കോട്ടയം ഉള്‍പ്പെടെ ആറു ജില്ലകളില്‍ വരും ദിവസങ്ങളില്‍ പകല്‍ താപനില ഗണ്യമായി ഉയരാന്‍ സാധ്യതയെന്നു കേന്ദ്ര കാലാവസ്‌ഥാ വകുപ്പ്‌

0

തിരുവനന്തപുരം/കൊച്ചി : കോട്ടയം ഉള്‍പ്പെടെ ആറു ജില്ലകളില്‍ വരും ദിവസങ്ങളില്‍ പകല്‍ താപനില ഗണ്യമായി ഉയരാന്‍ സാധ്യതയെന്നു കേന്ദ്ര കാലാവസ്‌ഥാ വകുപ്പ്‌. അത്യുഷ്‌ണത്തിനു കാരണം അന്തരീക്ഷ എതിര്‍ച്ചുഴലിയെന്നു കൊച്ചി ശാസ്‌ത്രസാങ്കേതിക സര്‍വകലാശാല റഡാര്‍ ഗവേഷണ കേന്ദ്രം. പകല്‍ താപനില 40 ഡിഗ്രി കടക്കാനും സാധ്യത.
കോട്ടയത്തിനു പുറമേ കൊല്ലം, ആലപ്പുഴ, തൃശൂര്‍, കോഴിക്കോട്‌, കണ്ണൂര്‍ ജില്ലകളില്‍ താപനില മൂന്നു ഡിഗ്രി വരെ ഉയരുമെന്നാണു മുന്നറിയിപ്പ്‌. മിക്കവാറും സ്‌ഥലങ്ങളില്‍ താപനില 36 ഡിഗ്രി സെല്‍ഷ്യസിനുമേല്‍ പ്രതീക്ഷിക്കാം. എന്നാല്‍, അത്യുഷ്‌ണ സാഹചര്യമുള്ള ആറു ജില്ലകളില്‍ ഇന്ന്‌ രണ്ട്‌-മൂന്ന്‌ ഡിഗ്രിവരെ ചൂട്‌ കൂടാം. രണ്ടുദിവസം ഇതു തുടരും. 12 മുതല്‍ നാലു വരെയാകും ചൂട്‌ കൂടുതല്‍. സൂര്യാഘാത സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശമുണ്ട്‌.
നിലവില്‍ 37 ഡിഗ്രിയാണു സംസ്‌ഥാനത്തെ ശരാശരി പകല്‍ താപനില. ഇതു വരുംദിവസങ്ങളില്‍ മൂന്നു ഡിഗ്രിയോളം വര്‍ധിച്ചേക്കാം. പാലക്കാട്‌ ജില്ലയില്‍ 40 ഡിഗ്രി സെല്‍ഷ്യസിനു മുകളിലാകാനും സാധ്യതയുണ്ട്‌.
ഗുജറാത്ത്‌, മഹാരാഷ്‌ട്ര, ആന്ധ്ര സംസ്‌ഥാനങ്ങളിലേതിനു സമാനമായി അന്തരീക്ഷ എതിര്‍ച്ചുഴലിയുടെ സാന്നിധ്യമാണ്‌ കേരളത്തിലെ അത്യുഷ്‌ണത്തിനു കാരണമെന്നു കൊച്ചി ശാസ്‌ത്ര സാങ്കേതിക സര്‍വകലാശാലാ കാലാവസ്‌ഥാ കേന്ദ്രം ഗവേഷകന്‍ ഡോ. എം.ജി. മനോജ്‌ ചൂണ്ടിക്കാട്ടി.
എതിര്‍ച്ചുഴലിമൂലം വായു ഉയര്‍ന്ന തലത്തില്‍നിന്നു താഴേക്കുവരും. അന്തരീക്ഷമര്‍ദം കൂടുന്നതോടെ വായുവും ചൂടുപിടിക്കും. ഇത്‌ ഉഷ്‌ണതരംഗത്തിനു തുല്യമായ സാഹചര്യം സൃഷ്‌ടിക്കും. മാര്‍ച്ചില്‍ ഇതുവരെ വേനല്‍ മഴയില്‍ 33 ശതമാനം കുറവുണ്ടായി. മഴക്കുറവിനും വരണ്ട കാലാവസ്‌ഥയ്‌ക്കുമൊപ്പം അന്തരീക്ഷം മേഘരഹിത(ക്ലിയര്‍ സ്‌കൈ) മായതും ചൂട്‌ കൂട്ടിയെന്നു ഡോ. മനോജ്‌ പറഞ്ഞു.
കഴിഞ്ഞദിവസം സംസ്‌ഥാനത്ത്‌ 16 ഇടങ്ങളില്‍ താപനില 35 ഡിഗ്രിക്കു മുകളിലാണ്‌. സീസണിലെ ഏറ്റവും കൂടിയ ചൂട്‌ രേഖപ്പെടുത്തിയതു തൃശൂരിലെ വെള്ളാനിക്കരയിലാണ്‌; 38.6 ഡിഗ്രി. കഴിഞ്ഞ 10ന്‌ പുനലൂരും ഇതേ ചൂട്‌ രേഖപ്പെടുത്തിയിരുന്നു. തൃശൂര്‍, പാലക്കാട്‌ ജില്ലകളില്‍ പകല്‍ച്ചൂട്‌ 38 ഡിഗ്രിയും കോട്ടയം, കൊല്ലം ജില്ലകളില്‍ 37 ഡിഗ്രിയും കടന്നു.

LEAVE A REPLY

Please enter your comment!
Please enter your name here