ഇടഞ്ഞു നിൽക്കുന്ന മമതയെയും സോണിയയെയും ഒരുമിപ്പിക്കാൻ പുതിയ കരുക്കൾ നീക്കി സ്റ്റാലിൻ; ഡൽഹിയിൽ പ്രതിപക്ഷപാർട്ടികളുടെ നേതൃ സംഗമം; ദേശീയതലത്തിൽ ബിജെപിയിതര പാർട്ടികളുടെ മുന്നണിയുണ്ടാക്കാൻ ഡിഎംകെ

0

ചെന്നൈ: ഉത്തർപ്രദേശ് തിരഞ്ഞെടുപ്പു ഫലം വന്നപ്പോൾ പ്രതിപക്ഷ നിരയിലെ വോട്ടുകൾ ഭിന്നിച്ചതാണ് ബിജെപിക്ക് തുണയായത്. എസ്‌പിയും ബിഎസ്‌പിയുമെല്ലാം ചേരി തിരിഞ്ഞ് മത്സരിച്ചതോടെ മതേതര വോട്ടുകൾ ഭിന്നിച്ചു പോയി. ഇത് മുതലെടുക്കാൻ ബിജെപിക്ക് എളുപ്പം സാധിച്ചു. ഇപ്പോഴിതാ പരസ്പ്പരം കൈകൊടുക്കാൻ മടിക്കുന്ന നേതാക്കളെ ഒരുമിച്ചു ചേർക്കാൻ വേണ്ടിയുള്ള ദൗത്യം ഏറ്റെടുത്തു രംഗത്തു വന്നിരിക്കുന്നത് ഡിഎംകെ നേതാവും തമിഴ്‌നാട് മുഖ്യമന്ത്രിയുമായ എം കെ സ്റ്റാലിൻ. ന്യൂഡൽഹിയിൽ പ്രതിപക്ഷപാർട്ടികളുടെ നേതൃസംഗമത്തിന് വഴിതെളിക്കുകയാണ് അദ്ദേഹം.

ഡി.എം.കെ. ഡൽഹി ഓഫീസിന്റെ ഉദ്ഘാടനച്ചടങ്ങ് പ്രതിപക്ഷപാർട്ടികളുടെ സംഗമവേദിയാകും. സ്റ്റാലിന്റെ നേതൃത്വത്തിൽ ഏപ്രിൽ രണ്ടിനാണ് ഓഫീസ് ഉദ്ഘാടനം. കോൺഗ്രസ് നേതാക്കളായ സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി, തൃണമൂൽ കോൺഗ്രസ് നേതാവ് മമതാ ബാനർജി, ഇടതുനേതാക്കൾ തുടങ്ങിയവരെ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്നാണ് വിവരം.

അഞ്ചുസംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുഫലം വന്ന പശ്ചാത്തലത്തിൽ പ്രതിപക്ഷ ഐക്യത്തിനു വേണ്ടിയുള്ള ആഹ്വാനങ്ങൾ മുഴങ്ങി കേൾക്കുന്നതിനിടെയാണ് അടുത്തമാസം ഈ ചടങ്ങ് നടക്കുന്നതെന്നത് ശ്രദ്ധേയമാണ്. ദേശീയതലത്തിൽ പ്രതിപക്ഷത്തുള്ള ബിജെപി.യിതര പാർട്ടികളുടെ മുന്നണിയുണ്ടാക്കാൻ ശ്രമങ്ങൾ നടന്നുവരികയാണ്. മുന്നണിയിൽ കോൺഗ്രസ് വേണമെന്നും വേണ്ടെന്നും അഭിപ്രായമുള്ള പാർട്ടികളുണ്ട്. കോൺഗ്രസിനെകൂടി ഉൾക്കൊള്ളിച്ചുള്ള പ്രതിപക്ഷ മുന്നണിയാണ് ഡി.എം.കെ.യുടെ താത്പര്യം.

ഗാന്ധികുടുംബവുമായി സ്റ്റാലിന് അടുത്ത ബന്ധമുണ്ട്. അടുത്തിടെ ചെന്നൈയിൽ നടന്ന സ്റ്റാലിന്റെ ആത്മകഥാപ്രകാശനച്ചടങ്ങിൽ രാഹുൽ ഗാന്ധിയായിരുന്നു മുഖ്യാതിഥി. കേരളമുഖ്യമന്ത്രി പിണറായി വിജയൻ, ജമ്മുകശ്മീർ മുൻ മുഖ്യമന്ത്രി ഒമർ അബ്ദുള്ള, ബിഹാർ പ്രതിപക്ഷനേതാവ് തേജസ്വി യാദവ് എന്നിവരും ചടങ്ങിൽ പങ്കെടുത്തിരുന്നു.

പ്രതിപക്ഷ ഐക്യസ്വരം മുഴങ്ങിയ ചടങ്ങിൽ ഇത് ട്രെയിലറാണെന്നും സിനിമ പിന്നാലെ വരുമെന്നുമാണ് ഡി.എം.കെ. വനിതാനേതാവ് കനിമൊഴി എംപി. പ്രസംഗിച്ചത്. ആ നിലയിൽ ഡൽഹിയിൽ നടക്കുന്ന ചടങ്ങ് ഡി.എം.കെ.ക്ക് ദേശീയരാഷ്ട്രീയത്തിൽ നിർണായകശക്തിയാകാനുള്ള നാന്ദികുറിക്കലാകുമെന്നും വിലയിരുത്തുന്നുണ്ട്.

