ഫുൾ അന്താരാഷ്ട്ര പ്രശ്നങ്ങൾ… പാപ്പാന്‍ പരീക്ഷയിൽ ആനയെ പറ്റി ഒരു ചോദ്യവും ഇല്ല!

0

തിരുവനന്തപുരം: വനം വകുപ്പിന്റെ ആന പാപ്പാൻമാരെ തിരഞ്ഞെടുക്കാനുള്ള പിഎസ്‍സി പരീക്ഷയിൽ അന്താരാഷ്ട്ര കാര്യങ്ങൾ സംബന്ധിച്ച ചോദ്യങ്ങൾ മാത്രം. 100 എണ്ണത്തിൽ ആനയെക്കുറിച്ച് മാത്രം ഒരു ചോദ്യവും ഇല്ല!

ഡോ. കാറ്റലിൻ കാരിക്കോവ്, ഡോ. ‍ഡ്രൂ വൈസ്മാൻ ഇവർക്ക് എന്തിനാണ് നൊബേൽ കിട്ടിയത്? ചന്ദ്രയാൻ മൂന്നിന്റെ പൊജക്ട് ഡയറക്ടർ ആരാണ്? ദുബൈയിൽ നടന്ന സിഒപി 28 ഉച്ചകോടി ഏത് വിഷയവുമായി ബന്ധപ്പെട്ടതാണ്? യുകെ, ഇന്ത്യ, കെനിയ രാജ്യങ്ങളുടെ പ്രത്യേകത എന്താണ്?… ഇങ്ങനെ പോകുന്നു ചോദ്യങ്ങൾ. ഒപ്പം ഗണിതമടക്കമുള്ള മറ്റ് ചോദ്യങ്ങളും.ഏഴാം ക്ലാസും ആനയെ പരിപാലിച്ചതിന്റെ മുൻപരിചയവും ആവശ്യമുള്ള ജോലിക്കുള്ള പരീക്ഷക്കാണ് ഒരു ബന്ധവുമില്ലാത്ത 100 ചോദ്യങ്ങൾ ചോദിച്ച് പിഎസ്‍സി ട്രോൾ ഏറ്റുവാങ്ങിയത്. 11 പാപ്പാൻമാരെയാണ് എറണാകുളം, വയനാട് ജില്ലകളിലെ വനം വകുപ്പ് താവളങ്ങളിലേക്ക് തിരഞ്ഞെടുക്കുന്നത്. കാവടി എന്നാണ് തസ്തികയുടെ പേര്. 70ലധികം പേർ പരീക്ഷ എഴുതി.

ലാസ്റ്റ് ഗ്രേഡ് തസ്തികകൾക്കൊപ്പം പൊതുവായി നടത്തിയ പരീക്ഷ ആയതിനാലാണ് ഇത്തരം ചോദ്യങ്ങൾ വന്നത് എന്നാണ് പിഎസ്‍സി പറയുന്ന ന്യായം. പൊതു വിജ്ഞാന പരീക്ഷയ്ക്കു ശേഷം ആനയെ പരിചരിക്കുന്നതിലെ പ്രായോഗിക പരിചയം പരീക്ഷിക്കും. മൂന്ന് മാസം മുൻ പാഠ്യ പദ്ധതി പ്രസിദ്ധീകരിച്ചാണ് പരീക്ഷ നടത്തിയതെന്നും അന്നാരും പരാതി പറഞ്ഞില്ലെന്നും പിഎസ്‍സി വ്യക്തമാക്കി.

Leave a Reply