സന്തോഷ്‌ ട്രോഫി ഫുട്‌ബോളില്‍ പതിനായിരങ്ങളെ സാക്ഷിയാക്കി കേരളം ബംഗാളിനെ മുട്ടുകുത്തിച്ചു

0

മലപ്പുറം : സന്തോഷ്‌ ട്രോഫി ഫുട്‌ബോളില്‍ പതിനായിരങ്ങളെ സാക്ഷിയാക്കി കേരളം ബംഗാളിനെ മുട്ടുകുത്തിച്ചു. ആവേശകരമായ മത്സരത്തില്‍ അവസാന മിനിറ്റുകളില്‍ നേടിയ രണ്ടു ഗോളുകളിലാണു കേരളം ഏകപക്ഷീയമായ ജയം കുറിച്ചത്‌.
പയ്യനാട്‌ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരം കാണാന്‍ കാല്‍ ലക്ഷം ആരാധകരെത്തി. മത്സരത്തില്‍ താരങ്ങളായതു പകരക്കാരാണ്‌. ബംഗാള്‍ ഒരുക്കിയ കരുത്തുറ്റ പ്രതിരോധത്തെ കീഴടക്കി രണ്ടാം പകുതിയില്‍ പകരക്കാരനായി എത്തിയ നൗഫലാണ്‌ ആദ്യ ഗോളടിച്ചത്‌. 84-ാം മിനിറ്റില്‍ നായകന്‍ ജിജോ ജോസഫ്‌ നല്‍കിയ പാസില്‍ ബംഗാളിന്റെ ഒരു പ്രതിരോധ താരത്തെയും മികച്ച ഫോമിലുള്ള ഗോള്‍ കീപ്പറെയും കബളിപ്പിച്ചാണ്‌ നൗഫല്‍ ഗോളടിച്ചത്‌. രണ്ടാം പകുതിയുടെ ഇഞ്ചുറി ടൈമില്‍ പകരക്കാരനായെത്തിയ ജെസിന്‍ കേരളത്തിന്റെ ലീഡ്‌ രണ്ടാക്കി.
യോഗ്യതാ റൗണ്ടില്‍ ചുവപ്പ്‌ കാര്‍ഡ്‌ കണ്ട്‌ ഫൈനല്‍ റൗണ്ടിലെ ആദ്യ മത്സരം നഷ്‌ടപ്പെട്ട ഷിഗിലിനെ സ്‌റ്റാര്‍ട്ടിങ്‌ ഇലവനില്‍ ഉല്‍പ്പെടുത്തിയാണു കേരളം ബംഗാളിനെതിരേ ഇറങ്ങിയത്‌. തുടക്കം മുതല്‍ തന്നെ ആക്രമിച്ചു കളിച്ച ഇരുടീമുകള്‍ക്കും അവസരങ്ങള്‍ ലഭിച്ചെങ്കിലും ഓഫ്‌സൈഡ്‌ വില്ലനായി. 11- ാം മിനിറ്റില്‍ കേരളത്തിന്‌ ആദ്യ അവസരം ലഭിച്ചു.
മധ്യനിരയില്‍ നിന്നെത്തിയ വിഘ്‌നേഷ്‌ ബോക്‌സിലേക്ക്‌ നീട്ടിനല്‍കിയ പാസ്‌ ഷിഗിലിന്‌ ലഭിച്ചു. ബോക്‌സില്‍ നിലയുറപ്പിച്ച കേരള താരങ്ങളെ ലക്ഷ്യമാക്കി ക്രോസ്‌ നല്‍കാന്‍ ശ്രമിച്ചെങ്കിലും ബംഗാള്‍ പ്രതിരോധം തട്ടിയകറ്റി.12-ാം മിനിറ്റില്‍ കേരളത്തിന്‌ ലഭിച്ച കോര്‍ണര്‍ മുഹമ്മദ്‌ ഷഹീഫ്‌ ഹെഡറിന്‌ ശ്രമിച്ചെങ്കിലും ബാറിന്‌ മുകളിലൂടെ പുറത്തേക്കു പോയി. 19-ാം മിനിറ്റില്‍ ബംഗാളിന്‌ ആദ്യ അവസരമെത്തി.