ആം ആദ്മി ഉയർത്തുന്ന ഭീഷണിയുടെ പശ്ചാത്തലത്തിൽ കൂടിയാണ് കോൺഗ്രസ് കൂടി ഉൾപ്പെടുന്ന ഐക്യമുന്നണി വേണമെന്ന തീരുമാനത്തിലേക്ക് നേതാക്കളും എത്തുന്നത്. പഞ്ചാബിൽ നേടിയ മിന്നുന്ന ജയത്തിന് പിന്നാലെ പുതിയ ലക്ഷ്യത്തിലേക്ക് ചുവടുറപ്പിച്ച് ആം ആദ്മി പാർട്ടി. 2023 ഡിസംബറിൽ നടക്കാനിരിക്കുന്ന രാജസ്ഥാൻ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച് നേട്ടമുണ്ടാക്കാനാണ് എ.എ.പി ഒരുങ്ങുന്നത്. ഇത് കോൺഗ്രസിനാകും വലിയ വെല്ലുവിളി തീർക്കുക എന്നത് ഉറപ്പാണ്.

ഒന്നിനുപുറകെ ഒന്നായി ഓരോ സംസ്ഥാനങ്ങളിലേക്കും ചുവടുറപ്പിക്കുക എന്ന കെജ്രിവാളിന്റെ തന്ത്രത്തിന്റെ ഭാഗമായാണ് രാജസ്ഥാൻ എ.എ.പിയുടെ പുതിയ ലക്ഷ്യമായിരിക്കുന്നത്. രാജസ്ഥാനിൽ ഇതിന് വേണ്ട മുന്നൊരുക്കങ്ങൾ നടത്താൻ പഞ്ചാബ് തെരഞ്ഞെടുപ്പിൽ നിയോഗിച്ച അതേ ടീമിനെ രാജസ്ഥാനിലേക്ക് അയക്കാനും പാർട്ടി പദ്ധതിയിടുന്നുണ്ട്.

എന്നാൽ, പഞ്ചാബിലെ പശ്ചാത്തലമല്ല രാജസ്ഥാനിലുള്ളതെന്നും എ.എ.പിയെ ഇവിടെ വേരുറപ്പിക്കാൻ സമ്മതിക്കില്ല എന്ന നിലപാടിലാണ് കോൺഗ്രസും ബിജെപിയും. അതേസമയം, പഞ്ചാബിൽ കോൺഗ്രസിനെ തുടച്ചുനീക്കി അധികാരത്തിലേറിയതിന് പിന്നാലെ രാജസ്ഥാനിലെ പാർട്ടി പ്രവർത്തകർ ഏറെ ആവേശത്തിലാണ്. ജയ്പൂർ അടക്കമുള്ള പട്ടണങ്ങളിൽ എ.എ.പിക്കും കെജ്രിവാളിനും നിയുക്ത പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിനും അഭിവാദ്യങ്ങളർപ്പിച്ചുള്ള പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

ആം ആദ്മി പാർട്ടി രാജസ്ഥാൻ പിടിക്കാനുള്ള മുന്നൊരുക്കങ്ങൾ തുടങ്ങിയതായി പാർട്ടി സംസ്ഥാന അധ്യക്ഷൻ ദേവേന്ദ്ര ശാസ്ത്രി പറയുന്നു. ‘പഞ്ചാബിലെ വിജയത്തിന് ശേഷം ഇവിടെ പ്രവർത്തകർ ഏറെ ആവേശത്തിലാണ്. അടുത്ത വർഷത്തെ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ രണ്ടു മാസത്തിനകം തന്നെ തുടങ്ങും. ഡൽഹിയിലും ഇപ്പോൾ പഞ്ചാബിലും ജനങ്ങൾ പാർട്ടിയെ സ്വീകരിച്ച രീതിയിൽ രാജസ്ഥാനിലും ആം ആദ്മി പാർട്ടി ഒരു ബദലായി മാറുമെന്ന് ഞങ്ങൾ കരുതുന്നു.

പഞ്ചാബിൽ എ.എ.പിയുടെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ കൈകാര്യം ചെയ്ത ടീം ഇവിടെയെത്തും. തൽക്കാലം ഇവിടെ സംഘടനാ ശക്തി മെച്ചപ്പെടുത്തുന്നതിലായിരിക്കും പാർട്ടി ശ്രദ്ധ കേന്ദ്രീകരിക്കുക,’ ശാസ്ത്രി പറയുന്നു. പഞ്ചാബിലെ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ പാർട്ടി ദക്ഷിണേന്ത്യയിലും കാൽവെപ്പിനൊരുങ്ങുകയാണെന്ന് എ.എ.പി നേരത്തെ പ്രഖ്യാപിച്ചിരുന്നു.

കേരളം, തെലങ്കാന, ആന്ധ്രാപ്രദേശ്, തമിഴ്‌നാട്, പുതുച്ചേരി, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ, ലക്ഷദ്വീപ് എന്നിവിടങ്ങളിൽ പാർട്ടി അംഗത്വ യജ്ഞം ആരംഭിക്കുമെന്ന് മുതിർന്ന എ.എ.പി നേതാവ് സോമനാഥ് ഭാരതിപറഞ്ഞു. ‘പഞ്ചാബിലെ ആം ആദ്മി പാർട്ടിയുടെ മിന്നുന്ന വിജയത്തിന് ശേഷം, ദക്ഷിണേന്ത്യൻ പ്രദേശങ്ങളിൽ നിന്നുള്ള ആളുകൾ ഞങ്ങളുടെ പാർട്ടിയുടെ രാഷ്ട്രീയത്തിൽ താൽപര്യം കാണിക്കാൻ തുടങ്ങിയിരിക്കുന്നു. ദക്ഷിണേന്ത്യയിൽ നിന്ന് അഭൂതപൂർവമായ പ്രതികരണമാണ് ഞങ്ങൾക്ക് ലഭിക്കുന്നത്,’ ഭാരതി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here