സൂപ്പര്‍ ലീഗ് കേരള: കൊച്ചി ടീമിനെ സ്വന്തമാക്കി നടന്‍ പൃഥ്വിരാജ്

0

കൊച്ചി: കേരളത്തിന്റെ പ്രഥമ ഫുട്‌ബോള്‍ ലീഗായ സൂപ്പര്‍ ലീഗ് കേരളയുടെ ഭാഗമായ കൊച്ചി എഫ്‌സിയുടെ ഉടമയായി നടന്‍ പൃഥ്വിരാജും ഭാര്യ സുപ്രിയ മേനോനും. നാട്ടിലെ മികച്ച കളിക്കാര്‍ക്ക് നിരവധി അവസരങ്ങള്‍ സൃഷ്ടിയ്ക്കുന്നതിനൊപ്പം സംസ്ഥാനത്തിന്റെ കായിക സമ്പത്തിനെ മെച്ചപ്പെടുത്താന്‍ ഇത്തരമൊരു അന്താരാഷ്ട്ര ടൂര്‍ണമെന്റിനാവുമെന്നും പ്രഥ്വിരാജ് പറഞ്ഞു. കേരളത്തിലെ ഫുട്‌ബോളിനെ പ്രൊഫഷണല്‍ തലത്തില്‍ ഉയര്‍ത്താനും താഴെക്കിടയില്‍ ഫുട്‌ബോളിനെ വളര്‍ത്താനും സൂപ്പര്‍ ലീഗ് കേരളക്ക് കഴിയുമെന്ന് പൃഥ്വിരാജ് പറഞ്ഞു.

ആഗോള ഫുട്‌ബോള്‍ കളിയാവേശങ്ങള്‍ക്ക് സമാനമായി കേരളത്തിലും വരുന്ന സൂപ്പര്‍ ലീഗ് കേരള പ്രതീക്ഷയോടെയാണ് കാണുന്നതെന്ന് സുപ്രിയ മേനോന്‍ പറഞ്ഞു. ലോകം തന്നെ അത്ഭുത്തത്തോടെ നോക്കുന്ന ഫുട്‌ബോള്‍ ആരാധകരുള്ള സ്ഥലമാണ് കേരളം, അവിടെ നടക്കുന്ന ആദ്യ ഫുട്‌ബോള്‍ ലീഗില്‍ കൂടുതല്‍ വനിതാ കായിക പ്രേമികളുടെ പ്രാതിനിധ്യം ഉറപ്പാക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് തന്റെ പിന്തുണയുണ്ടാകുമെന്നും സുപ്രിയ പറഞ്ഞു.കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, തൃശൂര്‍, കണ്ണൂര്‍, മലപ്പുറം എന്നിവിടങ്ങളിലെ ആറ് ടീമുകളാണ് ആദ്യ സീസണില്‍ സൂപ്പര്‍ ലീഗില്‍ മാറ്റുരയ്ക്കുക. സൂപ്പര്‍ ലീഗ് കേരള ഫുട്ബോളിന് സെപ്റ്റംബര്‍ ആദ്യവാരമാണ് കിക്കോഫ്. 45 ദിവസം നീണ്ടുനില്‍ക്കുന്ന പ്രഥമ സൂപ്പര്‍ ലീഗ് കേരളയില്‍ കൊച്ചി പൈപ്പേഴ്സ്, കണ്ണൂര്‍ സ്‌ക്വാഡ്, കാലിക്കറ്റ് എഫ്.സി, മലപ്പുറം എഫ്.സി, തൃശൂര്‍ റോര്‍, തിരുവനന്തപുരം കൊമ്പന്‍സ് എന്നീ ആറുടീമുകള്‍ മത്സരിക്കും.

Leave a Reply