പ്രണയ തട്ടിപ്പുമായി ബന്ധപ്പെട്ട് ഒളിവില്‍ കഴിഞ്ഞിരുന്ന നാലാമത്തെ പ്രതിയും പിടിയിലായി

0

കടുത്തുരുത്തി: പ്രണയ തട്ടിപ്പുമായി ബന്ധപ്പെട്ട് ഒളിവില്‍ കഴിഞ്ഞിരുന്ന നാലാമത്തെ പ്രതിയും പിടിയിലായി. ഇതോടെ കേസിലെ എല്ലാ പ്രതികളും പിടിയിലായി. കണ്ണൂര്‍ കടലായി മാവിലക്കണ്ടി വീട്ടില്‍ സങ്കീര്‍ത്ത് (22) ആണ് ശനിയാഴ്ച പിടിയിലായത്.

കടുത്തുരുത്തി എസ്.എച്ച്.ഒ. കെ.ജെ.തോമസ്, എസ്.ഐ. വിബിന്‍ ചന്ദ്രന്‍ എന്നിവരുടെ നിര്‍ദേശപ്രകാരം എ.എസ്.ഐ. വി.വി.റോജിമോന്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ അനൂപ് അപ്പുക്കുട്ടന്‍, എ.കെ.പ്രവീണ്‍കുമാര്‍ എന്നിവരാണ് പ്രതികളെ കണ്ണൂരിലെത്തി പിടികൂടിയത്. 17-ഉം 16-ഉം വയസ്സുപ്രായമുള്ള പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ഥികളായ മൂന്ന് പെണ്‍കുട്ടികളുടെ മൊഴിപ്രകാരം എടുത്ത കേസിലാണ് നാലുപേരും അറസ്റ്റിലായത്.

പ്രണയ തട്ടിപ്പുമായി ബന്ധപ്പെട്ട് കടുത്തുരുത്തി പോലീസ് കേസ് അന്വേഷണം കൂടുതല്‍ മേഖലകളിലേക്കു വ്യാപിക്കുന്നു. അന്വേഷണത്തിന്റെ ഭാഗമായി സൈബര്‍ സെല്ലിന്റെ സഹായവും തേടിയിട്ടുണ്ട്. കടുത്തുരുത്തി മേഖലയില്‍നിന്ന് അടുത്ത നാളുകളില്‍ കാണാതായിട്ടുള്ള പെണ്‍കുട്ടികളുടെയും യുവതികളുടെയും ഫോണ്‍കോളുകളുടെ വിവരങ്ങളും പോലീസ് ശേഖരിക്കുന്നുണ്ട്.

പോലീസ് അറസ്റ്റുചെയ്ത പ്രതികളുടെയും ഇവര്‍ പ്രണയത്തില്‍ കുരുക്കിയ പെണ്‍കുട്ടികളുടെയും ഇവരുമായും ബന്ധപ്പെട്ടിട്ടുള്ള സകല ആളുകളുടെയും ഫോണ്‍ സംഭാഷണങ്ങളും പോലീസ് ശേഖരിച്ചിട്ടുണ്ട്. പ്രാദേശികമായി സംശയത്തിന്റെ നിഴലില്‍ നില്‍ക്കുന്ന ചിലയാളുകളെയും പോലീസ് നിരീക്ഷിക്കുന്നുണ്ട്. ഇവരില്‍ ഉന്നത ബന്ധങ്ങളുള്ളവരും ഉള്‍പ്പെടുമെന്നാണറിയുന്നത്.

കടുത്തുരുത്തി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ മാത്രം ഇത്തരത്തില്‍ 35-ല്‍ അധികം ആളുകളുടെ ഫോണ്‍കോളുകളുടെ വിവരങ്ങളാണ് ഇതിനോടകം ശേഖരിച്ചിരിക്കുന്നത്. അടുത്തകാലങ്ങളില്‍ കാണാതായ പല പെണ്‍കുട്ടികളും മലബാര്‍ മേഖലയിലേക്കാണ് ആദ്യമെത്തിയിരിക്കുന്നത്. പിന്നീട് ഇവരില്‍ പലരെപ്പറ്റിയുമുള്ള യാതൊരു വിവരങ്ങളും വീട്ടുകാര്‍ക്കുപോലും ലഭ്യമല്ലെന്നതാണ് യാഥാര്‍ഥ്യം.

പ്രണയത്തട്ടിപ്പില്‍ പോലീസിന്റെ അന്വേഷണവും നാട്ടുകാരുടെ ജാഗ്രതയും ശക്തമായതോടെ ഈ ലക്ഷ്യത്തിനായി നാട്ടിലെത്തിയ സംഘാംഗങ്ങളില്‍ പലരും നാട്ടിലേക്ക് മടങ്ങിയതായിട്ടാണറിയുന്നത്. സ്‌പെഷ്യല്‍ ബ്രാഞ്ചും ഇന്റലിജന്റ്‌സ് വിഭാഗവും അന്വേഷണം നടത്തുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here