പഞ്ചാബിനെതിരേ ആദ്യ മത്സരത്തില്‍ ഗോളടിച്ച സ്‌ട്രൈക്കര്‍ ശുഭം ഭൗമിക്‌ ഗോള്‍ പോസ്‌റ്റ് ലക്ഷ്യമാക്കി അടിച്ചെങ്കിലും ബാറിന്‌ മുകളിലൂടെ പോയി. 22-ാം മിനിറ്റില്‍ കേരളാ ഗോള്‍ കീപ്പര്‍ വി. മിഥുന്‍ നല്‍ക്കിയ പാസില്‍ വരുത്തിയ പിഴവ്‌ ബംഗാള്‍ മധ്യനിരതാരം സജല്‍ ഭാഗിന്‌ അവസരമുണ്ടാക്കി. ഗോള്‍ കീപ്പറുടെ മുകളിലൂടെ പോസ്‌റ്റിലേക്ക്‌ അടിക്കാന്‍ ശ്രമിച്ചെങ്കിലും കിക്ക്‌ ലക്ഷ്യം കാണാതെ പോയി. 25-ാം മിനിറ്റില്‍ കേരള താരം വിഘ്‌നേഷ്‌ ബംഗാള്‍ പോസ്‌റ്റ് ലക്ഷ്യമാക്കി അടിച്ചെങ്കിലും ഗോളായില്ല. 26-ാം മിനിറ്റില്‍ മധ്യനിരതാരം അര്‍ജുന്‍ ജയരാജ്‌ വിങ്ങിലേക്ക്‌ നീട്ടിനല്‍ക്കിയ പാസ്‌ പിന്നില്‍നിന്ന്‌ ഓടിക്കയറിയ നിജോ ഗില്‍ബേര്‍ട്ട്‌ ക്രോസ്‌ നല്‍കാന്‍ ശ്രമിച്ചെങ്കിലും ബംഗാള്‍ ഗോള്‍ കീപ്പറെ മറികടക്കാനായില്ല. 28-ാം മിനിറ്റില്‍ ബംഗാള്‍ താരം ശുഭം ഭൗമിക്‌ നടത്തിയ മുന്നേറ്റം കേരളാ പ്രതിരോധ താരം അജയ്‌ അലക്‌സ് രക്ഷപ്പെടുത്തി.
38-ാം മിനിറ്റില്‍ ഇടതു വിങ്ങില്‍നിന്ന്‌ കേരളത്തിന്‌ ലഭിച്ച ഫ്രീകിക്ക്‌ അര്‍ജുന്‍ ജയരാജ്‌ ഗോള്‍ പോസ്‌റ്റ് ലക്ഷ്യമാക്കിയടിച്ചെങ്കിലും ഗോള്‍ കീപ്പര്‍ രക്ഷപ്പെടുത്തി. ഒന്നാം പകുതിയുടെ ഇഞ്ചുറി ടൈമില്‍ ജിജോ ജോസഫ്‌ ബോക്‌സിന്‌ പുറത്തുനിന്ന്‌ അടിച്ചെങ്കിലും ബാറിന്‌ മുകളിലൂടെ പുറത്തേക്ക്‌ പോയി.
