ബസ് മിനിമം നിരക്കിൽ 2 രൂപയും തുടർന്നുള്ള ഓരോ കിലോമീറ്ററിനും 10 പൈസയുമാണു വർധനയെങ്കിലും ഫലത്തിൽ യാത്രക്കാരുടെ ഭാരം അതിലേറെയായിരിക്കും

0

തിരുവനന്തപുരം ∙ ബസ് മിനിമം നിരക്കിൽ 2 രൂപയും തുടർന്നുള്ള ഓരോ കിലോമീറ്ററിനും 10 പൈസയുമാണു വർധനയെങ്കിലും ഫലത്തിൽ യാത്രക്കാരുടെ ഭാരം അതിലേറെയായിരിക്കും. ഇതിനു മുൻപ് ബസ് നിരക്ക് പുതുക്കിയപ്പോൾ മിനിമം ചാർജിൽ 5 കിലോമീറ്റർ (രണ്ടു ഫെയർസ്റ്റേജ്) യാത്ര ചെയ്യാമായിരുന്നു.

പിന്നീട് കോവിഡ് കാലത്ത് മിനിമം നിരക്കിൽ ഒരു ഫെയർസ്റ്റേജ് മാത്രം (2.5 കിലോമീറ്റർ) എന്നു മാറ്റി. പുതിയ നിരക്കുവർധനയിലും ഇതുതന്നെ തുടരുന്നതോടെ, മിനിമം നിരക്കിൽ 5 കിലോമീറ്റർ എന്ന ആനുകൂല്യമാണു നഷ്ടപ്പെടുന്നത്. മുൻപത്തെ നിരക്കുപരിഷ്കാരത്തിൽ 5 കിലോമീറ്റർ യാത്രയ്ക്ക് 8 രൂപ ആയിരുന്നത് ഇനി 5 കിലോമീറ്ററിന് 12.50 രൂപയാകും. തുടർന്നുള്ള കിലോമീറ്ററുകളിലും ഇതു പ്രതിഫലിക്കും. നിലവിൽ 20 കിലോമീറ്റർ യാത്രയ്ക്ക് 19 രൂപയാണ്; ഇത് 28 രൂപയാകും.

കെഎസ്ആർടിസിയുടെ ഫാസ്റ്റ് പാസഞ്ചർ സർവീസിന് ഇപ്പോൾ മിനിമം നിരക്ക് 5 കിലോമീറ്ററിന് 14 രൂപയാണ്. അതു കഴിഞ്ഞുള്ള ഓരോ കിലോമീറ്ററിനും 95 പൈസ. സൂപ്പർ ഫാസ്റ്റിന് മിനിമം ചാർജ് 10 കിലോമീറ്ററിന് 20 രൂപയാണ്. അതു കഴിഞ്ഞുള്ള കിലോമീറ്ററിന് 98 പൈസ. ഓർഡിനറി നിരക്കിലെ വർധനയ്ക്ക് ആനുപാതികമായി ഇൗ നിരക്കുകളിലെല്ലാം വർധനയുണ്ടാകും. കെഎസ്ആർടിസിയുടെ സൂപ്പർ ഫാസ്റ്റിനു മുകളിലുള്ള സൂപ്പർ ക്ലാസ് ബസുകൾക്കു കോവിഡ് സമയത്തു നൽകിയിരുന്ന യാത്രാനിരക്കിലെ 30% ഇളവ് കഴിഞ്ഞയാഴ്ച പിൻവലിച്ചിരുന്നു. അതിനു മുകളിലാണ് പുതിയ വർധന വരുന്നത്.

Leave a Reply