കൊലക്കേസ് പ്രതിയായ ആർഎസ്എസ് പ്രവർത്തകന് ഒളിച്ചുതാമസിക്കാൻ വീട് നൽകിയ സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തലുകളുമായി രേഷ്മയുടെ പിതാവ്

0

കണ്ണൂർ: കൊലക്കേസ് പ്രതിയായ ആർഎസ്എസ് പ്രവർത്തകന് ഒളിച്ചുതാമസിക്കാൻ വീട് നൽകിയ സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തലുകളുമായി രേഷ്മയുടെ പിതാവ്. വീടിന്റെ ഉടമസ്ഥനായ പ്രശാന്തും ഭാര്യ രേഷ്മയും ആർ.എസ്.എസ് അനുഭാവികളാണെന്ന എം.വി. ജയരാജന്റെ പ്രസ്താവന പിതാവ് തള്ളി. ഇരുവരുടേതും പരമ്പരാഗതമായി പാർട്ടി കുടുംബങ്ങളാണെന്ന് രേഷ്മയുടെ പിതാവായ രാജൻ പറഞ്ഞു.

രേഷ്മയുടെ സുഹൃത്ത് വഴിയാണ് പ്രതിയായ നിജിൽ ദാസിന് വീട് വാടകക്ക് നൽകിയതെന്നും പിതാവ് വെളിപ്പെടുത്തി. രേഷ്മയുടെ കൂടെ ജോലി ചെയ്യുന്ന ആളുടെ ഭർത്താവാണെന്ന് പറഞ്ഞാണ് വീട് വാടകക്ക് നൽകിയത്. വീട് ആവശ്യപെട്ടത് നിജിൽ ദാസിന്റെ ഭാര്യ ആണെന്നും നിജിൽ ദാസ് കൊലക്കേസ് പ്രതിയായിരുന്നുവെന്ന് രേഷ്മക്ക് അറിയില്ലായിരുന്നുവെന്നും പിതാവ് പറഞ്ഞു. എന്നാൽ സിപിഎം ഇവരെ ഇപ്പോൾ തളിപ്പറയുന്നതിന്റെ കാരണം അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വീട് ഇതിന് മുമ്പും വാടകക്ക് നൽകിയിരുന്നു. ഇന്നലെ രാവിലെ പൊലീസ് വന്നപ്പോഴാണ് സംഭവം അറിഞ്ഞത്. രേഷ്മ ഭക്ഷണം ഉണ്ടാക്കിക്കൊടുത്തവെന്ന് പറയുന്നതെല്ലാം കള്ളമാണെന്നും അമ്മ പറഞ്ഞു. ഭക്ഷണം കൊണ്ടുപോകുന്നുണ്ടെങ്കിൽ ഞങ്ങൾ അറിയുമായിരുന്നുവെന്നും രേഷ്മയുടെ കുടുംബം പറഞ്ഞു.
സിപിഎം പ്രവർത്തകനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ആർ.എസ്.എസ് പ്രവർത്തകനെ ഒളിപ്പിച്ച അധ്യാപികയുടെ ഭർത്താവ് പ്രശാന്തൻ സിപിഎമ്മുകാരനല്ലെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ നേരത്തെ പറഞ്ഞിരുന്നു. സിപിഎം പിണറായി ലോക്കൽ കമ്മിറ്റി സെക്രട്ടറിയുടെ വാദങ്ങളെ തള്ളിയാണ് എം വി ജയരാജൻ രം​ഗത്തെത്തിയത്. പ്രശാന്ത് സിപിഎം പ്രവർത്തകനാണെന്നായിരുന്നു ലോക്കൽ കമ്മിറ്റി സെക്രട്ടറി പറഞ്ഞിരുന്നത്. എന്നാൽ, പ്രശാന്ത് ആർ.എസ്.എസ് അനുകൂല നിലപാട് സ്വീകരിച്ചയാളാണെന്ന് എം വി ജയരാജൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
അണ്ടലൂർ ക്ഷേത്രോത്സവത്തിന് പാരമ്പര്യ – പാരമ്പര്യേതര ട്രസ്റ്റികളും തമ്മിലുള്ള തർക്കത്തിൽ സിപിഎം മധ്യസ്ഥത വഹിച്ചിട്ടുണ്ട്. എന്നാൽ അന്ന് പാർട്ടിയെ എതിർത്തുകൊണ്ടു ആർ.എസ്.എസിന് അനു കൂലമായി നിലപാട് സ്വീകരിച്ചയാളാണ് പ്രശാന്ത്. കോവിഡ് കാലത്ത് അണ്ടലൂർ ഉത്സവം നടത്തണമെന്നാവശ്യപെട്ട് സർക്കാരിനെതിരെ സമരം നടത്തിയവരുടെ കൂട്ടത്തിൽ പ്രശാന്തനുമുണ്ടായിരുന്നുവെന്ന് എം.വി ജയരാജൻ പറഞ്ഞു.

