വീടിന്റെ മതിലു ചാടി സിൽവർ ലൈൻ പദ്ധതിയ്‌ക്ക് കല്ലിടാൻ നീക്കം; ഉദ്യോഗസ്ഥരെ പട്ടിയെ വിട്ട് ഓടിച്ച് വീട്ടുകാരും; കെ റെയിലിനെതിരെ സംസ്ഥാനത്ത് അരങ്ങേറുന്നത് പുത്തൻ പ്രതിഷേധ രീതികൾ

0

കൊച്ചി: മൂവാറ്റുപുഴയിൽ സിൽവർ ലൈൻ പദ്ധതിയ്‌ക്ക് കല്ലിടാനെത്തിയ ഉദ്യോഗസ്ഥർക്ക് നേരെ വൻ പ്രതിഷേധം. ഗേറ്റ് അടച്ചിട്ടിടത്ത് ഉദ്യോഗസ്ഥർ മതിലു ചാടി വീട്ടുവളപ്പിൽ കല്ലിട്ടതോടെ സമീപത്തെ വീട്ടുടമസ്ഥർ വളർത്തു നായ്‌ക്കളെ തുറന്നുവിടുകയായിരുന്നു.

പട്ടിയെ അഴിച്ചു വിട്ടതോടെ കല്ലിടലിൽ നിന്നും അധികൃതർ പിൻവാങ്ങുകയും ചെയ്തു. സിൽവർ ലൈൻ കല്ലിടലിനെതിരെ സംസ്ഥാന വ്യാപകമായി ഇന്ന് വലിയ പ്രതിഷേധമാണ് കേരളത്തിലുടനീളം നടക്കുന്നത്. തിരുവനന്തപുരം മുരുക്കപുഴയിലും കോഴിക്കോട് മാത്തോട്ടത്തും ഉദ്യോഗസ്ഥർക്ക് നേരെ പ്രതിഷേധം നടന്നു. കല്ലിടാനെത്തിയ ഉദ്യോഗസ്ഥർക്കെതിരെ സ്ത്രീകളും പ്രതിഷേധവുമായെത്തി.

മുരുക്കുംപുഴ റെയിൽവേ സ്റ്റേഷന് സമീപം ബിബിന കോട്ടേജിൽ ബിബിന ലൊറൻസിന്റെ വീട്ടിലെത്തിയപ്പോൾ സ്ത്രീകൾ അധികൃതരെ തടഞ്ഞു. രണ്ടാം വട്ടമാണ് സ്ഥലം ഏറ്റെടുക്കുന്നതെന്ന് ബിബിന പറയുന്നു. വർഷങ്ങൾക്ക് മുൻപ് റെയിൽവേ ലൈൻ ഇരട്ടിപ്പിക്കുന്നതിന് ബിബിനയുടെ പത്തരസെന്റ് വസ്തു ഏറ്റെടുത്തിരുന്നു. അന്ന് വീടിന്റെ മുൻവശവും വീട്ടിലേക്കുള്ള വഴിയും നഷ്ടപ്പെട്ടു.

ബാക്കിവന്ന വീട്ടിലാണ് ഇപ്പോൾ ഇവരുടെ താമസം. കാർ ഇടുന്നത് റെയിൽവേ സ്‌റ്റേഷന് മുന്നിലാണ്. തുടർന്ന് നടത്തിയ നിയമപോരാട്ടത്തിലൂടെ ആകെ ലഭിച്ചത് ഒരു ലക്ഷം രൂപ മാത്രമാണെന്ന് ബിബിന പറയുന്നു. ഈ പ്രദേശത്ത് 23ഓളം വീടുകൾ പൂർണ്ണമായോ ഭാഗീകമായോ നഷ്ടപ്പെടുമെന്നാണ് പ്രതിഷേധക്കാർ പറയുന്നത്. കോഴിക്കോട് മാത്തോട്ടത്തും സിൽവർ ലൈൻ സർവ്വേക്കല്ല് സ്ഥാപിക്കുന്നതിനെതിരെ പ്രതിഷേധം ഉയർന്നു.

മുൻകൂട്ടി അറിയിക്കാതെ വീട്ടുമുറ്റത്ത് സർവ്വേക്കല്ല് സ്ഥാപിക്കാനെത്തിയെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. കെ-റെയിൽ റവന്യൂ പോലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ ചർച്ച നടത്തിയെങ്കിലും പ്രതിഷേധക്കാർ പിൻവാങ്ങിയില്ല. തുടർന്ന് ബലം പ്രയോഗിച്ച് പ്രതിഷേധക്കാരെ മാറ്റുകയായിരുന്നു. പോലീസ് സംരക്ഷണത്തിൽ സർവ്വേക്കല്ല് സ്ഥാപിക്കുന്നത് തുടരുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here