രമേശ്‌ ചെന്നിത്തലയുടെ സാന്നിധ്യത്തില്‍ പിഴുതു മാറ്റിയ കെ-റെയില്‍ അടയാളക്കല്ല്‌ മന്ത്രി സജി ചെറിയാന്റെ നേതൃത്വത്തില്‍ പുനഃസ്‌ഥാപിച്ചു

0

ചെങ്ങന്നൂര്‍: രമേശ്‌ ചെന്നിത്തലയുടെ സാന്നിധ്യത്തില്‍ പിഴുതു മാറ്റിയ കെ-റെയില്‍ അടയാളക്കല്ല്‌ മന്ത്രി സജി ചെറിയാന്റെ നേതൃത്വത്തില്‍ പുനഃസ്‌ഥാപിച്ചു. കഴിഞ്ഞ ദിവസം കെ-റെയില്‍ വിരുദ്ധ സമരത്തിന്റെ ഭാഗമായാണ്‌ മുന്‍ പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല നിര്‍ദിഷ്‌ട കെ-റെയില്‍ കടന്നുപോകുന്ന മുളക്കുഴയില്‍ സന്ദര്‍ശനം നടത്തിയത്‌. സര്‍വേക്കല്ല്‌ സ്‌ഥാപിച്ച കൊഴുവല്ലൂര്‍ കിഴക്കേമോടിയില്‍ വിധവയായ തങ്കമ്മയുടെ വീടും രമേശ്‌ ചെന്നിത്തല സന്ദര്‍ശിച്ചിരുന്നു. തങ്കമ്മയുടെ മുറ്റത്തെ അടുപ്പിലാണ്‌ കെ-റെയില്‍ സര്‍വേക്കല്ല്‌ സ്‌ഥാപിച്ചത്‌. ചെന്നിത്തലയുടെ സാന്നിധ്യത്തില്‍ പ്രവര്‍ത്തകര്‍ അപ്പോള്‍ത്തന്നെ കല്ല്‌ പിഴുതുമാറ്റി. ഈ കല്ലാണ്‌ മന്ത്രി സജിചെറിയാന്റെ സാന്നിധ്യത്തില്‍ ഇന്നലെ രാവിലെ പ്രവര്‍ത്തകര്‍ വീണ്ടും സ്‌ഥാപിച്ചത്‌. പണം കിട്ടാതെ വീട്‌ ഒഴിയേണ്ട ആവശ്യമില്ലെന്നും ഇവിടെനിന്നു പോകേണ്ടിവരില്ലെന്നും മന്ത്രി തങ്കമ്മയെ ആശ്വസിപ്പിച്ചു. പ്രതിഷേധം ശക്‌തമായ പ്രദേശങ്ങളില്‍ മന്ത്രി ഇന്നലെ രാവിലെ ഇരുചക്ര വാഹനത്തില്‍ നേരിട്ടെത്തി. സമരക്കാര്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചെന്നും പറഞ്ഞതെല്ലാം പ്രതിപക്ഷം വിഴുങ്ങേണ്ടി വരുമെന്നും ജനങ്ങളുടെ തെറ്റിദ്ധാരണ മാറ്റാനായെന്നും സജി ചെറിയാന്‍ പറഞ്ഞു. പ്രതിഷേധമുയര്‍ന്ന പൂതംകുന്ന്‌ കോളനിയില്‍ ഉള്‍പ്പെടെ പ്രശ്‌നങ്ങള്‍ അവസാനിച്ചെന്ന്‌ അദ്ദേഹം പറഞ്ഞു. അതേസമയം, സി.പി.എമ്മും മന്ത്രിയും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നു കെ-റെയില്‍ വിരുദ്ധ സമരസമിതി കുറ്റപ്പെടുത്തി.

Leave a Reply