ബുറൈദ ഇന്ത്യൻ സ്കൂളിലെ ജോലി ഉപേക്ഷിച്ച് നാട്ടിലെത്തി; സ്കൂളിൽ അധ്യാപികയായി; പാർട്ടി ഗ്രാമത്തിൽ താമസിക്കുമ്പോഴും പഴയ പരിവാർ പ്രേമം കൈവിട്ടില്ല; പിണറായിലെ രേഷ്മ സഖാക്കളെ പറ്റിച്ചത് ഇങ്ങനെ..

0

കണ്ണൂർ: കൊലക്കേസ് പ്രതിയായ ആർഎസ്എസ് പ്രവർത്തകനെ ഒളിപ്പിച്ച് വിവാദത്തിലായ അധ്യാപികയ്ക്ക് ആർ എസ് എസ് ബന്ധമുണ്ടെന്ന് പറഞ്ഞ് തലയൂരാൻ ശ്രമിക്കുന്ന സിപിഎമ്മിന്ന് വീണ്ടും തലവേദനയായി രേഷ്മയുടെ ഇടത് ബന്ധം. മുമ്പ് ഭർത്താവിനൊപ്പം ഗൾഫിലായിരുന്ന രേഷ്മ അവിടെ സിപിഎം സംഘടനയുടെ മുഖ്യ ഭാരവാഹികളിൽ ഒരാളായിരുന്നു. ഭർത്താവും അവിടെ അറിയപ്പെടുന്ന ഒരു സിപിഎം പ്രവർത്തകനാണ്. ഇരുവരും സൗദിയിലെ സി.പി.എം പ്രവാസി സംഘടനയായ ഖസീം പ്രവാസി സംഘത്തിൻറെ പ്രധാനഭാരവാഹികളായിരുന്നു.

സൗദിയിലെ ബുറൈദ ഇൻറർനാഷനൽ ഇന്ത്യൻ സ്‌കൂൾ അധ്യാപികയായിരുന്നു രേഷ്മ. അവിടെ വെച്ച് ഖസീം പ്രവാസി സംഘത്തിൻറെ വനിതാ സംഘടന ‘സർഗശ്രീ’യുടെ കേന്ദ്രകമ്മിറ്റി സെക്രട്ടറിയായി സ്ഥാനം വഹിച്ചു. കൊലക്കേസ് പ്രതിയായായ ആർ എസ് എസ് പ്രവർത്തകനെ ഒളിപ്പിച്ചതിന് രേഷ്മയുടെ അറസ്റ്റിലാവുകയും പിന്നാലെ പ്രതിരോധത്തിലായ സിപിഎം ജില്ലാ സെക്രട്ടറി തന്നെ ഇരുവരെയും തള്ളിപ്പറയുകയും ചെയ്തതിന്റെ ഞെട്ടലിലാണ് സൗദിയിലെ പഴയ സഹപ്രവർത്തകരും ബുറൈദയിലെ മലയാളി സമൂഹവും.

പത്ത് വർഷത്തോളം ബുറൈദയിലായിരുന്നു രേഷ്മയുടെ ഭർത്താവ് പ്രശാന്തിന്റെ ജോലി. ഇവിടുള്ള സുഹൃത്തുക്കൾക്കും സാമൂഹ്യ പ്രവർത്തകർക്കും അറിയാവുന്ന പ്രശാന്ത് ഒരു ഉറച്ച സിപിഎമ്മുകാരനാണ്. ഖസീം പ്രവാസി സംഘത്തിൻറെ പ്രസിഡൻറ്​, രക്ഷാധികാരി പദവികൾ ഇദ്ദേഹം ദീർഘകാലം വഹിച്ചിരുന്നു. പ്രശാന്ത്​ ഒരു സ്വകാര്യ മെയിൻറനൻസ്​ കമ്പനിയിൽ ജീവനക്കാരനായിരുന്നു. നാട്ടിൽ വെച്ച്​ തന്നെ അടിയുറച്ച സി.പി.എം പ്രവർത്തകനെന്ന നിലയിൽ സൗദിയിലെത്തിയ ശേഷം പ്രവാസി സംഘവുമായി ബന്ധപ്പെട്ട്​ വളരെ വേഗം നേതൃപദവിയിലേക്ക്​ ഉയർന്നുവരികയായിരുന്നു.

