രേഷ്മയെ ജാമ്യത്തിലിറക്കിയത് ബിജെപി നേതാവെന്ന് എം വി ജയരാജൻ

0

കണ്ണൂർ: ഹരിദാസ് വധക്കേസിലെ മുഖ്യപ്രതികളിലൊരാളെ ഒളിവിൽ താമസിപ്പിച്ച് വിവാദത്തിലായ രേഷ്മയ്ക്ക് ആർഎസ്എസ് ബന്ധമുണ്ടെന്നവർത്തിച്ച് സിപിഎം ജില്ലാ സെക്രട്ടറി എം വി ജയരാജൻ. അറസ്റ്റിലായ രേഷ്മയെ ജമൈത്തിലിറക്കിയത് ബിജെപി നേതാവാണെന്ന് അദ്ദേഹം ആരോപിച്ചു. ഹാജരായത് ബി.ജെ.പി അഭിഭാഷകനാണെന്നും എന്നിട്ടും ഈ സ്ത്രീയുടെ ജാതകം എന്താണെന്ന് ചോദിക്കുകയാണെന്നും ഇക്കാര്യത്തിൽ വേറെ സംശയത്തിന് അടിസ്ഥാനമില്ലെന്നും എം വി ജയരാജൻ പ്രതികരിച്ചു.

ഈ സ്ത്രീയെ കോടതിയിൽനിന്ന് കൊണ്ടുപോകുന്നത് ബി.ജെ.പിയുടെ മണ്ഡലം ജനറൽ സെക്രട്ടറിയാണ്. കേസിൽ ഹാജരായത് ബി.ജെ.പിയുടെ അഭിഭാഷകനുമാണ്. പ്രതിയെ സംരക്ഷിച്ച സ്ത്രീക്ക് വേണ്ടി ബി.ജെ.പിക്കാർ എത്തിച്ചേരുന്നു എന്നത് നിസാരമായ കാര്യമല്ല. അതിനാൽ ഇക്കാര്യത്തിൽ വേറെ സംശയത്തിന് അടിസ്ഥാനമില്ലെന്നും അദ്ദേഹം പറഞ്ഞു.

ഒളിവിൽ താമസിപ്പിച്ച നിജിൽ ദാസിനെ ഒരു വർഷത്തിലേറെയായി നേരിട്ട് അറിയാമെന്നും, പ്രതിയായ ഇയാൾ വീട്ടിൽ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് വന്നതാണെന്നും വീട്ടിൽ ആരുമില്ലാത്തതിനാൽ അവിടെ താമസിപ്പിച്ചുവെന്നും ഈ സ്ത്രീ പൊലീസിന് നൽകിയ മൊഴിയിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട്. ആർ.എസ്.എസുകാരനായ കൊലക്കേസിലെ പ്രതിയെ നേരത്തെ തന്നെ നേരിട്ടറിയാവുന്ന സ്ത്രീ ഒളിവിൽ താമസിപ്പിച്ചു എന്നത് ആർ.എസ്.എസ് ബന്ധമല്ലാതെ മറ്റെന്താണ്? -അദ്ദേഹം ചോദിച്ചു. രേഷ്മയുടേത് സി.പി.എം കുടുംബമാണെന്ന വാദം വാസ്തവവിരുദ്ധമാണെന്നും എം.വി ജയരാജൻ വ്യക്തമാക്കി.

രേഷ്മ ഗൾഫിലെ കട്ട സഖാവ്

കണ്ണൂരിൽ കൊലക്കേസ് പ്രതിയായ ആർ എസ് എസ് പ്രവർത്തകനെ ഒളിപ്പിച്ചതിന് വിവാദത്തിലായ രേഷ്മ മുൻ പ്രവാസിയാണ്. രേഷ്മയും ഭർത്താവ് പ്രശാന്തും മുമ്പ് സൗദി അറേബ്യയിലായിരുന്നു. അവിടെ സി.പി.എം പ്രവാസി സംഘടനയായ ഖസീം പ്രവാസി സംഘത്തിൻറെ പ്രധാനഭാരവാഹികളായിരുന്നു ഇരുവരും.

