പാലക്കാട്ട് നാളെ സർവ്വകക്ഷി യോഗം, ജില്ലയിൽ പൊലീസ് ഉന്നതതല യോഗം തുടരുന്നു

0

പാലക്കാട്: 24 മണിക്കൂറിനിടെയുണ്ടായ രണ്ട് കൊലപാതകങ്ങളുടെ നടുക്കത്തിലാണ് പാലക്കാട് ജില്ല. പോപ്പുലർ ഫ്രണ്ട് ആർഎസ്എസ് അനുഭാവികളാണ് ഒരു ദിവസത്തിന്റെ ഇടവേളയിൽ കൊല്ലപ്പെട്ടത്. തുടരെ രണ്ട് രാഷ്ട്രീയ കൊലപാതകങ്ങൾ നടന്ന ജില്ലയിൽ ക്രമ സമാധാനം പുനസ്ഥാപിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. കൊലപാതകങ്ങളെ തുടർന്ന് പ്രഖ്യാപിച്ച നിരോധനാജ്ഞ ഇന്നും തുടരും. നാളെ (ഏപ്രിൽ 18) വൈകീട്ട് 3.30 ന് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ സർവ്വകക്ഷി യോഗം ചേരുമെന്ന് ജില്ലാ കലക്ടർ അറിയിച്ചിട്ടുണ്ട്. മന്ത്രി കെ.കൃഷ്ണൻകുട്ടിയുടെ അധ്യക്ഷതയിൽ നടക്കുന്ന യോഗത്തിൽ ഇരു വിഭാഗവും പങ്കെടുക്കണമെന്ന് കളക്ട‍ര്‍ അഭ്യര്‍ത്ഥിച്ചു.

ക്രമസമാധാന ചുമതലയുള്ള അഡീഷണൽ ഡിജിപി വിജയ് സാഖറെ പങ്കെടുക്കുന്ന ഉന്നത തല യോഗം പാലക്കാട് പുരോഗമിക്കുകയാണ്. ഐജി, എസ്പി അടക്കമുള്ളവർ പങ്കെടുക്കുന്ന യോഗത്തിൽ അന്വേഷണ പുരോഗതിയും ജില്ലയിലെ ക്രമസമാധാനവും ചര്‍ച്ചയാകും.

24 മണിക്കൂറുകൾക്കിടെ രാഷ്ട്രീയത്തിന്റെ പേരിൽ രണ്ട് ജീവനുകളാണ് പാലക്കാട്ട് പൊലിഞ്ഞത്. ആദ്യ ദിവസം ഉച്ചയോടെയാണ് പോപ്പുലർ ഫ്രണ്ട് നേതാവായ സുബൈർ കൊല്ലപ്പെട്ടത്. പള്ളിയിൽ നിന്ന് നിസ്കരിച്ച് പുറത്തേക്ക് ഇറങ്ങിയപ്പോഴാണ് അക്രമം നടന്നത്. പിതാവിനൊപ്പം ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ കാറിലെത്തിയ സംഘം ബൈക്ക് ഇടിച്ചുവീഴ്ത്തി. തുടർന്ന് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. രണ്ട് കാറിലെത്തിയ സംഘമാണ് ആക്രമണം നടത്തിയത്.

Leave a Reply