സന്തോഷ്‌ ട്രോഫി ഫുട്‌ബോള്‍ ഫൈനലില്‍ കേരളവും ബംഗാളും തമ്മില്‍ ഏറ്റുമുട്ടും

0

മലപ്പുറം : സന്തോഷ്‌ ട്രോഫി ഫുട്‌ബോള്‍ ഫൈനലില്‍ കേരളവും ബംഗാളും തമ്മില്‍ ഏറ്റുമുട്ടും. മഞ്ചേരി പയ്യനാട്‌ സ്‌റ്റേഡിയത്തില്‍ ഇന്നലെ നടന്ന രണ്ടാം സെമി ഫൈനലില്‍ ബംഗാള്‍ 3-0 ത്തിനു മണിപ്പുരിന്റെ കിരീട മോഹങ്ങളെ തകര്‍ത്തു. 2011 നു ശേഷം ആദ്യമായി സന്തോഷ്‌ ട്രോഫി ഫൈനലില്‍ കളിക്കാമെന്ന മോഹം ബാക്കിയാക്കി മണിപ്പുര്‍ താരങ്ങള്‍ മടങ്ങി. 46 ാം തവണയാണ്‌ ബംഗാള്‍ സന്തോഷ്‌ ട്രോഫി ഫൈനലില്‍ എത്തുന്നത്‌. അതില്‍ 32 തവണ ബംഗാള്‍ ചാമ്പ്യന്‍മാരായി.
സന്തോഷ്‌ ട്രോഫി ചാമ്പ്യന്‍ഷിപ്പില്‍ കേരളവും ബംഗാളും നേര്‍ക്കുനേര്‍ വരുന്നത്‌ ഇത്‌ നാലാം തവണയാണ്‌. 1989,1994 വര്‍ഷങ്ങളിലെ ഫൈനലില്‍ ബംഗാളിനായിരുന്നു വിജയം. അവസാനമായി കേരളവും ബംഗാളും തമ്മില്‍ ഏറ്റുമുട്ടിയപ്പോള്‍ കേരളത്തിന്‌ ആയിരുന്നു വിജയം. 2018 ലെ സന്തോഷ്‌ ട്രോഫി ഫൈനലില്‍ സ്വന്തം മൈതാനത്ത്‌ വെച്ച്‌ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ പരാജയപ്പെടുത്തിയാണ്‌ കേരളം കിരീടം ചൂടിയത്‌. നിലവിലെ കേരളാ ഗോള്‍ കീപ്പര്‍ മിഥുനാണ്‌ കേരളത്തിന്റെ രക്ഷകനായത്‌.
തിങ്കളാഴ്‌ച വൈകിട്ട്‌ എട്ട്‌ മുതല്‍ ഇതേ സ്‌റ്റേഡിയത്തില്‍ കേരളവും ബംഗാളും കിരീടരത്തിനായി ഏറ്റുമുട്ടും. കളിയുടെ രണ്ടാം മിനിറ്റില്‍ തന്നെ മണിപ്പുര്‍ വലയില്‍ പന്തെത്തിക്കാന്‍ ബംഗാളിനായി. സുജിത്‌ സിങാണു മണിപ്പുരിനെ ഞെട്ടിച്ച്‌ ഗോളടിച്ചത്‌. ഏഴാം മിനിറ്റില്‍ മുഹമ്മദ്‌ ഫര്‍ദിന്‍ അലി മൊല്ല മണിപ്പുരിനെ വീണ്ടും ഞെട്ടിച്ചു. 74-ാം മിനിറ്റില്‍ ദിലീപ്‌ ഒറൗണ്‍ ലീഡ്‌ മൂന്നാക്കി. കളിയുടെ അവസാന മിനിറ്റിലും ബംഗാള്‍ മുന്നേറ്റത്തെ പിടിച്ചു നിര്‍ത്താന്‍ മണിപ്പുര്‍ പ്രതിരോധക്കാര്‍ക്കു പെടാപ്പാട്‌ പെടേണ്ടി വന്നു. 32 തവണ ചാമ്പ്യനായ ബംഗാള്‍ 2017 നു ശേഷം ആദ്യമായാണു ഫൈനലില്‍ കളിക്കുന്നത്‌്. എ ഗ്രൂപ്പില്‍ കേരളത്തിനു പിന്നില്‍ രണ്ടാംസ്‌ഥാനത്താണു ബംഗാള്‍ ഫിനിഷ്‌ ചെയ്‌തത്‌. 2011 സീസണിലെ സന്തോഷ്‌ ട്രോഫി ഫൈനലില്‍ മണിപ്പുരിനെ 2-1 നു തോല്‍പ്പിച്ച്‌ കിരീടം നേടിയ ഓര്‍മയിലാണു ബംഗാള്‍ താരങ്ങള്‍ ഇന്നലെ കളിച്ചത്‌.
