ചാഹലിന്‍റെ വെളിപ്പെടുത്തലിൽ ഞെട്ടി ക്രിക്കറ്റ് ലോകം; ആജീവനാന്തം വിലക്കണമെന്ന് ശാസ്ത്രി

0

മുംബൈ: മദ്യപിച്ചു ലക്കു കെട്ട സഹകളിക്കാരൻ തന്നെ ബാൽക്കണിയിൽനിന്നു താഴേക്കു തൂക്കിപ്പിടിച്ചു എന്നുള്ള യുസ്‌വേന്ദ്ര ചാഹലിന്‍റെ വെളിപ്പെടുത്തൽ ക്രിക്കറ്റ് ലോകത്ത് ഞെട്ടലും വൻ ചർച്ചയുമായി മാറുന്നു. 2013ൽ മുംബൈ ഇന്ത്യൻസ് ടീമിൽ ആയിരിക്കുന്പോഴാണ് സഹകളിക്കാരൻ തന്നെ ബാൽക്കണിയിൽനിന്നു താഴേക്കു തൂക്കിപ്പിടിച്ചതെന്നു ചാഹൽ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. എന്നാൽ, കളിക്കാരന്‍റെ പേര് അദ്ദേഹം പറഞ്ഞിരുന്നില്ല.

വെളിപ്പെടുത്തൽ പുറത്തുവന്നതിനു പിന്നാലെ ക്രിക്കറ്റ് ലോകത്തെ നിരവധി പ്രമുഖർ ഇത്തരത്തിൽ പ്രവർത്തിച്ച താരത്തിന്‍റെ പേര് വെളിപ്പെടുത്തണമെന്നു ചാഹലിനോട് ആവശ്യപ്പെട്ടു. ഇതു ഞെട്ടിക്കുന്ന സംഭവം ആണെന്നും താരത്തിന്‍റെ പേര് വെളിപ്പെടുത്തുക തന്നെ വേണമെന്നും മുൻ താരം വീരേന്ദർ സേവാഗ് ട്വീറ്റ് ചെയ്തു.

ആശങ്കപ്പെടുത്തുന്ന വെളിപ്പെടുത്തൽ ആണെന്നും സുബോധമില്ലാതെ ഇത്തരത്തിൽ പെരുമാറിയ താരത്തിന് ആജീവനാന്ത വിലക്ക് നൽകുകയാണ് വേണ്ടെതെന്നും മുൻ ഇന്ത്യൻ മുഖ്യ പരിശീലകൻ രവി ശാസ്ത്രി പ്രതികരിച്ചു.

ആരുടെയെങ്കിലും ജീവൻ അപകടത്തിൽ ആക്കിയിട്ടു തമാശ കാണിക്കുന്നതു ഒട്ടും ശരിയല്ല. എനിക്കിത് തമാശയായി തോന്നുന്നതേയില്ല. ഇതു പോലെൊരു സംഭവം ആദ്യമായിട്ടാണ് കേൾക്കുന്നത്. ഇങ്ങനെ ചെയ്ത ആൾക്കു ചികിത്സ ആവശ്യമുണ്ട്. ഇങ്ങനെയുള്ളവരെ ക്രിക്കറ്റ് മൈതാനത്തേക്ക് അടുപ്പിക്കരുത്. ഇങ്ങനെയുള്ള സംഭവങ്ങൾ അപ്പോൾ തന്നെ അധികാരികളെ അറിയിക്കുകയാണ് വേണ്ടത് – ഇഎസ്പിഎൻ ചാനൽ പരിപാടിയിൽ ശാസ്ത്രി പറഞ്ഞു.

ഇപ്പോൾ രാജസ്ഥാൻ റോയൽസ് അംഗമായ ചാഹൽ സഹതാരങ്ങളായ രവിചന്ദ്രൻ അശ്വിൻ, കരുൺ നായർ എന്നിവരോടു സംസാരിക്കവേയാണ് 2013ൽ നടന്ന അനിഷ്ടകരമായ സംഭവത്തെക്കുറിച്ചു വെളിപ്പെടുത്തിയത്. ഇതിന്‍റെ വിഡിയോ രാജസ്ഥാൻ റോയൽസ് പുറത്തുവിടുകയായിരുന്നു.

2013ൽ ഞാൻ മുംബൈ ഇന്ത്യൻസിനൊപ്പമായിരുന്നു. ഞങ്ങൾക്കു ബംഗളൂരുവിൽ ഒരു മത്സരം ഉണ്ടായിരുന്നു. അതിനു ശേഷം ഒരു ഒത്തുചേരൽ നടന്നു. അമിതമായി മദ്യപിച്ച ഒരു കളിക്കാരൻ ഉണ്ടായിരുന്നു. അയാളുടെ പേരു ഞാൻ പറയുന്നില്ല. അയാൾ വളരെ മദ്യപിച്ചിരുന്നു. അവൻ എന്നെ നോക്കി, അടുത്തേക്കു വിളിച്ചു. തുടർന്ന് അയാൾ എന്നെ ബാൽക്കണിയിലേക്ക് കൊണ്ടുപോയി. എന്നെ താഴേക്കു തൂക്കിപ്പിടിച്ചു. താഴേക്കു വീഴുമെന്ന പ്രാണഭയത്താൽ ഞാൻ അയാളെ ചുറ്റിപ്പിടിച്ചു.

പതിനഞ്ചാം നിലയുടെ മുകളിലായിരുന്നു ഈ സംഭവം നടന്നത്. പെട്ടെന്ന് അവിടെയുണ്ടായിരുന്ന കുറെപ്പേർ ഒാടിവന്ന് എന്നെ വലിച്ചുകയറ്റി. ഞാൻ ആകെ തളർന്നുപോയിരുന്നു. അവർ എനിക്കു കുടിക്കാൻ വെള്ളം തന്നു. ചെറിയൊരു പിഴവ് സംഭവിച്ചിരുന്നെങ്കിൽ ഞാൻ താഴേക്കു പതിക്കുമായിരുന്നു. പിടിച്ചുകയറ്റിയപ്പോഴും എന്‍റെ വിറയൽ മാറിയിരുന്നില്ല. – അദ്ദേഹം കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here