍ത്താവ്‌ പ്രശാന്തിന്റെ പേരിലുള്ളതാണ്‌. പോലീസ്‌ നടപടി കടുത്ത മനുഷ്യാവകാശലംഘനമാണെന്നും സംഭവത്തിനു പിന്നാലെയുണ്ടായ സൈബര്‍ അക്രമണങ്ങള്‍ക്കെതിരേ പരാതി നല്‍കുമെന്നും അഭിഭാഷകന്‍ അറിയിച്ചു.
കഴിഞ്ഞ വിഷുവിനാണ്‌ ഒളിവില്‍ താമസിക്കാന്‍ സ്‌ഥലം വേണമെന്ന ആവശ്യവുമായി നിജില്‍ദാസ്‌ രേഷ്‌മയെ വിളിക്കുന്നത്‌. ഇതേത്തുടര്‍ന്ന്‌ ഭര്‍ത്താവിന്റെ പേരിലുള്ള, പൂട്ടിക്കിടന്ന വീട്‌ താമസിക്കാന്‍ നല്‍കുകയായിരുന്നു. ആറുദിവസം നിജില്‍ദാസ്‌ അവിടെ താമസിച്ചു. ഭക്ഷണം ഉള്‍പ്പെടെ രേഷ്‌മ എത്തിച്ചുനല്‍കി. അടുത്ത ബന്ധം കാരണമാണ്‌ രേഷ്‌മ നിജില്‍ദാസിനു സഹായം ചെയ്‌തത്‌. ഗുരുതരമായ കുറ്റകൃത്യമാണു നടന്നത്‌. രേഷ്‌മയെ കസ്‌റ്റഡിയിലെടുത്ത്‌ ചോദ്യംചെയേ്േണ്ട ആവശ്യമുണ്ടെന്നും റിമാന്‍ഡ്‌ റിപ്പോര്‍ട്ടിലുണ്ട്‌.
നിജില്‍ദാസിനെയും രേഷ്‌മയെയും ഒരുമിച്ചിരുത്തി ചോദ്യംചെയ്യണം. ജാമ്യം ലഭിച്ച്‌ രേഷ്‌മ പുറത്തിറങ്ങിയാല്‍ പിണറായി മേഖലയില്‍ സംഘര്‍ഷത്തിനു കാരണമാകും. രേഷ്‌മയുടെ ജീവനുതന്നെ അപായം സംഭവിച്ചേക്കാം. ഈ സാഹചര്യത്തില്‍ രേഷ്‌മയ്‌ക്കു ജാമ്യം അനുവദിക്കരുതെന്നും റിമാന്‍ഡ്‌ റിപ്പോര്‍ട്ടില്‍ പോലീസ്‌ ചൂണ്ടിക്കാട്ടിയിരുന്നു. പുന്നോല്‍ ഹരിദാസ്‌ വധക്കേസിലെ 15-ാം പ്രതിയാണു രേഷ്‌മ.
അതേസമയം, കരാര്‍ ഒപ്പിട്ടു വാങ്ങിയാണ്‌ വീട്‌ വാടകയ്‌ക്ക്‌ നല്‍കിയതെന്നു രേഷ്‌മയുടെ ബന്ധുക്കള്‍ പറയുന്നു. നാലുദിവസത്തേക്ക്‌ പ്രതിദിനം 1500 രൂപയായിരുന്നു വാടക. വീട്‌ വാടകയ്‌ക്കു നല്‍കാന്‍ രേഷ്‌മയുടെ ഭര്‍ത്താവ്‌ പ്രശാന്തിന്റെ അനുമതി ഉണ്ടായിരുന്നു. പ്രതി നിജില്‍ദാസിന്റെ ഭാര്യ ദിപിന, രേഷ്‌മയുടെ കുട്ടിക്കാലം മുതലുള്ള സുഹൃത്താണ്‌. ഇവരാണ്‌ വീട്‌ വേണമെന്ന്‌ ആവശ്യപ്പെട്ടത്‌. വീട്ടില്‍ കുറച്ചുപ്രശ്‌നമുള്ളതിനാല്‍ മാറിനില്‍ക്കാനായാണ്‌ വീടിനായി സമീപിച്ചതെന്നും ബന്ധുക്കള്‍ പറയുന്നു.
നേരത്തേ, “പിണറായി പെരുമ” എന്ന പരിപാടിയില്‍ പങ്കെടുക്കാനെത്തിയവര്‍ക്കും സി.പി.എമ്മുകാര്‍ക്കും വീട്‌ വാടകയ്‌ക്ക്‌ നല്‍കിയിട്ടുണ്ട്‌. അവര്‍ ഒഴിഞ്ഞതിനുശേഷം മറ്റാര്‍ക്കും വീട്‌ നല്‍കിയിട്ടില്ല. എന്നാല്‍, നിജില്‍ദാസിന്‌ രേഷ്‌മ ഭക്ഷണം എത്തിച്ചുനല്‍കിയെന്ന ആരോപണം കുടുംബം നിഷേധിച്ചു.
അതേസമയം, തലശേരി കോടതി ഉപാധികളോടെയാണു രേഷ്‌മയ്‌ക്ക്‌ ജാമ്യം അനുവദിച്ചത്‌. രണ്ടാഴ്‌ച പിണറായി, ന്യൂമാഹി പോലീസ്‌ സ്‌േറ്റഷന്‍ പരിധിയില്‍ രേഷ്‌മ പ്രവേശിക്കരുതെന്ന്‌ കോടതി വ്യക്‌തമാക്കി. രണ്ട്‌ ആള്‍ജാമ്യവും 50,000 രൂപയും കെട്ടിവയ്‌ക്കണമെന്നും കോടതി ഉത്തരവില്‍ വ്യക്‌തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here