ശ്രീലങ്കൻ പ്രതിസന്ധി, കൊലപാതകങ്ങൾ കൂടുന്നു, ജനം പലായനം ചെയ്യുന്നു; പത്രങ്ങൾ പൂട്ടുന്നു ആകാംഷയോടെ ലോക രാജ്യങ്ങൾ

0

ശ്രീലങ്കയിലെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനു പിന്നാലെ ജനങ്ങൾ ജീവനും കയ്യില്പിടിച്ചുകൊണ്ടു ഇന്ത്യൻ തീരങ്ങളിലെ തുരുത്തുകളിലേക്കു പലായനം ചെയ്യുന്നു . അവിടെനിന്നും ഇന്ത്യൻ സേനയുടെ കണ്ണിൽപ്പെടാതെ തമിഴ്നാട് തീരത്തു എത്തുകയെന്നതാണ് പലരുടെയും ലക്‌ഷ്യം .ജീവിതം അത്രയമാത്രം ദുരിതപൂര്ണമായിരിക്കുന്നു ശ്രീലങ്കയിൽ .ഭക്ഷണവും ,മരുന്നും ,പെട്രോളും അടക്കം നിത്യജീവിതത്തിൽ വേണ്ടതെല്ലാം അവിടെ കിട്ടാക്കനിയാകുന്നു . ഇതിനിടയിൽ കൊള്ളയും കൊലയും കൂടുകയും ചെയ്യുന്നു .

സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് ഇറക്കുമതി നിലച്ച ശ്രീലങ്കയിൽ കടലാസ് ക്ഷാമം രൂക്ഷമായതോടെ ദിനപത്രങ്ങൾ അച്ചടി നിർത്തുന്നു. മാധ്യമസ്ഥാപനമായ ഉപാലിയുടെ കീഴിലുള്ള ഇംഗ്ലിഷ് പത്രം ‘ദ് ഐലൻഡ്’ , അതിന്റെ സിംഹള പതിപ്പായ ‘ദിവൈന’ എന്നിവയുടെ അച്ചടി നിർത്തിവയ്ക്കുന്നതായി കമ്പനി അറിയിച്ചു. ഓൺലൈൻ പതിപ്പ് തുടരും. കടലാസ് ക്ഷാമം മൂലം ചോദ്യക്കടലാസ് അച്ചടി മുടങ്ങിയതിനാൽ രാജ്യത്തെ 30 ലക്ഷത്തോളം വിദ്യാർഥികളുടെ വാർഷിക പരീക്ഷ കഴിഞ്ഞയാഴ്ച മാറ്റിവച്ചിരുന്നു. അടുത്ത വർഷത്തേക്കുള്ള പാഠപുസ്തകങ്ങളുടെ അച്ചടിയും മുടങ്ങി.

∙ ശ്രീലങ്കൻ രൂപയുടെ മൂല്യം ഇന്നലെ വീണ്ടും ഇ‍ടിഞ്ഞു. സ്റ്റാൻഡേഡ് ചാർട്ടേഡ് ബാങ്കിൽ ഒരു ഡോളറിനു 300 രൂപയായിരുന്നു ഇന്നലത്തെ നിരക്ക്. മറ്റു ബാങ്കുകളിലും 295 രൂപ മുതൽ 300 വരെയാണ് നിരക്ക്. മാർച്ച് ഒന്നിന് ഒരു ഡോളറിന് 202 ലങ്കൻ രൂപയായിരുന്നു.

∙ രാജ്യത്ത് ജീവൻരക്ഷാ മരുന്നുകൾക്കു ക്ഷാമം രൂക്ഷമായതിനെത്തുടർന്ന് 14 മരുന്നുകളുടെ ഇറക്കുമതിക്കായി 10 കോടി രൂപ അനുവദിച്ചു. ശ്രീലങ്കയിൽ ഉപയോഗിക്കുന്ന മരുന്നുകളിൽ 80 ശതമാനവും ഇന്ത്യയിൽ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്.

∙ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ രാജ്യത്തു കൊലപാതകങ്ങൾ വർധിക്കുന്നതായി റിപ്പോർട്ട്. ഫെബ്രുവരി 24നും മാർച്ച് 24നുമിടയിൽ 25 കൊലപാതകങ്ങളാണ് നടന്നത്. അതിൽ 18 കൊലപാതകങ്ങളും മേഷണവും കൊള്ളയുമായി ബന്ധപ്പെട്ടു നടന്നതാണെന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്.