ബുറൈദ ഇൻറർനാഷനൽ ഇന്ത്യൻ സ്‌കൂൾ അധ്യാപികയായിരുന്ന രേഷ്മ ഖസീം പ്രവാസി സംഘത്തിൻറെ വനിതാ സംഘടന ‘സർഗശ്രീ’യുടെ കേന്ദ്രകമ്മിറ്റി സെക്രട്ടറിയായിരുന്നു. പത്ത് വർഷത്തോളം ബുറൈദയിലായിരുന്നു രേഷ്മയുടെ ഭർത്താവ് പ്രശാന്തിന്റെ ജോലി. ഇവിടുള്ള സുഹൃത്തുക്കൾക്കും സാമൂഹ്യ പ്രവർത്തകർക്കും അറിയാവുന്ന പ്രശാന്ത് ഒരു ഉറച്ച സിപിഎമ്മുകാരനാണ്. ഖസീം പ്രവാസി സംഘത്തിൻറെ പ്രസിഡൻറ്​, രക്ഷാധികാരി പദവികൾ ഇദ്ദേഹം ദീർഘകാലം വഹിച്ചിരുന്നു. രേഷ്മയുടെ അറസ്റ്റോടെ പ്രതിരോധത്തിലായ സിപിഎം ജില്ലാ സെക്രട്ടറി എം വി ജയരാജൻ ഇരുവരെയും തള്ളിപ്പറഞ്ഞതിന്റെ ഞെട്ടലിലാണ് സൗദിയിലെ പഴയ സഹപ്രവർത്തകരും ബുറൈദയിലെ മലയാളി സമൂഹവും.

ദീർഘകാലം ബുറൈദയിൽ പ്രവാസിയായിരുന്ന പ്രശാന്ത്​ ഒരു സ്വകാര്യ മെയിൻറനൻസ്​ കമ്പനിയിൽ ജീവനക്കാരനായിരുന്നു. നാട്ടിൽ വെച്ച്​ തന്നെ അടിയുറച്ച സി.പി.എം പ്രവർത്തകനെന്ന നിലയിൽ സൗദിയിലെത്തിയ ശേഷം പ്രവാസി സംഘവുമായി ബന്ധപ്പെട്ട്​ വളരെ വേഗം നേതൃപദവിയിലേക്ക്​ ഉയർന്നുവരികയായിരുന്നു. ഈ ദമ്പതികൾ മുൻനിരയിൽ ഇല്ലാത്ത ഒരു പരിപാടിയും ആ കാലയളവിൽ ബുറൈദയിലെ പാർട്ടി പ്രവർത്തകർക്ക് ഇല്ലായിരുന്നു. കക്ഷിഭേദമില്ലാതെ മലയാളി സമൂഹം സംഘടിപ്പിച്ച പൊതുപരിപാടികളിലും ഇരുവരും സജീവമായിരുന്നു.

രേഷ്മ പ്രവാസം അവസാനിപ്പിച്ച്​ മടങ്ങിയപ്പോൾ സർഗശ്രീ വിപുലമായ യാത്രയയപ്പ് നൽകിയതിൻറെ വാർത്ത പ്രസിദ്ധീകരിച്ച പത്രകട്ടിങ്ങുകളും പുറത്തുവന്നിട്ടുണ്ട്​. അഞ്ചുവർഷം മുമ്പാണ്​​ സ്വകാര്യ കമ്പനി ജോലി ഉപേക്ഷിച്ച്​ പ്രശാന്തും നാട്ടിലേക്ക്​ മടങ്ങിയത്​.