ഈ ദമ്പതികൾ മുൻനിരയിൽ ഇല്ലാത്ത ഒരു പരിപാടിയും ആ കാലയളവിൽ ബുറൈദയിലെ പാർട്ടി പ്രവർത്തകർക്ക് ഇല്ലായിരുന്നു. കക്ഷിഭേദമില്ലാതെ മലയാളി സമൂഹം സംഘടിപ്പിച്ച പൊതുപരിപാടികളിലും ഇരുവരും സജീവമായിരുന്നു. രേഷ്മ പ്രവാസം അവസാനിപ്പിച്ച്​ മടങ്ങിയപ്പോൾ സർഗശ്രീ വിപുലമായ യാത്രയയപ്പ് നൽകിയതിൻറെ വാർത്ത പ്രസിദ്ധീകരിച്ച പത്രകട്ടിങ്ങുകളും പുറത്തുവന്നിട്ടുണ്ട്​. ഇത് ഇപ്പോൾ പ്രചരിപ്പിക്കുകയാണ് അവരുടെ പ്രവാസി സുഹൃത്തുക്കൾ.
നാട്ടിലെത്തി അധ്യാപികയായി
നാട്ടിലെത്തിയതിന് പിന്നാലെ ഇവിടെ അധ്യാപികയായി. പുന്നോൽ അമൃതവിദ്യാലയത്തിലെ ഇൻസ്ട്രക്ടറാണ് രേഷ്മ. ഇംഗ്ലിഷ് ആണ് വിഷയം. മികച്ച വിദ്യാഭ്യാസ യോഗ്യതയുമുണ്ട്. ചില സംഘടനകൾ ഏർപ്പെടുത്തിയ മികച്ച അദ്ധ്യാപികയ്ക്കുള്ള പുരസ്‌കാരവും രേഷ്മയ്ക്ക് അടുത്തിടെ ലഭിച്ചിരുന്നു. തിരുവനന്തപുരത്തു നടന്ന ചടങ്ങിൽ മന്ത്രി ആന്റണി രാജുവാണ് പുരസ്‌കാരം നൽകിയത്. സ്‌കൂളിന്റെ ഔദ്യോഗിക ഫേസ്‌ബുക് പേജിലും രേഷ്മ പുരസ്‌കാരം ഏറ്റുവാങ്ങുന്ന ചിത്രം പങ്കുവച്ചിട്ടുണ്ട്.

വിദ്യാലയത്തിലേക്ക്‌ അറസ്റ്റിലായ കൊലക്കേസ് പ്രതി നിജിൽദാസിന്റെ ഓട്ടോറിക്ഷയിലായിരുന്നു മിക്കദിവസവും രേഷ്‌മ എത്തിയിരുന്നെന്നാണ് നാട്ടുകാർ പറയുന്നത്. നിജിൽ ദാസും ഇം​ഗ്ലീഷ് അധ്യാപികയായ രേഷ്മയും തമ്മിൽ വർഷങ്ങളുടെ ബന്ധമുണ്ടെന്നും ഇവർ പറയുന്നത്. ബസ്‌ സ്‌റ്റോപ്പിൽനിന്ന്‌ സ്‌കൂളിലും തിരിച്ചും എത്തിക്കാൻ കൃത്യസമയത്ത്‌ നിജിൽദാസ്‌ എത്തുമായിരുന്നു. ഇവർ തമ്മിലുള്ള ബന്ധത്തിന്റെ ആഴവും അടുപ്പവും വെളിപ്പെടുത്തുന്നതാണ്‌ ഫോൺ സംഭാഷണത്തിലെ വിവരങ്ങളും.

