കെഎസ്ആർടിസിയിൽ പകുതി ശമ്പളത്തോടെ അഞ്ചുവർഷം വരെ അവധിയെടുക്കാം; ആദ്യ ഘട്ടത്തിൽ ഫർലോ ലീവ് നേടിയത് 47 ജീവനക്കാർ; പ്രതിമാസം 10 ലക്ഷം രൂപ ലാഭമെന്ന് മാനേജ്മെന്റ്

0

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി യിൽ ഫർലോ ലീവ് ( ഭാ​ഗീക ശമ്പളത്തോട് കൂടിയുള്ള അവധി) സമ്പ്രദായം നടപ്പിലാക്കി തുടങ്ങി. കെ.എസ്.ആർ.ടി.സി യിലെ അംഗീകൃത തൊഴിലാളി സംഘടനാ പ്രതിനിധികളും മാനേജ്മെന്റും ചേർന്ൻ ഒപ്പ് വച്ച സേവന വേതന കരാർ 2021 അടിസ്ഥാനമാക്കിയാണ് പുതിയ പരിഷ്കാരം. കണ്ടക്ടർ വിഭാഗത്തിൽപെട്ട 37 ജീവനക്കാരും, 10 മെക്കാനിക്കൽ വിഭാ​ഗം ജീവനക്കാരുമാണ് ആദ്യഘട്ടത്തിൽ ഫർലോ ലീവ് നേടിയത്. അൻപത് ശതമാനം ശമ്പളത്തോടു കൂടി പരമാവധി അഞ്ച് വർഷക്കാലം വരെയാണ് ഇത്തരത്തിൽ അവധിയെടുക്കാനാകുക. ഈ 47 പേരുടെ ശമ്പള ഇനത്തിൽ തന്നെ പ്രതിമാസം 10 ലക്ഷം രൂപ കെഎസ്ആർടിസിക്ക് ലാഭിക്കാനാകും.

ഫർലോയ്ക്ക് ഇത്രയേറെ പ്രതികരണം ലഭിച്ച സാഹചര്യത്തിൽ ഉന്നത ഉദ്യോ​ഗസ്ഥർക്കും, ഓഫീസ് വിഭാ​ഗം ജീവനക്കാർക്കും ഈ പദ്ധതി നടപ്പാക്കും. ഇതിൽ അപേക്ഷിക്കാനുള്ള പ്രായപരിധിയായ 45 വയസ് എന്നത് കുറയ്ക്കുന്ന കാര്യം ബോർഡിന്റെ സജീവ പരി​ഗണനയിലുമാണെന്നും കെഎസ്ആർടിസി അറിയിച്ചു. ഫർലോ ലീവ് എടുക്കുന്ന ജീവനക്കാർക്ക് , ജോലിയിലുള്ള ജീവനക്കാരോടൊപ്പം തന്നെ കൃത്യമായി ശമ്പളം നൽകുമെന്നും അതിന് വേണ്ട പരിഷ്കാരങ്ങൾ സ്പാർക്കിൽ വരുത്തുന്നതിന് വേണ്ടി എൻ.ഐ.സിയോട് അഭ്യർത്ഥിക്കുകയും ചെയ്തിട്ടുണ്ട്.

പകുതി ശമ്പളത്തിൽ നിന്നും നിലവിലുള്ള ഡിപ്പാർട്ട്മെന്റ്ൽ / നോൺ ഡിപ്പാർട്ട്മെന്റ്ൽ റിക്കവറികൾ കഴിച്ചുള്ള തുകയാവും ഫർലോ
സമ്പ്രദായത്തിൽ വരുന്ന ജീവനക്കാർക്ക് നൽകുക. അവധിയിൽ ഇരിക്കുന്ന ജീവനക്കാരിന് (ഫർലോ കാലയളവിൽ) വാർഷിക ഇൻക്രിമെന്റ്, പെൻഷൻ എന്നിവ കണക്കാക്കും എന്നതാണ് ഇതിന്റെ പ്രത്യേകത. എന്നാൽ ഗ്രേഡ് പ്രൊമോഷൻ ഉൾപ്പടെയുള്ള പ്രോമോഷനുകൾക്ക് ഈ കാലയളവ് പരിഗണിക്കുകയില്ല. കൊവിഡ് സൃഷ്ടിച്ച പ്രതിസന്ധി തരണം ചെയ്ത് വരുന്ന കോർപ്പറേഷന് ഫർലോ സമ്പ്രദായം ഗുണകരമാകുമെന്നാണ് കോർപ്പറേഷന്റെ വിലയിരുത്തൽ. കേരളത്തിൽ ആദ്യമായാണ് സർക്കാർ / പൊതുമേഖല സ്ഥാപനങ്ങളിൽ ഫർലോ ലീവ് സമ്പ്രദായം നടപ്പിലാക്കുന്നത്

LEAVE A REPLY

Please enter your comment!
Please enter your name here