‘ഇതുവരെ പ്രവർത്തിച്ചത് സിപിഎമ്മിന് വേണ്ടി; ഇപ്പോൾ അവർ തന്നെ കള്ളക്കഥ പടച്ചുവിടുന്നു’

പുന്നോൽ ഹരിദാസൻ വധത്തിലെ പ്രതിയെ ഒളിവിൽ താമസിപ്പിച്ച സംഭവത്തിൽ അധ്യാപിക അറസ്റ്റിലായതിന് പിന്നാലെ പല വാദങ്ങളുമായാണ് സിപിഎം പ്രവർത്തകർ എത്തുന്നത്. രേഷ്മ ആർഎസ്എസ് അനുഭാവിയാണെന്നും അവർ ചെയ്ത ‘പുണ്യപ്രവൃത്തി’യിൽ ആക്ഷേപവുമായി സിപിഎം ജില്ലാ സെക്രട്ടറി എംവി ജയരാജൻ തന്നെ എത്തുകയും ചെയ്തു. എന്നാൽ ഇതിനെയെല്ലാം പ്രതിരോധിക്കുന്ന വാദങ്ങളാണ് രേഷ്മയുടെ കുടുംബം ഉയർത്തുന്നത്. സദാചാര പ്രശ്‌നങ്ങളുടെ മറവിൽ കടന്നാക്രമണം നടത്തുന്ന സിപിഎം സൈബർ സഖാക്കൾക്ക് മുന്നിൽ ഭർത്താവിന്റെ അറിവോടെ തന്നെയാണ് രേഷ്മ വീട് നൽകിയതെന്ന് വ്യക്തമാകുന്നു. ഇതുവരെ സിപിഎമ്മിന് വേണ്ടി പ്രവർത്തിച്ചിട്ടും അവർ തന്നെ ഇപ്പോൾ കള്ളക്കഥകൾ പടച്ചുവിടുന്നെന്നാണ് മാതാപിതാക്കളുടെ വാദം.

സിപിഎം സൈബർ സഖാക്കൾ പ്രചരിപ്പിക്കുന്നതെല്ലാം കള്ളക്കഥയാണ്. നിജിൽ ദാസുമായി രേഷ്മയ്ക്ക് ഒരു ബന്ധവുമില്ലെന്ന് ബന്ധുക്കൾ പറയുന്നു. രേഷ്മയുടെ സുഹൃത്തിന്റെ ഭർത്താവ് എന്ന നിലയ്ക്കാണ് വീടു നൽകിയതെന്ന് രേഷ്മയുടെ പിതാവ് രാജൻ പറയുന്നു. അമ്മയുടെ ചെറുപ്പകാലം മുതലുള്ള സുഹൃത്താണ് നിജിൽദാസിന്റെ ഭാര്യ ദിപിന എന്ന് രേഷ്മയുടെ മകളും പറഞ്ഞു.

‘ദിപിന ആന്റി ആവശ്യപ്പെട്ടിട്ടാണ് അമ്മ വീട് നൽകിയത്. 4 ദിവസത്തേക്കാണ് വീടു നൽകിയത്’. വീട്ടിൽ കുറച്ചു പ്രശ്‌നങ്ങളുള്ളതിനാൽ മാറി നിൽക്കണമെന്ന് അമ്മയോടു പറഞ്ഞത് ദിപിനയാണെന്നും രേഷ്മയുടെ മകൾ പറഞ്ഞു. എഗ്രിമെന്റ് തയാറാക്കി ഒപ്പിട്ടു വാങ്ങിയ ശേഷമാണ് വീടു നൽകിയതെന്ന് രേഷ്മയുടെ അച്ഛൻ പറഞ്ഞു. ദിവസം 1500 രൂപ വാടക എന്നായിരുന്നു കരാർ. ദിപിന ഇപ്പോൾ നഴ്‌സായി ജോലി ചെയ്യുകയാണ്. എരഞ്ഞോളി വടക്കുംഭാഗം പ്രദേശത്താണ് രേഷ്മയുടെയും ദിപിനയുടെയും വീട്. കുട്ടിക്കാലം മുതൽ ഇവർ ഉറ്റ സുഹൃത്തുക്കളുമായിരുന്നു.