ആർ.എസ്.എസ് പ്രവർത്തകനായ നിജിൽ ദാസിനെ രേഷ്മ ഒളിപ്പിച്ചത് കൊലക്കേസ് പ്രതിയെന്ന് അറിഞ്ഞുകൊണ്ടാണെന്നാണ് പോലീസ് റിമാൻഡ് റിപ്പോർട്ട്. രേഷ്മയുടെ പങ്കിൽ വിശദമായ അന്വേഷണം വേണമെന്നാണ് പൊലീസ് ആവശ്യപ്പെടുന്നത്. പുന്നോൽ ഹരിദാസനെ കൊലപ്പെടുത്തിയ കേസിൽ മുഖ്യപങ്കുവഹിച്ച നിജിൽ ദാസ് പലവീടുകളിലായി ഒളിവിൽ കഴിയുകയായിരുന്നു. വിഷുവിന് ശേഷമാണ് പിണറായി പാണ്ട്യാലമുക്കിലെ വീട്ടിലേക്ക് പ്രതി എത്തിയത്.
രേഷ്മയുടെ സുഹൃത്തിന്റെ ഭർത്താവ് എന്ന നിലയ്ക്കാണ് വീടു നൽകിയതെന്നാണ് രേഷ്മയുടെ പിതാവ് രാജൻ പറയുന്നത്. അമ്മയുടെ ചെറുപ്പകാലം മുതലുള്ള സുഹൃത്താണ് നിജിൽദാസിന്റെ ഭാര്യ ദിപിന എന്ന് രേഷ്മയുടെ മകളും പറഞ്ഞു. പാണ്ട്യാല മുക്കിലുള്ളത് പ്രശാന്തിന്റെ തറവാട്ടു വീടാണ്. ഈ വീട് പ്രശാന്ത് സ്വന്തം പേരിലാക്കുകയും പുതുക്കിപ്പണിയുകയും ചെയ്തതോടെ പ്രശാന്തിന്റെ അമ്മയും സഹോദരങ്ങളും ഇവരുമായി സ്വരച്ചേർച്ചയിലല്ല. രണ്ടു വർഷം മുൻപു നിർമ്മിച്ച പാണ്ട്യാല മുക്കിലെ പ്രശാന്തിന്റെ ഈ വീട്ടിലാണ് നിജിൽദാസ് ഒളിച്ചു താമസിച്ചതും തുടർന്ന് അറസ്റ്റിലായതും. ഈ വീടിന്റെ ചുറ്റുവട്ടത്തെല്ലാം പ്രശാന്തിന്റെ സഹോദരങ്ങളാണ് താമസിക്കുന്നത്.
നിജിലിന് വാടകയ്ക്കു നൽകുന്നതിനു മുൻപ് ‘പിണറായി പെരുമ’ എന്ന പരിപാടിയിൽ പങ്കെടുക്കാനെത്തിയ കലാകാരന്മാർക്കും പാർട്ടി പ്രവർത്തകർക്കുമാണ് വീട് വാടകയ്ക്ക് നൽകിയിരുന്നത്. അവർ ഒഴിഞ്ഞതിനു ശേഷം വീട് വെറുതേ കിടക്കുകയായിരുന്നു. ഈ സമയത്താണ് രേഷ്മയോട് സുഹൃത്ത് ദിപിന ഭർത്താവിനുവേണ്ടി വീട് നാലു ദിവസത്തേക്ക് തരാമോ എന്നാവശ്യപ്പെടുന്നെതന്നും രേഷ്മയുടെ വീട്ടുകാർ പറയുന്നു. രേഷ്മ നിജിൽ ദാസിനു ഭക്ഷണമെത്തിച്ചു നൽകിയെന്നുള്ള ആരോപണം തെറ്റാണെന്നും ഇവർ പറയുന്നു.
പ്രശാന്തിന്റെ ആണ്ടലൂർക്കാവിലുള്ള വീട്ടിലാണ് രേഷ്മയും രണ്ടു മക്കളും രേഷ്മയുടെ മാതാപിതാക്കളും താമസിക്കുന്നത്. കഴിഞ്ഞ മാസം 23നാണ് പ്രശാന്ത് സൗദിയിലേക്കു മടങ്ങിപ്പോയത്. കോവിഡ് മൂലം പ്രശാന്ത് ഏറെ നാൾ നാട്ടിലുണ്ടായിരുന്നു. വീട് അടിച്ചുവാരാനും വൃത്തിയാക്കാനുമെല്ലാം രേഷ്മ ഇടയ്ക്കിടെ പാണ്ട്യാല മുക്കിലെ വീട്ടിൽ പോകാറുണ്ട്. സ്ഥിരമായി ആർക്കും ഈ വീട് വാടകയ്ക്കു നൽകിയിരുന്നില്ല. താൽക്കാലിക ആവശ്യങ്ങൾക്കു വരുന്നവർക്കായി ദിവസ വാടകയ്ക്കാണ് വീടു നൽകിയിരുന്നത്. 1500 രൂപയാണ് ദിവസ വാടക ഈടാക്കിയിരുന്നത്

LEAVE A REPLY

Please enter your comment!
Please enter your name here