വീടില്ലാത്തവര്‍ക്ക് വീടുവെക്കാന്‍ സൗജന്യമായി ഭൂമി വിട്ടു നല്‍കി റിട്ടയേര്‍ഡ് അധ്യാപിക വി.രാധ ടീച്ചര്‍

0

കോഴിക്കോട്: വീടില്ലാത്തവര്‍ക്ക് വീടുവെക്കാന്‍ സൗജന്യമായി ഭൂമി വിട്ടു നല്‍കി കോഴിക്കോട് കീഴരിയൂരിലെ റിട്ടയേര്‍ഡ് അധ്യാപിക വി.രാധ ടീച്ചര്‍. തലക്കുളത്തൂര്‍ പഞ്ചായത്തിലുള്ള 18 സെന്റ് സ്ഥലം ലൈഫ് മിഷനിലൂടെ   വീടിനായി വിട്ടു നല്‍കിയാണ് സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് രാധ ടീച്ചര്‍ കരുത്തേകിയത്. ലൈഫ് മിഷന്റെ പരസ്യം കണ്ടാണ് സ്ഥലം വിട്ടു നല്‍കാന്‍ തീരുമാനിച്ചതെന്ന് രാധ ടീച്ചര്‍  പറഞ്ഞു. 

സൗജന്യമായി സ്ഥലം നല്‍കിയാല്‍ സംസ്ഥാന സര്‍ക്കാരോ, പഞ്ചായത്തോ പാവപ്പെട്ടവര്‍ക്ക് വീടു വെച്ചു നല്‍കുമെന്നുറപ്പുണ്ടായിരുന്നെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. കോഴിക്കോട് ടൗൺ ഹാളില്‍ നടന്ന നവകേരള തദ്ദേശകം – 2022  പരിപാടിയില്‍ സ്ഥലം വിട്ടു നല്‍കി കൊണ്ടുള്ള സമ്മത പത്രം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ക്ക് ടീച്ചര്‍ കൈമാറി. 

ഇത് ആദ്യമായല്ല സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ പിന്തുണയുമായി രാധ ടീച്ചര്‍ എത്തുന്നത്. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായുള്ള വാക്സിന്‍ ചലഞ്ചിലും രാധ ടീച്ചര്‍ പങ്കാളിയായിരുന്നു. ഒരു ലക്ഷം രൂപയാണ് വാക്സിന്‍ ചലഞ്ചിലേക്ക് അവര്‍ കൈമാറിയത്. കൂടാതെ വീടിന് സമീപത്തിലൂടെയുള്ള റോഡിനായും സ്ഥലം വിട്ടു നല്‍കിയിരുന്നു. 

പ്രതിസന്ധികള്‍ നേരിടുന്നവരെ സഹായിക്കുന്നതിന് പ്രാമുഖ്യം നല്‍കുന്ന വ്യക്തിത്വമാണ് രാധയുടേത്. അതിനാല്‍ തന്റെ മുന്നിലേക്ക് സഹായമഭ്യര്‍ത്ഥിച്ച് എത്തുന്നവരെ വെറും കയ്യോടെ മടക്കിയയക്കാറുമില്ല. സാമ്പത്തികമായല്ലെങ്കിലും തന്നാല്‍ കഴിയുന്നതെല്ലാം അവര്‍ക്കായി ചെയ്യാറുണ്ട്. കുടുംബത്തിന്റെ പൂര്‍ണ പിന്തുണയും ഇതിനുണ്ട്. കൊയിലാണ്ടി ഗവ. മാപ്പിള വോക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ മുന്‍ അധ്യാപികയായിരുന്നു രാധ. റിട്ടയേര്‍ഡ് അധ്യാപകന്‍ ഇ.കെ. ദാമു നായരാണ് ഭര്‍ത്താവ്. ഗിരീഷ്, പ്രീത, വിനീത, സജിത എന്നിവര്‍ മക്കളാണ്.