അടുത്തകൂട്ടുകാരിയുടെ ഭർത്താവായതിനാലാണു വീടു നൽകിയതെന്ന് രേഷ്മയുടെ മാതാപിതാക്കളും ഉറപ്പിച്ചു പറയുന്നു. ‘മകളുടെ ഭർത്താവ് പ്രശാന്തിന്റെയും ഞങ്ങളുടെയും സമ്മതത്തോടെയാണ് എഗ്രിമെന്റ് എഴുതി വാങ്ങി വീട് വാടകയ്ക്ക് കൊടുത്തത്. പക്ഷേ, ഇന്നലെ പുലർച്ചെ, പൊലീസ് വീട്ടിൽ വന്നതോടെയാണ് അബദ്ധം പറ്റിയതായി മനസ്സിലായത്. കൊലക്കേസ് പ്രതിയാണെന്ന് അറിഞ്ഞിരുന്നില്ല’ രാജൻ പറഞ്ഞു.

മകളെക്കുറിച്ച് സിപിഎം കേന്ദ്രങ്ങളിൽനിന്നു വരുന്ന പ്രചാരണം കേട്ടു നടുങ്ങിയിരിക്കുകയാണ് ആണ്ടലൂർകാവ് ശ്രീനന്ദനം വീട്ടിൽ രാജനും ഭാര്യയും. കൊലക്കേസ് പ്രതിയുമായി രേഷ്മയ്ക്ക് അവിഹിത ബന്ധമുണ്ടായിരുന്നെന്ന തരത്തിലാണ് കഥകൾ വരുന്നത്. ഞങ്ങൾ പാരമ്പര്യമായി സിപിഎമ്മുകാരാണ്. ഇതുവരെ ചെയ്തതും പ്രവർത്തിച്ചതുമെല്ലാം പാർട്ടിക്കുവേണ്ടി മാത്രം. പക്ഷേ, അവസാനം ഇങ്ങനെ വന്നല്ലോ എന്നു പറഞ്ഞ് വിതുമ്പുകയാണ് രേഷ്മയുടെ അമ്മ.

പുന്നോൽ അമൃതവിദ്യാലയത്തിലെ ഇൻസ്ട്രക്ടറാണ് രേഷ്മ. ഇംഗ്ലിഷ് ആണ് വിഷയം. മികച്ച വിദ്യാഭ്യാസ യോഗ്യതയുമുണ്ട്. ചില സംഘടനകൾ ഏർപ്പെടുത്തിയ മികച്ച അദ്ധ്യാപികയ്ക്കുള്ള പുരസ്‌കാരവും രേഷ്മയ്ക്ക് അടുത്തിടെ ലഭിച്ചിരുന്നു. തിരുവനന്തപുരത്തു നടന്ന ചടങ്ങിൽ മന്ത്രി ആന്റണി രാജുവാണ് പുരസ്‌കാരം നൽകിയത്. സ്‌കൂളിന്റെ ഔദ്യോഗിക ഫേസ്‌ബുക് പേജിലും രേഷ്മ പുരസ്‌കാരം ഏറ്റുവാങ്ങുന്ന ചിത്രം പങ്കുവച്ചിട്ടുണ്ട്.

