അന്നേ സുധീരൻ ചോദിച്ചു; “ആരാണി ശ്രീനിവാസൻ”

0

തിരുവനന്തപുരം: രാജ്യസഭാ സീറ്റിലേക്കുള്ള ഹൈക്കമാന്‍ഡ്‌ നോമിനി ശ്രീനിവാസന്‍ കൃഷ്‌ണനെ മുമ്പ്‌ എ.ഐ.സി.സി. സെക്രട്ടറിയായി നിയമിച്ചപ്പോള്‍ കെ.പി.സി.സി. മുന്‍ അധ്യക്ഷന്‍ വി.എം. സുധീരന്‍ ഉന്നയിച്ച ചോദ്യം സമൂഹികമാധ്യമങ്ങളില്‍ വീണ്ടും ചര്‍ച്ചയാകുന്നു.

ആരാണീ ശ്രീനിവാസനെന്നായിരുന്നു അന്ന്‌ സുധീരന്റെ ചോദ്യം. ശ്രീനിവാസന്റേതു പിന്‍വാതില്‍ നിയമനമെന്നു വിമര്‍ശിക്കുകയും അന്നത്തെ ദേശീയാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ എതിര്‍പ്പറിയിക്കുകയും ചെയ്‌തിരുന്നു.


സുധീരന്റെ അന്നത്തെ വിമര്‍ശനക്കുറിപ്പിന്റെ പൂര്‍ണരൂപം: “കോണ്‍ഗ്രസ്‌ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പ്രധാനസഹായികളില്‍ പ്രമുഖനായി നമ്മുടെ നേതാവ്‌ എ.കെ. ആന്റണി നിലകൊള്ളുന്നതു നമുക്കെല്ലാം അഭിമാനകരമാണ്‌. ജനാധിപത്യ മതേതരമുന്നേറ്റത്തിന്‌ ആവേശകരമായി നേതൃത്വം കൊടുക്കുന്ന രാഹുല്‍ജിയെ ലക്ഷ്യത്തിലെത്തിക്കുന്നതില്‍ സഹായകമായി കെ.സി. വേണുഗോപാലും പി.സി. വിഷ്‌ണുനാഥും നിയോഗിക്കപ്പെട്ടതും ഏല്‍പ്പിക്കപ്പെട്ട ചുമതല തങ്ങളാലാവും വിധം ഭംഗിയായി നിറവേറ്റുന്നതും സന്തോഷത്തോടെയാണു നമ്മളെല്ലാവരും കാണുന്നത്‌.


കഠിനാധ്വാനിയായ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ എ.ഐ.സി.സി. ജനറല്‍ സെക്രട്ടറിയായി നിയമിച്ച്‌ ആന്ധ്രയില്‍ കോണ്‍ഗ്രസിനെ ശക്‌തിപ്പെടുത്താന്‍ നിയോഗിച്ചതും നമ്മുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്ന നല്ലകാര്യമാണ്‌. എന്നാല്‍ ഇപ്പോള്‍ ഒരു ശ്രീനിവാസന്‍ എ.ഐ.സി.സി. സെക്രട്ടറിയായി വന്നിരിക്കുന്നത്‌ അത്ഭുതത്തോടും തെല്ലൊരു ഞെട്ടലോടെയുമാണു കേരളത്തിലെ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരും കോണ്‍ഗ്രസിനെ സ്‌നേഹിക്കുന്ന സാധാരണ ജനങ്ങളും അറിഞ്ഞത്‌.


ആരാണീ ശ്രീനിവാസന്‍ എന്ന ചോദ്യമാണു വ്യാപകമായി പാര്‍ട്ടി പ്രവര്‍ത്തകരുടെ മനസില്‍ ഉയരുന്നത്‌. കോണ്‍ഗ്രസ്‌ പ്രവര്‍ത്തനരംഗത്തു മതിയായ പശ്‌ചാത്തലമില്ലാത്ത ഒരാള്‍ എങ്ങനെ ഇതുപോലൊരു സുപ്രധാനസ്‌ഥാനത്ത്‌ വന്നുപെട്ടു? ഏതായാലും പിന്‍വാതിലില്‍ കൂടിയുള്ള ഈ വരവ്‌ ഒഴിവാക്കപ്പെടേണ്ടതായിരുന്നു. പാര്‍ട്ടി പ്രവര്‍ത്തകരുടെ മനോവീര്യം തകര്‍ക്കുന്നതും തെറ്റായ സന്ദേശം നല്‍കുന്നതുമായ ഈ നടപടിയോടുള്ള വിയോജിപ്പ്‌ കഴിഞ്ഞദിവസംതന്നെ രാഹുല്‍ജിയെ അറിയിച്ചിട്ടുണ്ട്‌”.

LEAVE A REPLY

Please enter your comment!
Please enter your name here