ആർ.എസ് എസ് പ്രവർത്തകനായ കൊലക്കേസ് പ്രതിയെ വീട്ടിൽ ഒളിപ്പിക്കുകയും ഭക്ഷണം എത്തിച്ചു കൊടുക്കുകയും ചെയ്ത അധ്യാപിക പുണ്യ പ്രവർത്തിയല്ല ചെയ്തത്. കുട്ടികളെ പഠിപിക്കേണ്ട അവർ എന്തിനാണ് ഇത്തരം കാര്യങ്ങൾക്ക് നിന്നത് എന്ന കാര്യം സംശയാസ്പദമാണ്. ഇവരുടെ ഫോൺ കോളുകൾ പരിശോധിച്ചപ്പോഴാണ് പ്രതിയെ പല തവണ വിളിച്ചതായി മനസിലായത്.

ഹരിദാസ് വധക്കേസിലെ പ്രതിയെ സിപിഎം പ്രവർത്തകർ ഒളിപ്പിക്കില്ല. അതുകൊണ്ടു സിപിഎം പ്രവർത്തകരുടെ വീട്ടിലാണ് ആർ.എസ്.എസുകാരനെ ഒളിപ്പിച്ചതെന്നു പറയാനാവില്ലെന്നും എം.വി ജയരാജൻ പറഞ്ഞു. ഇവരുടെ വീട് തകർത്ത സംഭവത്തിൽ പ്രവർത്തകർക്ക് പങ്കില്ല. പിണറായി പോലുള്ള സ്ഥലത്ത് സിപിഎമ്മിന് എന്തെങ്കിലും ചെയ്യണമെങ്കിൽ ഇങ്ങനെയായിരിക്കില്ലെന്നും ജയരാജൻ പറഞ്ഞു. സിപിഎമ്മിന് സ്വാധീനമുള്ള സ്ഥലങ്ങളിൽ ആർ.എസ്.എസ് പ്രവർത്തകൻ താമസിച്ചതിൽ വീഴ്‌ച്ചയില്ലെന്നും ഈ വീട് വാടകയ്ക്ക് ആളുകൾ താമസിച്ചിരുന്ന വീടായിരുന്നുവെന്നും ഇവിടെ പിണറായി പെരുമ പരിപാടിയിൽ പങ്കെടുക്കാൻ വന്നവർ ഉൾപ്പെടെ താമസിച്ചിട്ടുണ്ടെന്നും ജയരാജൻ പറഞ്ഞു.
താൻ നിജിൽ ദാസിന് വീട് വാടകക്ക് നൽകിയതാണെന്നായിരുന്നു അറസ്റ്റിലായ രേഷ്മയുടെ മൊഴി. അടച്ചിട്ടിരുന്ന വീട് നിജിലിന് വാടകയ്ക്കു നൽകിയതാണെന്നാണ് രേഷ്മ പൊലീസിനോടു പറഞ്ഞത്. ഭർത്താവ് വിദേശത്താണ്. താനും കുട്ടികളും മറ്റൊരു വീട്ടിലാണ് താമസിക്കുന്നത്. കൊലക്കേസ് പ്രതിയായ നിജിൽ ഒലിവിലാണെന്ന് അറിയില്ലായിരുന്നു എന്നും ഒഴിഞ്ഞ് കിടക്കുന്ന വീട് ചോദിച്ചപ്പോൾ വാടകക്ക് നൽകുകയായിരുന്നു എന്നുമാണ് യുവതിയുടെ മൊഴി.

