മരച്ചീനിയിൽനിന്ന്‌ മദ്യം ; പദ്ധതി കർഷകർക്ക്‌ സഹായകരം : മന്ത്രി എം വി ഗോവിന്ദൻ

0

തിരുവനന്തപുരം: മരച്ചീനിയില്‍ നിന്നു മദ്യം ഉല്‍പാദിപ്പിക്കുന്ന സര്‍ക്കാരിന്റെ പുതിയ മദ്യനയം ഉടന്‍ നടപ്പിലാക്കുമെന്ന്‌ മന്ത്രി എം.വി. ഗോവിന്ദന്‍. വീര്യം കുറഞ്ഞ മദ്യം ഉല്‍പ്പാദിപ്പിക്കാനുള്ള തീരുമാനത്തില്‍ തെറ്റെന്താണെന്നും മന്ത്രി ചോദിച്ചു. വീര്യം കുറഞ്ഞ മദ്യം ഉല്‍പ്പാദിപ്പിച്ചാല്‍ വീര്യം കൂടിയ മദ്യ ഉപയോഗം കുറയും. വൈനറികള്‍ തുടങ്ങാന്‍ നിയമഭേദഗതി വേണ്ട. നിലവിലെ അബ്‌കാരി നിയമത്തില്‍ അതില്‍ വ്യവസ്‌ഥയുണ്ടെന്നും മന്ത്രി വ്യക്‌തമാക്കി.
കഴിഞ്ഞദിവസം അവതരിപ്പിച്ച ബജറ്റിലാണ്‌ മരിച്ചിനിയില്‍ നിന്നു വീര്യം കുറഞ്ഞ മദ്യവും എഥനോളും ഉല്‍പ്പാദിപ്പിക്കുന്നതിനുള്ള പദ്ധതിക്കായി 2 കോടി രൂപ വകയിരുത്തിയത്‌. നേരത്തെതന്നെ ഇതില്‍ ഗവേഷണം നടത്തിയതും ചെലവ്‌ കൂടുതലാണെന്ന്‌ കണ്ട്‌ ഉപേക്ഷിച്ചതുമാണ്‌.
എന്നാല്‍ നിലവില്‍ എഥനോള്‍ ഉല്‍പ്പാദനത്തിന്‌ കേന്ദ്രവും വലിയ പ്രാധാന്യം നല്‍കുന്നുണ്ട്‌. എഥനോള്‍ മിശ്രിത ഇന്ധനത്തിലേക്കാണ്‌ രാജ്യം നീങ്ങുന്നത്‌.
അതോടൊപ്പം പഴങ്ങളില്‍ നിന്ന്‌ വീര്യം കുറഞ്ഞ മദ്യം ഉല്‍പ്പാദിപ്പിക്കാനുള്ള പദ്ധതിയും ബജറ്റില്‍പ്രഖ്യാപിച്ചിട്ടുണ്ട്‌. കാര്‍ഷിക മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി വൈനും മറ്റ്‌ ചെറുലഹരി പാനീയങ്ങളും പഴങ്ങളില്‍ നിന്ന്‌ ഉല്‍പ്പാദിപ്പിക്കുന്നതിന്‌ ചെറുകിട നിര്‍മ്മാണ യൂണിറ്റുകളുള്‍പ്പെടെയുള്ളവയെ പ്രോത്സാഹിപ്പിക്കാനാണ്‌ സര്‍ക്കാര്‍ നീക്കം.

LEAVE A REPLY

Please enter your comment!
Please enter your name here