മകളെപ്പറ്റി പ്രചരിക്കുന്നതെല്ലാം അസത്യങ്ങളാണ്. പാർട്ടിയുടെ ഉരുക്കുകോട്ടയ്ക്കടുത്ത്, പിണറായി വിജയന്റെ വീടിന്റെ തൊട്ടടുത്ത് സിപിഎം പ്രവർത്തകനെ കൊന്ന പ്രതി ഒളിവിൽ കഴിഞ്ഞതിന്റെ സുരക്ഷാവീഴ്ചയും നാണക്കേടുമെല്ലാം മറയ്ക്കാൻ അവർ തന്റെ മകൾക്കെതിരെ ഇപ്പോൾ കള്ളക്കഥകൾ പടച്ചുവിടുകയാണെന്നും ആ മാതാപിതാക്കൾ പറയുന്നു. വാട്‌സാപ്പിൽ വരുന്ന വാർത്തകൾ കണ്ട് സഹിക്കാനാവുന്നില്ലെന്ന് പ്ലസ് വൺ വിദ്യാർത്ഥിയായ രേഷ്മയുടെ മകളും പറയുന്നു.

പ്രശാന്തിന്റെ വീട്ടുകാരും പാർട്ടിക്കാരാണ്. പ്രശാന്തിന്റെ അച്ഛൻ മൂർക്കോത്ത് വേണു പിണറായി വിജയന്റെ അടുപ്പക്കാരനുമാണെന്ന് പ്രശാന്തിന്റെ ബന്ധുക്കൾ പറയുന്നു. ‘ആർഎസ്എസ് പ്രവർത്തകരാണ്, ബിജെപി പ്രവർത്തകരാണ് എന്നൊക്കെയാണ് ഇപ്പോൾ പാർട്ടിക്കാർ ഞങ്ങളെപ്പറ്റി പറയുന്നത്. അതു തെറ്റാണ്. ഇപ്പോഴും ഞങ്ങൾ സിപിഎമ്മുകാരാണ്’ രേഷ്മയുടെ മാതാപിതാക്കൾ വ്യക്തമാക്കുന്നു.

പാണ്ട്യാല മുക്കിലുള്ളത് പ്രശാന്തിന്റെ തറവാട്ടു വീടാണ്. ഈ വീട് പ്രശാന്ത് സ്വന്തം പേരിലാക്കുകയും പുതുക്കിപ്പണിയുകയും ചെയ്തതോടെ പ്രശാന്തിന്റെ അമ്മയും സഹോദരങ്ങളും ഇവരുമായി സ്വരച്ചേർച്ചയിലല്ല. രണ്ടു വർഷം മുൻപു നിർമ്മിച്ച പാണ്ട്യാല മുക്കിലെ പ്രശാന്തിന്റെ ഈ വീട്ടിലാണ് നിജിൽദാസ് ഒളിച്ചു താമസിച്ചതും തുടർന്ന് അറസ്റ്റിലായതും. ഈ വീടിന്റെ ചുറ്റുവട്ടത്തെല്ലാം പ്രശാന്തിന്റെ സഹോദരങ്ങളാണ് താമസിക്കുന്നത്.

നിജിലിന് വാടകയ്ക്കു നൽകുന്നതിനു മുൻപ് ‘പിണറായി പെരുമ’ എന്ന പരിപാടിയിൽ പങ്കെടുക്കാനെത്തിയ കലാകാരന്മാർക്കും പാർട്ടി പ്രവർത്തകർക്കുമാണ് വീട് വാടകയ്ക്ക് നൽകിയിരുന്നത്. അവർ ഒഴിഞ്ഞതിനു ശേഷം വീട് വെറുതേ കിടക്കുകയായിരുന്നു. ഈ സമയത്താണ് രേഷ്മയോട് സുഹൃത്ത് ദിപിന ഭർത്താവിനുവേണ്ടി വീട് നാലു ദിവസത്തേക്ക് തരാമോ എന്നാവശ്യപ്പെടുന്നെതന്നും രേഷ്മയുടെ വീട്ടുകാർ പറയുന്നു. രേഷ്മ നിജിൽ ദാസിനു ഭക്ഷണമെത്തിച്ചു നൽകിയെന്നുള്ള ആരോപണം തെറ്റാണെന്നും ഇവർ പറയുന്നു.

