കെഎസ്ആർടിസിയെ തകർക്കുന്നത് കേന്ദ്രസർക്കാരിന്റെ നയങ്ങളാണെന്ന് ധനമന്ത്രി ബാലഗോപാൽ

0

തിരുവനന്തപുരം: കെഎസ്ആർടിസിയെ തകർക്കുന്നത് കേന്ദ്രസർക്കാരിന്റെ നയങ്ങളാണെന്ന വിമർശനവുമായി ധനമന്ത്രി കെഎൻ ബാലഗോപാൽ. ഏഷ്യാനെറ്റ് ന്യൂസിന്റെ മിനിസ്റ്റർ ഓൺലൈൻ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കെഎസ്ആർടിസി വാങ്ങുന്ന ഡീസലിന് 30 രൂപ അധികം കൊടുക്കണം എന്ന് കേന്ദ്രസർക്കാർ പറയുന്നു. വാസ്തവത്തിൽ കെഎസ്ആർടിസിയെ തകർക്കുന്നത് കേന്ദ്രസർക്കാരിന്റെ നയങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു.

കേരളത്തിൽ പൊതുമേഖലാ സ്ഥാപനങ്ങൾ ധാരാളമുണ്ട്. കെഎസ്ആർടിസി അതിൽ പ്രധാനപ്പെട്ടതാണ്. സാധാരണ പൊതുമേഖലാ സ്ഥാപനം പോലെയല്ല കാണുന്നത്. അത് ജനങ്ങൾക്ക് നിത്യജീവിതത്തിൽ ഉപകാരപ്പെടുന്ന സേവനം നൽകുന്നുണ്ട്. കൊവിഡ് വരുന്നതിന് മുൻപ് കെഎസ്ആർടിസിക്ക് പെൻഷൻ ബുദ്ധിമുട്ട് ഉണ്ടായിരുന്നു. പെൻഷൻ 50 ശതമാനം സംസ്ഥാന സർക്കാർ കുറച്ച് കാലത്തേക്ക് നൽകി സഹായിക്കാമെന്ന് പറഞ്ഞു. ബാക്കി പണം കണ്ടെത്തേണ്ടത് മാനേജ്മെന്റാണ്. 700 കോടി രൂപയോളം വർഷം കെഎസ്ആർടിസിക്ക് പെൻഷന് വേണ്ടി കൊടുത്തുകൊണ്ടിരിക്കുകയാണ്. കെഎസ്ആർടിസിക്ക് ധനസഹായം നൽകുകയാണ് സർക്കാർ ചെയ്യുന്നത്. അല്ലാതെ കെഎസ്ആർടിസിക്ക് ശമ്പളം കൊടുക്കാനുള്ള പണം സംസ്ഥാന സർക്കാർ നൽകുകയല്ല. കെഎസ്ആർടിസി വാണിജ്യ സ്ഥാപനമാണ്. അവർ ബസ് ഓടിക്കുന്നു, ടിക്കറ്റ് വരുമാനം ഉപയോഗിച്ച് ശമ്പളം നൽകുന്നു, ആ നിലയിലാണ് അതിനെ കാണേണ്ടത്.

ഈ ഘട്ടത്തിൽ പോലും സംസ്ഥാന സർക്കാർ കെഎസ്ആർടിസിക്ക് സഹായം നൽകുന്നുണ്ട്. 2300 കോടി രൂപ കൊവിഡ് കാലത്ത് കെഎസ്ആർടിസിക്ക് കൊടുത്തു. എല്ലാ ബജറ്റിലും ആയിരം കോടി രൂപ വീതം കെഎസ്ആർടിസിക്ക് കൊടുക്കുന്നുണ്ട്. അതിലും കൂടുതൽ കൊടുക്കേണ്ടി വന്നാൽ അത് വേറെ എവിടെ നിന്നെങ്കിലും എടുത്ത് കൊടുക്കേണ്ടി വരും. ഒന്നര ലക്ഷം കോടി രൂപയുടെ ബജറ്റിൽ കെഎസ്ആർടിസിക്ക് വേണ്ടി നീക്കിവെച്ച തുകയ്ക്ക് പുറമെ കൂടുതൽ പണം കൊടുക്കേണ്ടി വന്നാൽ അത് മറ്റ് പദ്ധതികളെയാണ് ബാധിക്കുകയെന്നും മന്ത്രി പറഞ്ഞു. ഈ വർഷം 300 കോടി രൂപ കെഎസ്ആർടിസിക്ക് ആയിരം കോടിക്ക് പുറമെ നൽകിയെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here