സില്‍വര്‍ ലൈന്‍ പദ്ധതിയുടെ കാര്യത്തില്‍ നന്ദിഗ്രാമിലെ പാഠം ഉള്‍ക്കൊണ്ടു കരുതലോടെ മുന്നോട്ടുപോകണമെന്നു സി.പി.എം

0

കണ്ണൂര്‍: സില്‍വര്‍ ലൈന്‍ പദ്ധതിയുടെ കാര്യത്തില്‍ നന്ദിഗ്രാമിലെ പാഠം ഉള്‍ക്കൊണ്ടു കരുതലോടെ മുന്നോട്ടുപോകണമെന്നു സി.പി.എം. പാര്‍ട്ടി കോണ്‍ഗ്രസില്‍ ബംഗാള്‍ പ്രതിനിധികളുടെ മുന്നറിയിപ്പ്‌.
ഭൂപ്രശ്‌നങ്ങളും പോലീസ്‌ ഇടപെടലും ജനരോഷത്തിന്‌ ഇടയാക്കാമെന്ന്‌ അഭിപ്രായപ്പെട്ട ബംഗാള്‍ നേതാക്കള്‍, ജനങ്ങളെ പൂര്‍ണമായി ബോധ്യപ്പെടുത്തിയേ പദ്ധതി നടപ്പാക്കാവൂവെന്നു നിര്‍ദ്ദേശിച്ചു. കേന്ദ്ര നേതൃത്വം കേരള ഘടകത്തിനു കൃത്യമായ മുന്നറിയിപ്പു നല്‍കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
ഉദ്‌ഘാടന സമ്മേളനത്തിലെ സ്വാഗത പ്രസംഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സില്‍വര്‍ ലൈനിനെക്കുറിച്ചു വിശദമായി സംസാരിച്ചിരുന്നു. അതിന്റെ പശ്‌ചാത്തലത്തിലാണ്‌ ഈ വിഷയത്തില്‍ ബംഗാള്‍ നേതാക്കള്‍ വ്യക്‌തിപരമായ അഭിപ്രായങ്ങള്‍ പങ്കുവച്ചത്‌. സില്‍വര്‍ ലൈന്‍ വിഷയത്തില്‍ വലിയ ജാഗ്രത വേണമെന്ന്‌ അനുഭവത്തിന്റെ വെളിച്ചത്തില്‍ ബംഗാള്‍ നേതാക്കള്‍ സൂചിപ്പിക്കുമ്പോഴും വ്യക്‌തമായ അഭിപ്രായം സി.പി.എം. കേന്ദ്രനേതൃത്വം പറഞ്ഞിട്ടില്ല.
സാമൂഹികാഘാത പഠനം പുറത്തുവന്നശേഷം പ്രതികരിക്കാമെന്നായിരുന്നു സമ്മേളനത്തിനു മുമ്പു ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ പ്രതികരണം.
എന്നാല്‍, ഇന്നലെ പത്രസമ്മേളനത്തില്‍ കുറച്ചുകൂടി മയപ്പെടുത്തി സംസ്‌ഥാന സര്‍ക്കാരിന്‌ അനുകൂലമായ നിലപാട്‌ യെച്ചൂരി സ്വീകരിച്ചു. “സില്‍വര്‍ ലൈന്‍ പദ്ധതി പ്രാരംഭ ഘട്ടത്തിലാണ്‌. പദ്ധതി സംബന്ധിച്ച നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടു പോകുന്നുവെന്നാണ്‌ മുഖ്യമന്ത്രി പറഞ്ഞത്‌. സംസ്‌ഥാന സര്‍ക്കാരിന്റെ വികസന പദ്ധതികളില്‍ പോളിറ്റ്‌ ബ്യൂറോ ഇടപെടാറില്ല. പ്രശ്‌നം ഉണ്ടാകുമ്പോഴാണു പാര്‍ട്ടി നയം വ്യക്‌തമാക്കുക. സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ സംസ്‌ഥാന-കേന്ദ്ര സര്‍ക്കാരുകള്‍ തമ്മില്‍ ചര്‍ച്ച നടക്കുകയാണ്‌.
സര്‍വേ പൂര്‍ത്തിയാകുമ്പോള്‍മാത്രമേ പൂര്‍ണമായ കാര്യങ്ങള്‍ മനസിലാകൂ. മുഖ്യമന്ത്രിയെന്ന നിലയില്‍ കേരളത്തിലെ പദ്ധതികളെക്കുറിച്ചു പറഞ്ഞ്‌ എല്ലാവരെയും സ്വാഗതം ചെയ്ുകയായണു ചെയ്‌തത്‌”-യെച്ചൂരി പറഞ്ഞു.അതേസമയം, എതിര്‍പ്പുണ്ടാവാതെ കെ-റെയില്‍ വിഷയത്തില്‍ നേതൃത്വത്തിന്റെ ഒറ്റക്കെട്ടായ പിന്തുണയുറപ്പിക്കുകയാണ്‌ സമ്മേളനത്തില്‍ പിണറായിയുടെ ലക്ഷ്യം.

LEAVE A REPLY

Please enter your comment!
Please enter your name here