പ്രശാന്തിന്റെ ആണ്ടലൂർക്കാവിലുള്ള വീട്ടിലാണ് രേഷ്മയും രണ്ടു മക്കളും രേഷ്മയുടെ മാതാപിതാക്കളും താമസിക്കുന്നത്. കഴിഞ്ഞ മാസം 23നാണ് പ്രശാന്ത് സൗദിയിലേക്കു മടങ്ങിപ്പോയത്. കോവിഡ് മൂലം പ്രശാന്ത് ഏറെ നാൾ നാട്ടിലുണ്ടായിരുന്നു. വീട് അടിച്ചുവാരാനും വൃത്തിയാക്കാനുമെല്ലാം രേഷ്മ ഇടയ്ക്കിടെ പാണ്ട്യാല മുക്കിലെ വീട്ടിൽ പോകാറുണ്ട്. സ്ഥിരമായി ആർക്കും ഈ വീട് വാടകയ്ക്കു നൽകിയിരുന്നില്ല. താൽക്കാലിക ആവശ്യങ്ങൾക്കു വരുന്നവർക്കായി ദിവസ വാടകയ്ക്കാണ് വീടു നൽകിയിരുന്നത്. 1500 രൂപയാണ് ദിവസ വാടക ഈടാക്കിയിരുന്നത്.

പ്രതിയെ ഒളിപ്പിച്ചത് കൊലക്കേസ് പ്രതിയെന്ന് അറിഞ്ഞ് തന്നെ

സിപിഎം പ്രവർത്തകൻ പുന്നോൽ ഹരിദാസ് വധക്കേസ് പ്രതി ആർഎസ്എസ് പ്രവർത്തകൻ നിജിൽ ദാസിനെ രേഷ്മ ഒളിപ്പിച്ചത് കൊലക്കേസ് പ്രതിയെന്ന് അറിഞ്ഞുകൊണ്ട് തന്നെയെന്ന് റിമാൻഡ് റിപ്പോർട്ട് പുറത്തുവന്നിട്ടുണ്ട്. രേഷ്മയുടെ പങ്കിൽ വിശദമായ അന്വേഷണം വേണമെന്നും പൊലീസ് ആവശ്യപ്പെടുന്നു. പുന്നോൽ ഹരിദാസനെ കൊലപ്പെടുത്തിയ കേസിൽ മുഖ്യപങ്കുവഹിച്ച നിജിൽ ദാസ് പലവീടുകളിലായി ഒളിവിൽ കഴിയുകയായിരുന്നു. വിഷുവിന് ശേഷമാണ് പിണറായി പാണ്ട്യാലമുക്കിലെ വീട്ടിലേക്ക് പ്രതി എത്തിയത്.

ഇതിന് സഹായിച്ചത് പുന്നോലിലെ അമൃത വിദ്യാലയത്തിലെ ടീച്ചറായ രേഷ്മയാണ്. രേഷ്മയുടെ ഭ‍ർത്താവ് പ്രവാസിയാണ്. പുതുതായി പണിത വീട് വാടകയ്ക്ക് നൽകി വരാറുണ്ട്. എന്നാൽ കൊലക്കേസ് പ്രതിയാണെന്ന് അറിഞ്ഞുകൊണ്ട് തന്നെ രേഷ്മ നിജിൽ ദാസിന് താമസ സൗകര്യം ഒരുക്കുകയും ഭക്ഷണം എത്തിച്ചുനൽകുകയും ചെയ്തു. മുഖ്യമന്ത്രിയുടെ വീടിനടുത്ത് സിപിഎം ശക്തി കേന്ദ്രത്തിലാണ് ആർഎസ്എസുകാരൻ ഒളിവിലായത് എന്ന വാർത്ത പരന്നതിന് പിന്നാലെ വീടിന് നേരെ ബോംബേറുണ്ടായി.

LEAVE A REPLY

Please enter your comment!
Please enter your name here