ഇപ്പോൾ ശ്രീലങ്കയിൽ എല്ലാത്തിനും തീവിലയാണ്. ഗ്യാസിനും പെട്രോളിനും ഭക്ഷണ സാധനങ്ങൾക്കും അങ്ങനെ എല്ലാത്തിനും രൂക്ഷമായ വിലക്കയറ്റം. ജനജീവിതം ഏറെ ദുഷ്‌കരമായ രാജ്യത്ത് കടുത്ത പ്രതിഷേധങ്ങളാണ് നടക്കുന്നത്. ശ്രീലങ്കൻ കറൻസിയുടെ വില ഡോളറിനെതിരെയുള്ള വിനിമയ നിരക്കിൽ കൂപ്പുകുത്തി. സ്ഥിതി ഇത്രയും മോശമായിട്ടും രാജ്യം ഭരിക്കുന്ന രാജപക്സേ കുടുംബം ഒന്നും ചെയ്യുന്നില്ല.

എന്താണ് ശ്രീലങ്കയിലെ പ്രശ്നം?

പെട്രോളിനും ഡീസലിനും ഭീകര വില. പാചകവാതക സിലണ്ടർ കിട്ടാനില്ലാത്ത അവസ്ഥ. ഭക്ഷണ സാധനങ്ങളുടെ വില വർധനയെ തുടർന്ന് സാധാരണക്കാരും പാവപ്പെട്ടവരും ഭക്ഷണ സാധനങ്ങൾ വാങ്ങാൻ നിവൃത്തിയില്ലാതെ പട്ടിണിയിലാണ്. പമ്പുകളിൽ ഇന്ധന ലഭ്യത കുറവായതിനാൽ രാജ്യത്ത് എല്ലായിടത്തും വാഹനങ്ങളുടെ നീണ്ട നിര കാണാം. രാജ്യത്തെ സാമ്പത്തിക സ്ഥിതി ഇത്രയും മോശമായിട്ടും ലങ്കൻ സർക്കാർ ഇതിനെ മറികടക്കാൻ ഒന്നും ചെയ്തിട്ടില്ലെന്നതാണ് ഏറെ ആശ്ചര്യം. സർക്കാരിന്റെ ഈ തണുപ്പൻ പ്രതികരണത്തിന് എതിരെ കടുത്ത പ്രതിഷേധവുമായി രാഷ്ട്രീയ വ്യത്യാസമില്ലാതെ ജനം തെരുവിലിറങ്ങി. ഒരു ചെറിയ കമ്പിൽ രണ്ട് കഷ്‌ണം കരിഞ്ഞ റൊട്ടിയുമായി തെരുവിലെ പ്രതിഷേധത്തിന് നടുവിൽ അലറിവിളിക്കുന്ന ലങ്കൻ പൗരന്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ തരംഗമായി.

ലങ്കയിലെ റോഡുകളിൽ പ്രതിഷേധക്കാർ ടയറുകളും മറ്റും കൂട്ടിയിട്ട് കത്തിക്കുന്നതും പ്രതിഷേധ യോഗങ്ങൾ സംഘടിപ്പിക്കുന്നതും പതിവ് കാഴ്ചയായി മാറി. മാർച്ച് 15 ന് ലങ്കയിലെ പ്രധാന പ്രതിപക്ഷ പാർട്ടിയായ എസ്‌ജെബിയുടെ നേതൃത്വത്തിൽ പതിനായിരങ്ങളാണ് കൊളംബോയിൽ ഒത്തുചേർന്നത്. 265 ശ്രീലങ്കൻ റുപ്പി നൽകിയാലേ ഒരു യുഎസ് ഡോളർ ലഭിക്കൂവെന്ന സ്ഥിതിയായി. രാജ്യത്തെ നിലവിലെ പ്രതിസന്ധിക്ക് കാരണക്കാരായ പ്രസിഡന്റ് ഗോട്ടബായ രാജപക്സേ, പ്രധാനമന്ത്രി മഹീന്ദ്ര രാജപക്സേ, ധനമന്ത്രി ബസിൽ രാജപക്സേ എന്നിവർ രാജിവയ്ക്കണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെടുന്നു.

