തോട്ടങ്ങളുടെ നിര്‍വചനത്തില്‍ മാറ്റംവരുത്തുന്ന ബജറ്റ്‌ നിര്‍ദേശം ഇടതുമുന്നണിയില്‍ പുതിയ പോര്‍മുഖം തുറക്കുന്നു

0

തിരുവനന്തപുരം : തോട്ടങ്ങളുടെ നിര്‍വചനത്തില്‍ മാറ്റംവരുത്തുന്ന ബജറ്റ്‌ നിര്‍ദേശം ഇടതുമുന്നണിയില്‍ പുതിയ പോര്‍മുഖം തുറക്കുന്നു. ലോകായുക്‌ത നിയമഭേദഗതി ഓര്‍ഡിനന്‍സില്‍ ഇടഞ്ഞുനില്‍ക്കുന്ന സി.പി.ഐതന്നെയാണ്‌ ഇക്കാര്യത്തിലും കടുത്ത എതിര്‍പ്പുയര്‍ത്തുന്നത്‌. മുന്നണിയില്‍ ചര്‍ച്ചചെയ്യാതെ നിര്‍ദേശം ബജറ്റില്‍ ഉള്‍പ്പെടുത്തിയതിലുള്ള അതൃപ്‌തി സി.പി.ഐ. സംസ്‌ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പ്രകടിപ്പിക്കുകയും ചെയ്‌തു.
നിലവിലെ വിളകള്‍ക്കു പുറമേ പഴവര്‍ഗക്കൃഷിയും തോട്ടങ്ങളുടെ ഭാഗമാക്കണമെന്നാണു ബജറ്റില്‍ മന്ത്രി കെ.എന്‍. ബാലഗോപാല്‍ നിര്‍ദേശിച്ചത്‌. ഇതിനു ഭൂപരിഷ്‌കരണനിയമത്തില്‍ ഭേദഗതി വേണ്ടിവരും. അത്‌ അംഗീകരിക്കാനാവില്ലെന്നാണു സി.പി.ഐ. നിലപാട്‌. സി.പി.എം. സംസ്‌ഥാനസമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അവതരിപ്പിച്ച വികസനനയരേഖയിലുള്ള നിര്‍ദേശമാണു ബജറ്റിലും ഇടംപിടിച്ചത്‌.
സി.പി.ഐ. സമ്മേളനങ്ങള്‍ ആരംഭിച്ച സാഹചര്യത്തില്‍ തോട്ടഭൂമി വിഷയത്തില്‍ വിട്ടുവീഴ്‌ചയ്‌ക്ക്‌ അവര്‍ തയാറാകില്ല. ഭൂപരിഷ്‌കരണനിയമത്തില്‍ ഭേദഗതിക്കു മുന്നണി തീരുമാനിച്ചിട്ടില്ലെന്നായിരുന്നു ഡല്‍ഹിയില്‍ കാനത്തിന്റെ പ്രതികരണം. തോട്ടങ്ങളിലെ ഉപയോഗശൂന്യമായ സ്‌ഥലങ്ങളില്‍ ഇടവിളക്കൃഷിക്ക്‌ നിലവില്‍ മതിയായ നിയമങ്ങളുണ്ടെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. ഭൂപരിഷ്‌കരണനിയമഭേദഗതിയെ എതിര്‍ക്കുമോയെന്ന ചോദ്യത്തിന്‌, ഭേദഗതി വരുമ്പോഴല്ലേയെന്നായിരുന്നു മറുപടി.
ബജറ്റ്‌ നിര്‍ദേശത്തില്‍ ഉറച്ചുനില്‍ക്കുന്നതായി മന്ത്രി ബാലഗോപാല്‍ കൊല്ലത്തു പ്രതികരിച്ചു. ഭൂരിപരിഷ്‌കരണനിയമം ദുരുപയോഗം ചെയ്യുന്ന തരത്തില്‍ ഭേദഗതിയുണ്ടാവില്ലെന്നും അദ്ദേഹം വ്യക്‌തമാക്കി. തോട്ടം മുറിച്ചുവില്‍ക്കാനോ തരംമാറ്റാനോ അനുവദിക്കില്ല. വ്യക്‌തികള്‍ 15 ഏക്കറില്‍ കൂടുതല്‍ കൈവശം വയ്‌ക്കരുതെന്നാണു ഭൂപരിഷ്‌കരണനിയമത്തിലെ വ്യവസ്‌ഥ. തോട്ടങ്ങള്‍ക്കു മാത്രമാണ്‌ ഇതില്‍ ഇളവ്‌. റബര്‍, തേയില, കാപ്പി എന്നീ വിളകളാണു നിലവില്‍ തോട്ടം നിര്‍വചനത്തിലുള്ളത്‌. അതില്‍ മറ്റ്‌ വിളകള്‍ ചേര്‍ക്കണമെങ്കില്‍ നിയമഭേദഗതി വേണ്ടിവരും.
യു.ഡി.എഫ്‌. ഭരണകാലത്തു കെ.എം. മാണി നിയമമന്ത്രിയായിരിക്കേ, തോട്ടംഭൂമിയുടെ 5% വിനോദസഞ്ചാരത്തിനും ഔഷധക്കൃഷിക്കും നീക്കിവയ്‌ക്കാന്‍ ഭേദഗതി കൊണ്ടുവന്നിരുന്നു. അന്നു വി.എസ്‌. അച്യുതാനന്ദന്റെ നേതൃത്വത്തില്‍ പ്രതിപക്ഷം ശക്‌തമായെതിര്‍ത്തെങ്കിലും ഫലമുണ്ടായില്ല. അതനുസരിച്ച്‌ നിലവില്‍ 95% ഭൂമിയിലേ തോട്ടവിളകളുള്ളൂ.
ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത്‌ തോട്ടങ്ങളിലെ ഒഴിഞ്ഞുകിടക്കുന്ന 30-40% ഭൂമിയില്‍ പഴവര്‍ഗക്കൃഷിയാകാമെന്നു നിര്‍ദേശമുണ്ടായിരുന്നു. കൃഷിമന്ത്രിയായിരുന്ന വി.എസ്‌. സുനില്‍കുമാര്‍ ഇക്കാര്യം സി.പി.ഐയില്‍ അവതരിപ്പിച്ചപ്പോള്‍ റവന്യൂ മന്ത്രിയായിരുന്ന ഇ. ചന്ദ്രശേഖരന്‍ വിയോജിച്ചു. പിന്നീടതില്‍ സി.പി.ഐ. ചര്‍ച്ച നടത്തിയിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here