ചലച്ചിത്ര പ്രവർത്തകർക്ക് വേണ്ടി ഫെഫ്കയുടെയും കേന്ദ്ര തൊഴിൽ മന്ത്രാലയത്തിന്റെയും സൗജന്യ ദ്വിദിന മെഡിക്കൽ ക്യാമ്പ്; ഫെഫ്ക പ്രസിഡന്റ് സിബി മലയിൽ ഉദ്‌ഘാടനം ചെയ്തു

0

കൊച്ചി : ചലച്ചിത്ര പ്രവർത്തകർക്ക് വേണ്ടി ഫെഫ്കയും കേന്ദ്ര തൊഴിൽ മന്ത്രാലയവും സംയുക്തമായി നടത്തുന്ന ദ്വിദിന സൗജന്യ മെഡിക്കൽ ക്യാമ്പിന്റെ ഉദ്‌ഘാടനം ഫെഫ്ക പ്രസിഡന്റ് ശ്രീ സിബി മലയിൽ കൊച്ചിയിൽ നിർവ്വഹിച്ചു.

തിരുവനന്തപുരം ലേബർ വെൽഫെയർ ഓർഗനൈസേഷന്റെ കീഴിലുള്ള ഗുരുവായൂർ ഡിസ്പെൻസറിയിലെ ഡോക്ടർ ജോൺ ബാബു അധ്യക്ഷനായ ചടങ്ങിൽ ഓ എസ്‌ ഗിരീഷ് , ശ്രീകുമാർ അരൂക്കുറ്റി , സുന്ദർദാസ് എന്നിവർ ആശംസകൾ നേർന്നു. നഴ്സിങ് ഓഫീസർ ശ്രീ അനൂപ് സ്വാഗതവും ഫെഫ്ക വർക്കിങ്ങ് സെക്രട്ടറി സോഹൻ സീനുലാൽ നന്ദിയും പറഞ്ഞു.

ചലച്ചിത്ര പ്രവർത്തകരും കുടുംബാംഗങ്ങളും പങ്കെടുത്ത ക്യാമ്പിൽ ജനറൽ ഹോസ്പിറ്റലിലെ ചർമ്മ രോഗ വിദഗ്ദ്ധ ഡോക്ടർ ബീന റാണി, നേത്ര രോഗ വിദഗ്ദ്ധ ഡോക്ടർ റോസ്മി വർഗ്ഗീസ്, ഗുരുവായൂർ ഡിസ്പെൻസറിയിലെ മെഡിക്കൽ ഓഫീസർ ഡോക്ടർ ജോൺ ബാബു എന്നിവർ രോഗികളെ പരിശോധിച്ച്‌ മരുന്നുകൾ വിതരണം ചെയ്തു.

സിനിമാ പ്രവർത്തകർക്കിടയിൽ കണ്ണൂർ കാർഡ് എന്ന് അറിയപ്പെടുന്ന സിനി വർക്കേഴ്സ് വെൽഫയർ ഫണ്ടിന്റെ ഐ ഡി കാർഡ് ഇല്ലാത്തവർ ഫെഫ്കയുടെ അംഗത്വ കാർഡ് കരുതണമെന്ന് സംഘാടകർ അറിയിച്ചു. പുതുതായി അംഗത്വം എടുക്കേണ്ടവർക്കുള്ള അപേക്ഷാ ഫോറം ക്യാമ്പിൽ നിന്ന് ലഭിക്കുന്നതാണ്. നാളെ 10 മണി മുതൽ 1 വരെ എറണാകുളം രാജഗിരി ഹോസ്പിറ്റലിലെ പ്രമേഹ രോഗ വിദഗ്ധരും ഉദര രോഗവിദഗ്ദരും ക്യാമ്പിൽ പങ്കെടുക്കും .

തിരുവനന്തപുരം ലേബർ വെൽഫെയർ ഓർഗനൈസേഷനിലെ വെൽഫെയർ കമ്മീഷണർ ഡോക്ടർ യൂജിൻ ഗോമസിന്റെ നേതൃത്വത്തിൽ ആയിരുന്നു ക്യാമ്പ് സംഘടിപ്പിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here