രാഷ്ട്രീയമില്ലാത്ത ജനകീയ പ്രതിഷേധം

ശ്രീലങ്കയിലെ രാഷ്ട്രീയ പാർട്ടികളെ അവിടുത്തെ ജനങ്ങൾക്ക് തീരെ വിശ്വാസമില്ലെന്ന് വ്യക്തമാക്കുന്ന പ്രതികരണമാണ് പ്രതിഷേധക്കാരുടെ ഇടയിൽ നിന്ന് ഉയർന്ന് വരുന്നത്. ഇതുവരെ ഒരു പ്രതിഷേധങ്ങൾക്കും പോയിട്ടില്ലാത്തവർ തനിയെ തെരുവുകളിലേക്ക് ഇറങ്ങുകയാണ്. അതിൽ 84 വയസ്സുള്ള വൃദ്ധ മുതൽ 20 വയസ്സുള്ള യുവതി വരെ ഉൾപ്പെടുന്നു. തങ്ങളുടെ രാജ്യത്തിന്റെ ഭാവിയിൽ തീരെ പ്രതീക്ഷയില്ലെന്നും തങ്ങളുടെ കുട്ടികൾ ഈ രാജ്യത്ത് എങ്ങനെ മുന്നോട്ടുള്ള ജീവിതം നയിക്കുമെന്നും അവർ ഒരേ സ്വരത്തിൽ ചോദിക്കുന്നു. 200ൽ കുറയാത്ത പ്രതിഷേധക്കാരെ ശ്രീലങ്കയിലെ പ്രധാനപ്പെട്ട തെരുവുകളിലെല്ലാം കാണാം.

ഹാഷ്‌ടാഗ് വാർ

ഗോട്ടബായ രാജപക്സേയെ പിന്തുണച്ച് #WearewithGota എന്ന ഹാഷ്‌ടാഗ് ഒരു മുതിർന്ന മന്ത്രി ട്വീറ്റ് ചെയ്തപ്പോൾ, വീട്ടിൽ പോയി ഇരിക്കൂ ഗോട്ടബായ എന്ന രീതിയിൽ #GohomeGota ടാഗുമായാണ് സാധാരണക്കാർ അതിനെ നേരിട്ടത്. നിലവിലെ ഭരണകക്ഷി നേതാക്കളുടെ വലിയ പരാജയമാണ് രാജ്യത്തിന്റെ ഇന്നത്തെ സ്ഥിതിക്ക് കാരണമെന്ന് ജനങ്ങൾ ഒന്നടങ്കം പറയുന്നു. ലങ്കൻ ആഭ്യന്തര യുദ്ധത്തിന്റെ ബുദ്ധിമുട്ടേറിയ നാളുകൾക്ക് ശേഷം ഇതാദ്യമായാണ് ലങ്കൻ ജനത ഇത്തരമൊരു പ്രതിസന്ധി അനുഭവിക്കുന്നതെന്ന് പ്രതിഷേധക്കാർ പറയുന്നു.

ശ്രീലങ്കയിലേക്ക് പോകരുതെന്ന് മുന്നറിയിപ്പ്

പ്രതിഷേധങ്ങൾ മൂലം സംഘർഷഭരിതമായ ശ്രീലങ്കയിലേക്ക് പൗരൻമാർ പോകരുതെന്ന് യുകെയും കാനഡയും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ലങ്കയിൽ സ്ഥിതി അതീവ ഗുരുതരമാണെന്നും അവശ്യസാധനങ്ങൾക്ക് ഉൾപ്പെടെ ക്ഷാമം നേരിടുകയാണെന്നും മുന്നറിയിപ്പിൽ പറയുന്നു. എന്നാൽ ഇത്തരമൊരു മുന്നറിയിപ്പ് നൽകേണ്ട ഒരു സാഹചര്യവും രാജ്യത്തില്ലെന്ന് ലങ്കൻ വിദേശകാര്യമന്ത്രി പ്രതികരിച്ചു. ടൂറിസമാണ് ലങ്കയുടെ പ്രധാന വരുമാന മാർഗങ്ങളിലൊന്ന്. ഇതിന് വലിയ തിരിച്ചടിയാകും നിലവിലെ സാഹചര്യം മൂലം ഉടലെടുക്കുക

LEAVE A REPLY

Please enter your comment!
Please enter your name here