മുന്‍ സംസ്‌ഥാന പ്രസിഡന്റും ജനറല്‍ സെക്രട്ടറിയും ഇരുപക്ഷത്തായതോടെ ഐ.എന്‍.എല്ലിന്റെ മന്ത്രിസ്‌ഥാനവും തുലാസില്‍

0

കോഴിക്കോട്‌ : മുന്‍ സംസ്‌ഥാന പ്രസിഡന്റും ജനറല്‍ സെക്രട്ടറിയും ഇരുപക്ഷത്തായതോടെ ഐ.എന്‍.എല്ലിന്റെ മന്ത്രിസ്‌ഥാനവും തുലാസില്‍. ഇരുപക്ഷത്തെയും യോജിപ്പിക്കാനുള്ള സി.പി.എം.
നീക്കം വിഫലമാവുകയും പാര്‍ട്ടി പിളരുകയും ചെയ്‌തതോടെ ഏത്‌ പക്ഷത്തെ കൊള്ളണമെന്ന ആശയക്കുഴപ്പത്തിലാണ്‌ എല്‍.ഡി.എഫ്‌. ഭരണത്തില്‍നിന്ന്‌ പുറത്തായ മുസ്ലിം ലീഗിനെ ദുര്‍ബലപ്പെടുത്തി അണികളെ ഇടതുപക്ഷത്തേക്ക്‌ അടുപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ്‌ സി.പി.എം. രണ്ടാം പിണറായി സര്‍ക്കാരില്‍ ഐ.എന്‍.എല്ലിന്‌ മന്ത്രി സ്‌ഥാനം നല്‍കിയത്‌. ലക്ഷ്യം നിറവേറിയില്ലെന്നു മാത്രമല്ല ഐ.എന്‍.എല്ലിലെ തമ്മില്‍തല്ല്‌ തലവേദനയാകുകയും ചെയ്‌തതോടെ ആകെപ്പെട്ടുപോയ അവസ്‌ഥയിലാണ്‌ സി.പി.എം. പിളര്‍ന്നുമാറിയ വിഭാഗങ്ങളെ എല്‍.ഡി.എഫ്‌. യോഗത്തില്‍ പങ്കെടുപ്പിക്കില്ലെന്നാണ്‌ സി.പി.എം. നിലപാട്‌. അങ്ങനെയെങ്കില്‍ പിളര്‍ന്നുമാറിയ വിഭാഗത്തിലെ മന്ത്രിയെമാത്രം നിലനിര്‍ത്തുന്നത്‌ എന്തിനാണെന്ന ചോദ്യമാണ്‌ വഹാബ്‌ പക്ഷം ഉന്നയിക്കുന്നത്‌.
മുന്‍ സംസ്‌ഥാന പ്രസിഡന്റ്‌ പ്രഫ. എ.പി. അബ്‌ദുള്‍ വഹാബും ജനറല്‍ സെക്രട്ടറി കാസിം ഇരിക്കുറും നേതൃത്വം നല്‍കുന്ന ഇരുപക്ഷവും ഇന്നലെ കോഴിക്കോട്ട്‌ വ്യത്യസ്‌ത ഇടങ്ങളില്‍ യോഗം ചേര്‍ന്നു. വബാഹ്‌ അവയ്‌ലബിള്‍ സെക്രട്ടേറിയറ്റ്‌ യോഗമാണ്‌ വിളിച്ചതെങ്കില്‍ കാസിം ഇരിക്കൂര്‍ പക്ഷം യോഗം ചേര്‍ന്നശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു.
പാര്‍ട്ടി പ്രതിനിധിയായ അഹമ്മദ്‌ ദേവര്‍കോവിലിനെ മന്ത്രിസ്‌ഥാനത്തുനിന്ന്‌ നീക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ 15ന്‌ ചേരുന്ന എല്‍.ഡി.എഫ്‌. നേതൃയോഗത്തിനു കത്തു നല്‍കുമെന്ന്‌ അബ്‌ദുള്‍ വഹാബ്‌ സൂചിപ്പിച്ചു. വികസനത്തിലല്ല, വിഭാഗീയതയിലാണ്‌ അഹമ്മദ്‌ ദേവര്‍കോവിലിന്‌ ശ്രദ്ധയെന്നും മന്ത്രിക്കെതിരായ വിഷയങ്ങള്‍ എല്‍.ഡി.എഫ്‌. നേതൃത്വത്തിന്‌ മുന്നില്‍ ഉന്നയിക്കുമെന്നും വഹാബ്‌ പറഞ്ഞു.
പി.എസ്‌.സി. അംഗത്വത്തിന്‌ 40 ലക്ഷം രൂപ കോഴ വാങ്ങിയതും അദാനി ഗ്രൂപ്പുമായി രഹസ്യ ചര്‍ച്ച നടത്തിയതും ഉള്‍പ്പെടെ ഉന്നയിച്ചാണ്‌ വിമതപക്ഷം പടയൊരുക്കം നടത്തിയത്‌. ഇരുവിഭാഗവും വിഴുപ്പലക്കല്‍ തുടര്‍ന്നാല്‍ അത്‌ സര്‍ക്കാരിന്‌ നാണക്കേടാകുമെന്ന ആശങ്കയിലാണ്‌ സി.പി.എം.

LEAVE A REPLY

Please enter your comment!
Please enter your name here