റോഡിലൂടെ നടന്നു വന്ന കോളേജ് വിദ്യാർത്ഥിനികളെ മർദിച്ച യുവാക്കളെ തടഞ്ഞുവെച്ച് പോലീസിന് കൈമാറി സഹപാഠികൾ

0

ശാസ്താംകോട്ട: റോഡിലൂടെ നടന്നു വന്ന കോളേജ് വിദ്യാർത്ഥിനികളെ മർദിച്ച യുവാക്കളെ തടഞ്ഞുവെച്ച് പോലീസിന് കൈമാറി സഹപാഠികൾ.
ചവറ നീണ്ടകര മേരിലാന്റ് കോളനി സോജോ ഭവനിൽ ഇഗ്നേഷ്യസ് (എബി -25), നീണ്ടകര നീലേശ്വരം തോപ്പിൽ ചേരിയിൽ കുരിശടിക്ക് സമീപം ആൻസി ഭവനിൽ ജോഷി (29) എന്നിവരാണ് പിടിയിലായത്. ഇന്നലെ ഉച്ചയ്ക്ക് 3.20ന് ടൗണില്‍ കോളജ് റോഡിലെ സബ് ട്രഷറിക്കു സമീപമാണ് സംഭവം. പൊലീസ് പറയുന്നത്: തടാകം കാണാനായി മദ്യലഹരിയില്‍ ബൈക്കിൽ എത്തിയതായിരുന്നു യുവാക്കൾ.

വിദ്യാർഥിനികൾ നടന്നുപോകുന്ന ഭാഗത്തേക്ക് ബൈക്കിൽ ചേര്‍ന്നു പോകാന്‍ ശ്രമിച്ചപ്പോൾ പെൺകുട്ടികളിൽ ചിലർ ഇതു ചോദ്യം ചെയ്തു. തുടർന്നു ഇവർ മടങ്ങിയെങ്കിലും വൈകാതെ തിരിച്ചെത്തിയ ശേഷം ഡിബി കോളജിലെ 2 ബിരുദ വിദ്യാർത്ഥിനികളുടെ മുഖത്ത് അടിക്കുകയായിരുന്നു. മൊബൈൽ ഫോൺ തട്ടിയെടുക്കാനും ശ്രമിച്ചു. തുടർന്നു കോളജ് വിദ്യാർഥികൾ ചേർന്ന് യുവാക്കളെ തടഞ്ഞുവച്ചു. പെൺകുട്ടികളോട് മോശം പെരുമാറ്റം ഉണ്ടായതായും പരാതിയുണ്ട്. സംഭവമറിഞ്ഞ് എത്തിയ പോലീസ് യുവാക്കളെ സ്റ്റേഷനിലേക്ക് മാറ്റി. പ്രതികളെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തതായി എസ്എച്ച്ഒ എ.അനൂപ് പറഞ്ഞു.

Leave a Reply