ഫ്ലാറ്റ് എവിടെ? ലൈഫ് മിഷന്‍ ഫ്ലാറ്റ് പദ്ധതി പാതിവഴിയില്‍, 36 ഭവനസമുച്ഛയങ്ങളില്‍ ഒരെണ്ണം പോലും കൈമാറിയില്ല

തിരുവനന്തപുരം: ലൈഫ് മിഷനിലൂടെ  വീടും ഭൂമിയും ഇല്ലാത്തവര്‍ക്ക് ഫ്ലാറ്റ് നല്‍കുന്ന പദ്ധതി പ്രകാരം പിണറായി സര്‍ക്കാര്‍  അധികാരത്തിലെത്തിയ ശേഷം നിര്‍മാണം തുടങ്ങിയ 36 ഭവന സമുച്ഛയങ്ങളില്‍ ഒരു ഫ്ലാറ്റ് പോലും കൈമാറിയില്ലെന്ന് വിവരാവകാശ രേഖ. യുഡിഎഫ്  സര്‍ക്കാരിന്‍റെ കാലത്ത് നിര്‍മാണം തുടങ്ങിയ അടിമാലിയിലെ ഫ്ലാറ്റ് കൂടാതെ വിവിധ തദ്ദേശ സ്ഥാപനങ്ങള്‍ നേരിട്ട് നിര്‍മാണം തുടങ്ങിയതില്‍ ചിലത് മാത്രമാണ് ഇതുവരെ കൈമാറിയത്. 2017ൽ  മുഖ്യമന്ത്രി നേരിട്ടെത്തി ശിലാസ്ഥാപനം നടത്തിയ പുനലൂരിലെ ഫ്ലാറ്റിന്‍റെ നിര്‍മാണം പോലും പാതിവഴിയിലാണ്. ഏഷ്യാനെറ്റ് ന്യൂസ് അന്വേഷണ പരമ്പര തുടങ്ങുന്നു. ‘ഫ്ലാറ്റാ’യ ലൈഫ്.

ഒരു ദിവസമെങ്കില്‍ ഒരു ദിവസം മുമ്പ് സ്വസ്ഥമായി കിടന്നുറങ്ങാനാണ് ഭൂമിയും വീടും ഇല്ലാത്തവര്‍ക്കായി ഒന്നാം പിണറായി സര്‍ക്കാര്‍ ലൈഫ് പദ്ധതി പ്രകാരം ഭവന സമുച്ഛയങ്ങള്‍ നിര്‍മിച്ച് നല്‍കാന്‍ തീരുമാനിച്ചത്. നിര്‍മാണം വളരെ പെട്ടെന്ന് പൂര്‍ത്തിയാക്കാനാണ് കാസര്‍കോട് ടാറ്റ ആശുപത്രി നിര്‍മിച്ചത് പോലുള്ള പ്രീ ഫാബ് മാതൃക സ്വീകരിച്ചത്. മുഖ്യമന്ത്രി 2017 മെയ് 23 ഉദ്ഘാടനം നിര്‍വഹിച്ച് പോയിട്ട് മൂന്ന് വര്‍ഷം കഴിഞ്ഞ ശേഷമാണ് പുനലൂരില്‍ നിര്‍മ്മാണം തുടങ്ങിയത് തന്നെ. 

പുനലൂരില്‍ മാത്രമല്ല, സംസ്ഥാനത്ത് നിര്‍മാണം തുടങ്ങിയ 36 ഫ്ലാറ്റുകളില്‍ ഒരെണ്ണം പോലും പൂര്‍ത്തീകരിച്ച് നല്‍കാനായില്ലെന്ന് ലൈഫ് മിഷന്‍ സംസ്ഥാന ഓഫീസില്‍ നിന്നും ജില്ലാ ഓഫീസുകളില്‍ നിന്നും കിട്ടിയ വിവരാവകാശ രേഖയില്‍ പറയുന്നു. പുനലൂരിലെയും അഞ്ചലിലെയും പോലെ തന്നെയാണ് ലൈഫ് മിഷന്‍ നേരിട്ട് നിര്‍മാണം നടത്തുന്ന മറ്റ് 34 ഭവനസമുച്ഛയങ്ങളുടെയും സ്ഥിതി. അടിമാലിയില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്‍റെ കാലത്ത് തുടങ്ങിയ ഭവനസമുച്ഛയം കൂടാതെ വിവിധ തദ്ദേശ സ്ഥാപനങ്ങള്‍ നേരിട്ട് നിര്‍മ്മാണം നടത്തിയ ചിലയിടങ്ങിലെ ഭവനസമുച്ഛയങ്ങള്‍ മാത്രമാണ് ഇതുവരെ  കൈമാറാനായത്.

LEAVE A REPLY

Please enter your comment!
Please enter your name here