കോണ്‍ഗ്രസ്‌ ദയനീയമായി തോറ്റതിന്റെ ഉത്തരവാദിത്വം ചിലരുടെ ചുമലില്‍മാത്രം കെട്ടിവയ്‌ക്കുന്ന പ്രവണത അംഗീകരിക്കാനാവില്ല; കെ.പി.സി.സി. നേതൃത്വത്തിന്റെ നിലപാടില്‍ അതൃപ്‌തി പുകയുന്നു

0

തിരുവനന്തപുരം : അഞ്ചു സംസ്‌ഥാനങ്ങളില്‍ അടുത്തിടെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്‌ ദയനീയമായി തോറ്റതിന്റെ ഉത്തരവാദിത്വം ചിലരുടെ ചുമലില്‍മാത്രം കെട്ടിവയ്‌ക്കുന്ന പ്രവണത അംഗീകരിക്കാനാവില്ലെന്നും ജയ-പരാജയങ്ങളില്‍ എല്ലാവര്‍ക്കും കൂട്ടുത്തരവാദിത്വമുണ്ടെന്നുമുള്ള കെ.പി.സി.സി. നേതൃത്വത്തിന്റെ നിലപാടില്‍ അതൃപ്‌തി പുകയുന്നു.
കേരളത്തില്‍ തോറ്റപ്പോള്‍ ഉത്തരവാദിത്വം മുഴുവന്‍ ചില നേതാക്കളില്‍ കെട്ടിവയ്‌ക്കുകയും അവരെ പുറത്താക്കി സ്‌ഥാനം നേടുകയും ചെയ്‌തശേഷം നടത്തുന്ന ഇത്തരം പ്രസ്‌താവനകള്‍ക്ക്‌ അതിന്റേതായ വിലമാത്രമേ നല്‍കുകയുള്ളൂവെന്ന്‌ ഒരു വിഭാഗം നേതാക്കളും പ്രവര്‍ത്തകരും ചൂണ്ടിക്കാട്ടി. കേരളത്തിന്റെ കാര്യത്തില്‍ അന്ന്‌ ഹൈക്കമാന്‍ഡും കെ. സുധാകരനും എന്തുകൊണ്ട്‌ ഈ ന്യായം പറഞ്ഞില്ല എന്നാണ്‌ ഇവര്‍ ചോദിക്കുന്നത്‌.
അഞ്ചു സംസ്‌ഥാനങ്ങളിലെ തെരഞ്ഞെടുപ്പ്‌ പരാജയത്തിന്റെ ഉത്തരവാദിത്വം ആരോപിച്ചു സംഘടനാ ചുമതലയുള്ള എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിനെതിരേ വലിയ രീതിയിലാണ്‌ സാമൂഹിക മാധ്യമങ്ങളില്‍ ആക്ഷേപങ്ങളും ആരോപണങ്ങളും ഉയരുന്നത്‌. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ അദ്ദേഹത്തിനെതിരേ പോസ്‌റ്ററും പ്രത്യക്ഷപ്പെട്ടു. ആക്ഷേപവും ആരോപണവും പരിധിവിടുന്നെന്ന വിലയിരുത്തലാണ്‌ കെ.പി.സി.സി. നേതൃത്വത്തിനുള്ളത്‌. ഈ സാഹചര്യത്തിലാണു ശക്‌തമായ മുന്നറിയിപ്പുമായി കെ.പി.സി.സി. പ്രസിഡന്റ്‌ കെ. സുധാകരന്‍ രംഗത്തുവന്നത്‌.
സാമൂഹിക മാധ്യമങ്ങളില്‍ നേതാക്കളെ പരസ്യമായി അധിക്ഷേപിക്കുന്നതും വ്യക്‌തിഹത്യ നടന്നതും അംഗീകരിക്കാനാവില്ലെന്നും അത്തരക്കാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നും കെ. സുധാകരന്‍ വ്യക്‌തമാക്കി. “അഞ്ചു സംസ്‌ഥാനങ്ങളിലെ തെരഞ്ഞെടുപ്പു ഫലം വന്നശേഷം കേരളത്തില്‍ സാമൂഹിക മാധ്യമങ്ങളിലൂടെ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, കെ.സി. വേണുഗോപാല്‍ എന്നിവരെ ഒറ്റതിരിഞ്ഞ്‌ ആക്രമിക്കുന്നതു ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്‌. ഇതു കെ.പി.സി.സി. നിരീക്ഷിച്ചുവരികയാണ്‌.
പരാജയ കാരണം ചിലരുടെ ചുമലില്‍മാത്രം കെട്ടിവയ്‌ക്കുന്ന പ്രവണത അംഗീകരിക്കാനാവില്ല. ജയ-പരാജയങ്ങളില്‍ എല്ലാവര്‍ക്കും കൂട്ടുത്തരവാദിത്വമുണ്ട്‌. നേതാക്കളെ അപകീര്‍ത്തിപ്പെടുത്തും വിധം സാമൂഹിക മാധ്യമങ്ങളിലും മറ്റും പരസ്യമായി പ്രതികരിക്കുന്നത്‌ അച്ചടക്കലംഘനമായി കാണേണ്ടിവരും. വിമര്‍ശനങ്ങളും അഭിപ്രായങ്ങളും പാര്‍ട്ടി വേദികളിലാണ്‌ രേഖപ്പെടുത്തേണ്ടത്‌. അല്ലാതെ മാധ്യമങ്ങളിലൂടെ പരസ്യമായി പ്രതികരിക്കുന്നവര്‍ക്കെതിരേ സംഘടനാപരമായ നടപടി സ്വീകരിക്കും”- സുധാകരന്‍ പറഞ്ഞു..

LEAVE A REPLY

Please enter your comment!
Please enter your name here