അതേസമയം, നിജിൽ ദാസുമായി രേഷ്മയ്ക്കു നേരത്തേ പരിചയമുണ്ടെന്ന സൂചനയും പൊലീസ് നൽകുന്നുണ്ട്. പുന്നോൽ ഹരിദാസൻ വധക്കേസിലെ പ്രതിയായ ആർ എസ് എസ് പ്രവർത്തകൻ നിജിൽ ദാസും ഇം​ഗ്ലീഷ് അധ്യാപികയായ രേഷ്മയും തമ്മിൽ വർഷങ്ങളുടെ ബന്ധമുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. പുന്നോൽ അമൃത വിദ്യാലയത്തിലേക്ക്‌ നിജിൽദാസിന്റെ ഓട്ടോറിക്ഷയിലായിരുന്നു മിക്കദിവസവും രേഷ്‌മ എത്തിയത്‌. ബസ്‌ സ്‌റ്റോപ്പിൽനിന്ന്‌ സ്‌കൂളിലും തിരിച്ചും എത്തിക്കാൻ കൃത്യസമയത്ത്‌ നിജിൽദാസ്‌ എത്തുമായിരുന്നു. ഇവർ തമ്മിലുള്ള ബന്ധത്തിന്റെ ആഴവും അടുപ്പവും വെളിപ്പെടുത്തുന്നതാണ്‌ ഫോൺ സംഭാഷണത്തിലെ വിവരങ്ങളും. മുഴുവൻ തെളിവും ശേഖരിച്ച ശേഷമാണ്‌ പൊലീസ്‌ അറസ്‌റ്റ്‌ രേഖപ്പെടുത്തിയത്‌.
കൊലക്കേസ് പ്രതിയായ ആർ എസ് എസ് പ്രവർത്തകനെ ഒളിവിൽ താമസിപ്പിച്ച രേഷ്മ പുന്നോൽ ചാകൃത്ത് മുക്ക് സ്വദേശിനിയാണ്. കണ്ണൂരിലെ ആർഎസ്എസ് സ്വാധീന പ്രദേശമാണ് ചാകൃത്ത് മുക്ക്. അതുകൊണ്ടുതന്നെ ഇവർ സംഘപരിവാർ അനുകൂല കുടുംബാംഗമാണ്. പുന്നോലിലെ ഓട്ടോ റിക്ഷ ഡ്രൈവറായിരുന്ന നിജിൽ ദാസുമായി ഇവർക്ക് നേരത്തെ പരിചയമുണ്ട്. അതേസമയം, കഴിഞ്ഞ കുറെ നാളുകളായി പ്രശാന്തനടക്കമുള്ളവർ സിപിഎമ്മുമായി അകൽച്ചയിലാണെന്നാണ് റിപ്പോർട്ടുകൾ. അണ്ടലൂർ കാവിലെ ക്ഷേത്രോത്സവുമായി ബന്ധപ്പെട്ട് ക്ഷേത്ര അവകാശികളായ പ്രശാന്തന്റെ കുടുംബവും പ്രാദേശിക സിപിഎം നേതൃത്വവും തമ്മിൽ തർക്കമുണ്ടായിരുന്നു. സുവനീർ ഇറക്കുന്നതിനെ ചൊല്ലിയുള്ള തർക്കമാണ് അഭിപ്രായ ഭിന്നതയിലെത്തിയത് ഇതു മുതലെടുത്തു കൊണ്ട് ആർഎസ്എസ് ഇടപെടുകയും ക്ഷേത്ര അവകാശികൾക്ക് ഒപ്പം നിൽക്കുകയും ചെയ്തു.
ഇതോടെയാണ് പാർട്ടി നേതൃത്വവും ക്ഷേത്ര കമ്മിറ്റിയിലെ ചിലരും തമ്മിലുള്ള അകൽച്ച തുടങ്ങിയത്. എന്നാൽ പുന്നോൽ ഹരിദാസ് വധക്കേസിലെ പ്രതി നിജിൽ ദാസിനെ തന്റെ രണ്ടാമത്തെ വീടായ പിണറായി പാണ്ട്യാല മുക്കിലെ വീട്ടിൽ ഒളിവിൽ താമസിക്കാൻ അനുമതി നൽകിയത് ഇയാൾക്ക് അറിവുണ്ടോയെന്ന കാര്യത്തിൽ വ്യക്തതയില്ല.
ആർഎസ്എസ് പ്രവർത്തകനായ നിജിൽ ദാസ് നേരത്തെയും ചില ക്രിമിനൽ കേസുകളിൽ പ്രതിയായിരുന്നു. ഹരിദാസ് വധത്തിൽ നേരിട്ടു പങ്കെടുത്തയാളെന്നാണ് ഇയാളെ കുറിച്ചു പൊലീസ് റിപ്പോർട്ടിലുള്ളത് മൾട്ടി പ്രജിയെന്ന കേസിലെ മറ്റൊരു പ്രതിയൊടൊപ്പം ഹരിദാസിനെ മാരകമായി പരുക്കേൽപ്പിക്കുന്നത് നിജിൽ ദാസാണെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ മുഖ്യമന്ത്രി പിണറായി വിജയന്റെ വീടിനടുത്തുള്ള പുത്തങ്കണ്ടം എന്ന സ്ഥലം ആർ.എസ് എസ് .പോക്കറ്റാണ്. ഇവിടെ ഒളിവിൽ കഴിയാനാണ് നിജിൽ ദാസ് ആദ്യം തീരുമാനിച്ചതെങ്കിലും പൊലിസ് റെയ്ഡു ഭയന്ന് പാണ്ട്യാല മുക്കിലെ റോഡിന് എതിർ വശത്തുള്ള രേഷ്മയുടെ വീട്തെരഞ്ഞെടുക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here