സംസ്‌ഥാനത്തെ ഗസറ്റഡ്‌ ഉദ്യോഗസ്‌ഥരുടെ പ്രവര്‍ത്തനം വിലയിരുത്തുന്ന കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ട്‌ സംവിധാനം ഉടച്ചുവാര്‍ത്ത്‌, മാര്‍ക്കിടല്‍ നടപ്പാക്കുന്നു

0

തിരുവനന്തപുരം : സംസ്‌ഥാനത്തെ ഗസറ്റഡ്‌ ഉദ്യോഗസ്‌ഥരുടെ പ്രവര്‍ത്തനം വിലയിരുത്തുന്ന കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ട്‌ (സി.ആര്‍) സംവിധാനം ഉടച്ചുവാര്‍ത്ത്‌, മാര്‍ക്കിടല്‍ നടപ്പാക്കുന്നു.
സി.ആര്‍. സംവിധാനം ഉദ്യോഗസ്‌ഥരുടെ പ്രവര്‍ത്തനമികവ്‌ പരിശോധിക്കാന്‍ അപര്യാപ്‌തമാണെന്ന ഭരണപരിഷ്‌കാര കമ്മിഷന്‍ റിപ്പോര്‍ട്ട്‌ വിലയിരുത്തിയാണു പുതിയ നടപടിയെന്ന്‌ സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു.
പെര്‍ഫോമന്‍സ്‌ അപ്രൈസല്‍ ഫോമില്‍ ഇനി മാര്‍ക്ക്‌ മാത്രമാകും ഉണ്ടാവുക. 1-10 വരെയാണു മാര്‍ക്ക്‌. മേലധികാരിയാണു മാര്‍ക്കിടേണ്ടത്‌.
അഞ്ചില്‍ താഴെ മാര്‍ക്ക്‌ നേടുന്നവര്‍ക്കു മതിയായ പരിശീലനം നല്‍കണം. ചില സ്‌പെഷലൈസ്‌ഡ്‌ തസ്‌തികകളില്‍ പുതിയ സംവിധാനം നടപ്പാക്കില്ല.
നിലവിലെ ഗ്രേഡിങ്‌ സംവിധാനത്തിനു നിരവധി പരിമിതികളുണ്ടെന്നും മേലുദ്യോഗസ്‌ഥര്‍ പക്ഷപാതപരമായി പെരുമാറുന്നുവെന്നും ഭരണപരിഷ്‌കാര കമ്മിഷന്‍ കണ്ടെത്തിയതായി ഉത്തരവില്‍ പറയുന്നു. മികവ്‌ നിര്‍ണയം തുടര്‍പ്രവര്‍ത്തനമാണെന്നും അത്‌ ജോലിയിലെ പ്രേരകശക്‌തിയായി മാറുന്നില്ലെന്നും കമ്മിഷന്‍ ചൂണ്ടിക്കാട്ടിയിരുന്നു.
പരിശീലനത്തിലൂടെ പ്രവര്‍ത്തനശേഷി വര്‍ധിപ്പിക്കുന്നതിനുള്ള സംവിധാനമാകണം സി.ആര്‍. എന്നാണു കമ്മിഷന്‍ നിര്‍ദേശിച്ചത്‌. പുതിയ സംവിധാനം ഉദ്യോഗസ്‌ഥരുടെ കുറ്റം കണ്ടുപിടിക്കാനല്ലെന്നും ശേഷിവികസനത്തിന്‌ ഉപയോഗിക്കണമെന്നും ഉത്തരവിലുണ്ട്‌. റിപ്പോര്‍ട്ടിങ്‌, അവലോകനം, അംഗീകാരം എന്നിങ്ങനെ മൂന്നുതലത്തിലാണു മികവ്‌ നിര്‍ണയിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here