രണ്ടാം പകുതിയില്‍ തുടക്കം മുതല്‍ തന്നെ അക്രമണിത്ത്‌ ശ്രമിച്ച കേരളത്തിന്‌ മിനിറ്റുകള്‍ ഇടവിട്ട്‌ അവസരങ്ങള്‍ ലഭിച്ചു. 48 -ാം മിനിറ്റില്‍ ബംഗാള്‍ പ്രതിരോധ താരം ഗോള്‍ കീപ്പറിന്‌ നല്‍കിയ പാസ്‌ തട്ടിയെടുത്ത ഷിഗില്‍ വിഘ്‌നേഷിന്‌ നല്‍കി. വിഘ്‌്നേഷ്‌ ചിപ്പ്‌ ചെയ്‌തെങ്കിലും ബംഗാള്‍ ഗോള്‍ കീപ്പര്‍ രക്ഷപ്പെടുത്തി. കേരളത്തിന്‌ തുടരെ അവസരങ്ങള്‍ ലഭിച്ചെങ്കിലും ഗോള്‍ മാത്രം വിട്ടുനിന്നു. 68-ാം മിനുട്ടില്‍ ഷിഗിലിനെ വീഴ്‌ത്തിയതിന്‌ ലഭിച്ച ഫ്രീകിക്ക്‌ എടുത്ത അര്‍ജുന്‍ ജയരാജ്‌ ഗോള്‍ പോസ്‌റ്റ് ലക്ഷ്യമാക്കി അടിച്ചെങ്കിലും ഗോള്‍കീപ്പര്‍ തട്ടിയകറ്റി.
ബോക്‌സിന്‌ അകത്തുനിന്ന്‌ ലഭിച്ച അവസരവും ലക്ഷ്യത്തിലെത്തിയില്ല. 71-ാം മിനിറ്റില്‍ വിഘ്‌്നേഷിന്‌ ഗോളെന്ന്‌ ഉറപ്പിച്ച അവസരം ലഭിച്ചെങ്കിലും അവസരം കളഞ്ഞുകുളിച്ചു.
78-ാം മിനിറ്റില്‍ രണ്ടാം പകുതിയില്‍ പകരക്കാരനായി എത്തിയ നൗഫല്‍ ബംഗാള്‍ പ്രതിരോധ താരങ്ങളെ മറികടന്ന്‌ അടിച്ചെങ്കിലും ഗോള്‍ കീപ്പര്‍ പ്രിയന്ത്‌ കുമാര്‍ സിങ്‌ തട്ടിയകറ്റി. 84-ാം മിനിറ്റില്‍ കേരളം ലക്ഷ്യം കണ്ടു. വലതു വിങ്ങില്‍നിന്ന്‌ ബോക്‌സിലേക്ക്‌ ജെസിന്‍ നല്‍ക്കിയ പാസ്‌ ഓടിയെടുത്ത ജിജോ ജോസഫ്‌ ബംഗാളിന്റെ ഗോള്‍ പാസ്‌റ്റിന്‌ മുന്നില്‍ നിലയുറപ്പിച്ച രണ്ടാം പകുതിയില്‍ പകരക്കാരനായി എത്തിയ നൗഫലിന്‌ നല്‍കി.
ഒരു പ്രതിരോധ താരത്തെയും ഗോള്‍ കീപ്പറെയും കബളിപ്പിച്ച്‌ നൗഫല്‍ കേരളത്തിന്‌ ലീഡ്‌ നല്‍കി. 90- ാം മിനിറ്റില്‍ ബംഗാളിന്‌ ലഭിച്ച ഫ്രീകിക്ക്‌ കേരള താരങ്ങളുടെ മുകളിലൂടെ ബോക്‌സിന്‌ അകത്തേക്കു നല്‍കി. ബംഗാള്‍ താരത്തിന്റെ ഗോളെന്ന്‌ ഉറപ്പിച്ച ഹെഡര്‍ ഗോള്‍കീപ്പര്‍ മിഥുന്‍ തട്ടിയകറ്റി. രണ്ടാം പകുതിയുടെ അധിക സമയത്ത്‌ കേരളാ പ്രതിരോധ താരം മുഹമ്മദ്‌ ഷഹീഫ്‌ സ്വന്തം ഹാഫില്‍ നിന്ന്‌ തുടക്കമിട്ട മുന്നേറ്റം വലതു വിങ്ങില്‍ മാര്‍ക്ക്‌ ചെയ്ാതെ നിയന്നിരുന്ന ജെസിന്‌ നല്‍കി. ജെസിന്‍ ഗോളാക്കി മാറ്റി

Leave a Reply