നിരക്ക് വർധന; സ്വകാര്യബസുടമകള്‍ അനിശ്‌ചിതകാല സമരത്തിലേക്ക്

0

തൃശൂര്‍: ബജറ്റ്‌ അവഗണനയിലും നിരക്കുവര്‍ധന നടപ്പാക്കാത്തതിലും പ്രതിഷേധിച്ച്‌ സ്വകാര്യബസുടമകള്‍ അനിശ്‌ചിതകാല സമരത്തിന്‌. ഇതര സംഘടനകളുമായി ആലോചിച്ച്‌ മൂന്നു ദിവസത്തിനകം തീയതി പ്രഖ്യാപിക്കുമെന്നു സ്വകാര്യ ബസ്‌ ഓപ്പറേറ്റേഴ്‌സ്‌ ഫെഡറേഷന്‍ ഭാരവാഹികള്‍.
മിനിമം യാത്രാനിരക്ക്‌ 12 രൂപയാക്കണമെന്നും വിദ്യാര്‍ഥികളുടെ നിരക്ക്‌ ആറു രൂപയാക്കണമെന്നുമാണ്‌ പ്രധാന ആവശ്യം. നിരക്ക്‌ വര്‍ധനാ വാഗ്‌ദാനം നാലുമാസമായിട്ടും സര്‍ക്കാര്‍ പാലിച്ചില്ല. ഈമാസം 31-നകം നിരക്കുവര്‍ധനയില്‍ തീരുമാനമെടുക്കണമെന്നും ഭാരവാഹികള്‍ പറഞ്ഞു.
വിദ്യാര്‍ഥികള്‍ അടക്കമുള്ളവര്‍ക്ക്‌ കുറഞ്ഞ നിരക്കില്‍ യാത്രാസൗകര്യം ഏര്‍പ്പെടുത്തുകയും പതിനായിരക്കണക്കിന്‌ ആളുകള്‍ക്ക്‌ തൊഴില്‍ നല്‍കുന്നതുമാണ്‌ ബസ്‌ വ്യവസായം. 5,000-ല്‍ താഴെ മാത്രം ബസുകളുള്ള കെ.എസ്‌.ആര്‍.ടി.സിക്ക്‌ 1,000 കോടി രൂപ ബജറ്റില്‍ വകയിരുത്തി.
12,000-ല്‍പരം ബസുകള്‍ സര്‍വീസ്‌ നടത്തുന്ന സ്വകാര്യ ബസ്‌ മേഖലയെ തഴഞ്ഞു. ആയിരക്കണക്കിന്‌ കോടി രൂപ മുന്‍കൂര്‍ നികുതി നല്‍കുന്ന സ്വകാര്യ ബസ്‌ മേഖലയ്‌ക്കു കൈത്താങ്ങേകി റോഡ്‌ നികുതിയിലും ഡീസലിന്റെ വില്‍പന നികുതിയിലും ഇളവു പ്രതീക്ഷിച്ചെങ്കിലും ഫലം നിരാശ മാത്രം- സംഘടനാ ജനറല്‍ സെക്രട്ടറി ലോറന്‍സ്‌ ബാബു, ഹംസ എരികുന്നന്‍, സി. മനോജ്‌ കുമാര്‍, കെ. കെ.തോമസ്‌, ടി.ജെ. ജോസഫ്‌ എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here