പാലക്കാട് ശ്രീനിവാസൻ വധത്തിൽ രണ്ട് പേർ കൂടി പിടിയിൽ

0

പാലക്കാട്: പാലക്കാട്ടെ ആർഎസ്എസ് നേതാവ് ശ്രീനിവാസൻ്റെ കൊലപാതകത്തിൽ രണ്ടുപേർ കൂടി പിടിയിലായി. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത ഇഖ്ബാൽ, ഗൂഢാലോചനയിൽ പങ്കെടുത്ത ഫയാസ് എന്നിവരെയാണ് കസ്റ്റഡിയിൽ എടുത്തത്. കൊലയാളി സംഘത്തിലെ മറ്റ് അഞ്ചുപേരെ കുറിച്ചും കൃത്യമായ വിവരം ലഭിച്ചിട്ടുണ്ടെന്നും ഐജി അശോക് യാദവ് പറഞ്ഞു.

അതേസമയം ആറംഗ കൊലയാളി സംഘത്തിലെ ഒരാൾ നേരത്തെ പിടിയിലായിരുന്നു. കോങ്ങാട് സ്വദേശി ബിലാലാണ് പിടിയിലായത്. കഴിഞ്ഞ ദിവസം കസ്റ്റഡിയിലായ മൂന്ന് പേരെ കോടതി റിമാന്റ് ചെയ്തു. സദ്ദാം ഹുസൈൻ, അഷ്ഫാഖ്, അഷ്റഫ് എന്നിവരെയാണ് റിമാന്റ് ചെയ്തത്.

കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ പാലക്കാട് ജില്ലയിൽ പ്രഖ്യാപിച്ച നിരോധനാജ്ഞ ഏപ്രിൽ 24 വരെ തുടരുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ഏപ്രിൽ 16-ന് പ്രഖ്യാപിച്ച നിരോധനാജ്ഞയാണ് ഇപ്പോൾ നീട്ടിയത്. ഉത്തരവ് പ്രകാരം പൊതുസ്ഥലങ്ങളിൽ അഞ്ചോ അതിലധികമോ ആളുകൾ ഒത്തു ചേരുന്നത് നിരോധിച്ചിട്ടുണ്ട്. പൊതുസ്ഥലങ്ങളിൽ യോഗങ്ങളോ പ്രകടനങ്ങളോ ഘോഷയാത്രകളോ പാടില്ല. അവശ്യസേവനങ്ങൾക്കും ലോ എൻഫോഴ്‌സ്‌മെന്റ് ഏജൻസികൾക്കും ഉത്തരവ് ബാധകമല്ല.
‘ശ്രീനിവാസന്റെ വധത്തിൽ പ്രതികൾക്ക് സിപിഎം ബന്ധം’
ആർഎസ്എസ് പ്രവർത്തകൻ ശ്രീനിവാസന്റെ വധത്തിൽ പ്രതികൾക്ക് സിപിഎം ബന്ധമുണ്ടെന്ന് ബിജെപി. ശ്രീനിവാസൻ വധത്തിന്റെ ഗൂഢാലോചന നടന്നത് ശങ്കുവാരത്തോട് പള്ളിയിലാണെന്ന് ബിജെപി പാലക്കാട് ജില്ലാ പ്രസിഡന്റ് സി കൃഷ്ണകുമാർ പറഞ്ഞു. വാർത്താസമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ശങ്കുവാരത്തോട് പള്ളി റവന്യു പുറംപോക്ക് കൈയ്യേറിയാണ് നിർമ്മിച്ചിട്ടുള്ളതെന്നും ഈ പള്ളിയിലാണ് കൊലപാതകം ആസൂത്രണം നടന്നിട്ടുളളതെന്നും അദ്ദേഹം പറഞ്ഞു. സിപിഎം ജില്ലാ സെക്രട്ടറിയുടെ പ്രസ്താവന എസ്ഡിപിഐക്ക് ശ്രീനിവാസനെ കൊല്ലാനുള്ള ഊർജമായി മാറി. ശ്രീനിവാസൻ കൊലപാതകത്തിൽ പിടിയിലായ പ്രതികളിൽ പലർക്കും സിപിഎം ബന്ധമുണ്ട്. പ്രതികളുടെ രാഷ്ട്രീയ ബന്ധം സംബന്ധിച്ച് പറയാൻ സിപിഎം തയ്യാറുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.

മുസ്ലിം ആരാധനാലയം തീവ്രവാദ പ്രവർത്തനത്തിന് ഉപയോഗിക്കുകയാണ് പോപ്പുലർ ഫ്രണ്ടെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. വിശുദ്ധ റംസാൻ മാസത്തിൽ ആരാധനാലയം കൊലയാളികളെ ഒളിപ്പിക്കാൻ ശ്രമിച്ചതിൽ പോപ്പുലർ ഫ്രണ്ടിനെ തള്ളി പറയാൻ മുസ്ലിം മത പണ്ഡിതന്മാർ തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു.
കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് സ്ഥലം എംഎൽഎ ഷാഫി പറമ്പിൽ മത കലഹത്തിലേക്ക് പോവരുതെന്നാണ് പറഞ്ഞതെന്ന് ചൂണ്ടിക്കാട്ടിയ ബിജെപി നേതാവ് കെഎം ഹരിദാസ്, എംഎൽഎ ശംഖുവാരത്തോട് പള്ളിയിൽ കൊലപാതകികളെ ഒളിപ്പിച്ചതിൽ മൗനം പാലിക്കുന്നുവെന്നും കുറ്റപ്പെടുത്തി. പാലക്കാട് കൊല്ലപ്പെട്ട ശ്രീനിവാസന്റെ വീട് സന്ദർശിക്കാൻ സ്ഥലം എംപിയോ എംഎൽഎയോ തയ്യാറാവുന്നില്ല. എസ്‌ഡിപിഐ നേതാവിനും സിപിഎം ജില്ലാ സെക്രട്ടറിക്കും ഒരേ സ്വരമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here