സിൽവർ ലൈൻ പദ്ധതിയിലെ സ്റ്റേഷനുകളുടെ എണ്ണം പത്തോ പതിനൊന്നോ എന്നതിൽ ഇനിയും വ്യക്തതയായില്ല

0

തിരുവനന്തപുരം ∙ സിൽവർ ലൈൻ പദ്ധതിയിലെ സ്റ്റേഷനുകളുടെ എണ്ണം പത്തോ പതിനൊന്നോ എന്നതിൽ ഇനിയും വ്യക്തതയായില്ല. നെടുമ്പാശേരി സ്റ്റേഷന്റെ കാര്യത്തിലാണ് അവ്യക്തത തുടരുന്നത്. ആദ്യഘട്ടത്തിൽ നെടുമ്പാശേരി സ്റ്റേഷൻ ഉണ്ടെന്നോ, ഇല്ലെന്നോ പറയാനാകില്ലെന്നു കെ–റെയിൽ പറയുന്നു.

ഒരു ജില്ലയിൽ ഒരു സ്റ്റേഷൻ മതി എന്നതായിരുന്നു മുൻധാരണ. എന്നാൽ ഡിപിആറിൽ എറണാകുളം ജില്ലയിലെ രണ്ടാമത്തെ സ്റ്റേഷനായി നെടുമ്പാശേരിയെയും ഉൾപ്പെടുത്തി. റൺവേയുടെ വ്യോമ പാതയിലാണു ഈ സ്റ്റേഷൻ എന്നതിനാൽ ഡിജിസിഎയുടെ അനുമതി വേണമെന്നു കൊച്ചി വിമാനത്താവള കമ്പനി കെ– റെയിലിനെ അറിയിച്ചിരുന്നു.

സ്റ്റേഷനു വേണ്ടി ഉദ്ദേശിക്കുന്ന സ്ഥലം, രൂപരേഖ തുടങ്ങിയ വിവരങ്ങൾ ആവശ്യപ്പെടുകയും ചെയ്തു. വിമാനത്താവളത്തിനു സമീപം ഉയരമുള്ള എന്തു നിർമാണം വരുമ്പോഴും സ്വീകരിക്കേണ്ട നടപടിക്രമം മാത്രമാണ് ഇതെന്നതിനാൽ അനുമതി നേടാൻ പ്രയാസമില്ല. എന്നാൽ കെ–റെയിൽ ആവശ്യമായ രേഖകൾ നൽകിയിട്ടില്ലെന്നാണു വിവരം.

നെടുമ്പാശേരി സ്റ്റേഷൻ ഒഴിവാക്കുന്നു എന്ന വിവരം പുറത്തുവന്നപ്പോൾ, സ്റ്റേഷൻ വരുന്നതിൽ എതിർപ്പില്ലെന്നാണു സിയാൽ നിലപാടെടുത്തത്. 11 സ്റ്റേഷനുകളിൽ ഏറ്റവും കുറഞ്ഞ നിർമാണച്ചെലവ് (25 കോടി രൂപ) കണക്കാക്കിയിരിക്കുന്നതു നെടുമ്പാശേരിക്കാണ്.

4 വിമാനത്താവളങ്ങളിൽനിന്ന് ലഭിക്കാവുന്നവരുടെ എണ്ണം കൂടി ചേർത്താണു സിൽവർ ലൈനിലെ ആകെ യാത്രക്കാരുടെ എണ്ണം കണക്കാക്കിയിട്ടുളളത്. സാങ്കേതിക തടസ്സങ്ങൾ മാറ്റാനുള്ള ശ്രമം നടക്കുന്നുണ്ടെന്നും ആദ്യഘട്ടത്തിൽ തന്നെ നെടുമ്പാശേരി സ്റ്റേഷൻ ഉണ്ടാകുമെന്നും കെ–റെയിൽ എംഡി വി.അജിത്കുമാർ പറഞ്ഞു.

എൽഡിഎഫ് ‘മഹായോഗം’ ഇന്ന്

സിൽവർ ലൈൻ വിരുദ്ധ സമരത്തെയും പ്രചാരണത്തെയും രാഷ്ട്രീയമായി നേരിടാനുള്ള ഇടതുമുന്നണിയുടെ ആദ്യ ‘രാഷ്ട്രീയ പ്രചാരണ മഹായോഗം’ ഇന്ന്. വൈകിട്ടു 4നു പുത്തരിക്കണ്ടം ഇ.കെ.നായനാർ പാർക്കിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനാണ് അധ്യക്ഷൻ. ഘടകകക്ഷികളുടെ പ്രധാന നേതാക്കളെല്ലാം പങ്കെടുക്കുന്നുണ്ട്

Leave a Reply