യുവതിയുടെ ഫോണിലേക്ക് അശ്ലീല വീഡിയോകളും സന്ദേശങ്ങളും അയച്ച കുറ്റത്തിന് സന്യാസിയെ പോലീസ് അറസ്റ്റ് ചെയ്തു

0

കൊച്ചി: യുവതിയുടെ ഫോണിലേക്ക് അശ്ലീല വീഡിയോകളും സന്ദേശങ്ങളും അയച്ച കുറ്റത്തിന് സന്യാസിയെ പോലീസ് അറസ്റ്റ് ചെയ്തു. ഹിന്ദു ആത്മീയ ഗുരു എന്ന് അവകാശപ്പെടുന്ന സ്വാമി ദത്താത്രേയ സായ് സ്വരൂപാനന്ദിന് എതിരെ ആണ് പോലീസ് നടപടി എടുത്തിരിക്കുന്നത്. തോപ്പുംപടി സ്വദേശിനിയായ 36കാരിയാണ് പരാതി നൽകിയത്. പ്രാഥമിക അന്വേഷണത്തിന് ശേഷമാണ് പൊലീസ് ഇയാൾക്കെതിരെ കേസെടുത്തത്.

മാർച്ച് 10നാണ് തോപ്പുംപടി പൊലീസ് യുവതിയുടെ പരാതിയിന്മേൽ കേസ് രജിസ്റ്റർ ചെയ്തത്. ജനുവരി 29നും മാർച്ച് എട്ടിനും ഇടയിൽ തന്റെ ഫോണിലേക്ക് നിരവധി അശ്ലീല സന്ദേശങ്ങൾ സ്വരൂപാനന്ദ അയച്ചതായാണ് യുവതിയുടെ പരാതി. ഇത് ചോദ്യം ചെയ്ത തന്റെ ഭർത്താവിനെ ഇയാൾ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു. മുൻകൂർ ജാമ്യത്തിനായി സ്വരൂപാനന്ദ കോടതിയെ സമീപിച്ചതായാണ് വിവരം.

അതേസമയം അഖില ഭാരതിയ ഹിന്ദു മഹാസഭയുടെ സംസ്ഥാന പ്രസിഡന്റാണ് താനെന്നും ഇയാൾ അവകാശപ്പെടുന്നു. എന്നാൽ സ്വരൂപാനന്ദയ്ക്ക് ഈ സംഘടനയുമായി ബന്ധമില്ലെന്ന് അഖില ഭാരതിയ ഹിന്ദു മഹാസഭ പ്രതികരിച്ചു. സ്വരൂപാനന്ദയ്ക്ക് എതിരെ നേരത്തേയും നിരവധി പരാതികൾ ലഭിച്ചിരുന്നതായി അഖില ഭാരതിയ ഹിന്ദു മഹാസഭ പ്രതികരിച്ചു. ഒരു മാസം മുൻപ് ഇയാളെ സംഘടനയിൽ നിന്ന് പുറത്താക്കിയതായാണ് ഇവരുടെ വാദം.

മുസ്ലിം പള്ളികളിൽ മുസ്ലിം സ്ത്രീകൾക്ക് പ്രവേശനം അനുവദിക്കണം എന്ന ഹർജിയുമായി കോടതിയെ സമീപിച്ചിരുന്ന ആളാണ് സ്വരൂപാനന്ദ. മുസ്ലിം പള്ളികളിൽ സ്ത്രീകൾക്ക് പ്രവേശനം നൽകാൻ കേന്ദ്ര സർക്കാരിനോട് നിർദേശിക്കണം എന്ന് ആവശ്യപ്പെട്ടായിരുന്നു ഹൈക്കോടതിയിലെ ഇയാളുടെ പൊതുതാത്പര്യ ഹർജി. എന്നാൽ പബ്ലിസിറ്റി ലഭിക്കാൻ വേണ്ടിയുള്ളതാണ് ഹർജിക്കാരന്റെ ശ്രമം എന്ന് പറഞ്ഞ് കോടതി ഇത് തള്ളി.

LEAVE A REPLY

Please enter your comment!
Please enter your name here