കിക്ക്‌ ഓഫ്‌ കഴിഞ്ഞ്‌ അടുത്ത മിനിറ്റില്‍ മണിപ്പൂര്‍ വലയില്‍ പന്തെത്തിച്ചു. അപ്രതീക്ഷിതമായി പന്ത്‌ കിട്ടിയ സുജിത്‌ സിങ്‌ പന്തുമായി പ്രതിരോധക്കാരെ വെട്ടിച്ചു മുന്നേറി. തടുക്കാനെത്തിയ ഗോള്‍ കീപ്പര്‍ ചിങ്‌ഖേയി മീതേയ്‌ക്കു പന്തില്‍ തൊടാനായെങ്കിലും വലയില്‍ കയറി. ചിങ്‌ഖേയിയുടെ അലസമായ ക്ലിയറന്‍സ്‌ മുഹമ്മദ്‌ ഫര്‍ദിന്‍ അലി മൊല്ലയ്‌ക്കു ഗോളിലേക്കുള്ള വഴിയായി. പന്ത്‌ കിട്ടിയ അലി മൊല്ല വലയിലാക്കാന്‍ ഒട്ടും വൈകിയില്ല. ആക്രമണ പ്രത്യാക്രമണങ്ങളുമായി കളി മുന്നേറി. മണിപ്പുരിന്റെ തുടരന്‍ മുന്നേറ്റങ്ങള്‍ ബംഗാള്‍ ഗോള്‍ കീപ്പര്‍ പ്രിയന്ത്‌ കുമാര്‍ സിങിനെ മറികടക്കാന്‍ കരുത്തുള്ളതായില്ല. 74-ാം മിനിറ്റിലെ ഒറൗണിന്റെ ഗോള്‍ മനോഹരമായിരുന്നു.
ഗോള്‍ മുഖത്തേക്കു പന്ത്‌ മറിച്ചു നല്‍കാനുള്ള ബംഗാള്‍ താരത്തിന്റെ ശ്രമം മണിപ്പുര്‍ താരങ്ങളെ കാഴ്‌ചക്കാരാക്കി വലയിലേക്കായിരുന്നു. പകരക്കാരന്‍ ഗോള്‍ കീപ്പര്‍ മുഹമ്മദ്‌ അബ്‌ദുജാറിന്‌ പന്ത്‌ വലയില്‍ കയറുന്നതു നോക്കി നില്‍ക്കാനെ കഴിഞ്ഞുള്ളു. കഴിഞ്ഞ മത്സരത്തിലെ സ്‌റ്റാര്‍ട്ടിങ്‌ ഇലവനില്‍നിന്ന്‌ ഒരു മാറ്റവുമായാണ്‌ ബംഗാള്‍ ഇറങ്ങിയത്‌. 32 -ാം മിനിറ്റില്‍ മണിപ്പൂരിന്‌ ആദ്യ അവസരം ലഭിച്ചു. ഉയര്‍ത്തി നല്‍കിയ കോര്‍ണര്‍ കിക്ക്‌ സുധീര്‍ ലൈതോജം ഹെഡ്‌ ചെയ്‌തെങ്കിലും ബംഗാള്‍ ഗോള്‍ കീപ്പര്‍ പ്രിയന്ത്‌ കുമാര്‍ സിങ്‌ തട്ടിയകറ്റി. റീബൗണ്ട്‌ റോമന്‍ സിങ്‌ രണ്ട്‌ തവണ പോസ്‌റ്റിലേക്ക്‌ അടിച്ചെങ്കിലും ഗോള്‍ കീപ്പറും പ്രതിരോധ താരങ്ങളും ചേര്‍ന്നു രക്ഷപ്പെടുത്തി. 41- ാം മിനിറ്റില്‍ മണിപ്പൂരിന്‌ വീണ്ടും അവസരം ലഭിച്ചു. കോര്‍ണര്‍ കിക്ക്‌ ബംഗാള്‍ ഗോള്‍ കീപ്പര്‍ തട്ടിയകറ്റി. റീബൗണ്ട്‌ ജെനിഷ്‌ സിങ്‌ അടിച്ചെങ്കിലും ലക്ഷ്യം കണ്ടില്ല. ഒന്നാം പകുതിയിലെ പോരാട്ടവീര്യം രണ്ടാം പകുതിയുടെ തുടക്കത്തില്‍ കാണാന്‍ സാധിച്ചില്ല. 60-ാം മിനുട്ടില്‍ മണിപ്പൂരിന്‌ വീണ്ടും അവസരം ലഭിച്ചു. വലതു വിങ്ങില്‍നിന്ന്‌ സോമിഷോന്‍ ഷിക്‌ ബോക്‌സിലേക്ക്‌ നല്‍കിയ ക്രോസ്‌ സുധീര്‍ ലൈതോജം സിങ്‌ പാഴാക്കി. 66-ാം മിനിറ്റില്‍ മണിപ്പൂര്‍ സ്‌ട്രൈക്കര്‍ സോമിഷോന്‍ ഷികിന്‌ ലഭിച്ച അവസരവും നഷ്‌ടപ്പെടുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here