നീതുവിന്  ഇത് ആശ്വാസത്തിന്റെ വനിതാ ദിനം

0

മെഡിക്കെ: യുക്രൈനിൽ  നിന്ന് പ്രതിസന്ധി അതിജീവിച്ച് അതിർത്തി കടന്ന പാലക്കാട്ടുകാരി നീതുവിന്  ഇത് ആശ്വാസത്തിന്റെ വനിതാ ദിനമാണ്  . പൂർണഗർഭിണിയായ നീതുവിന് സംരക്ഷണം ഒരുക്കിയിരിക്കുകയാണ് പോളണ്ടിലെ സന്മനസുള്ള ചില മലയാളികൾ. നീതുവിന് ചികിത്സാ സൗകര്യത്തോടൊപ്പം ഭർത്താവിന് ജോലിയും ഇവിടുത്തെ മലയാളികൾ ഉറപ്പാക്കി. പോളണ്ട് യുക്രൈൻ അതിർത്തിയിൽ നിന്ന് പ്രശാന്ത് രഘുവംശം തയ്യാറാക്കിയ റിപ്പോർട്ട്. 

യുക്രൈൻ പോളണ്ട് അതിർത്തിയായ മെഡിക്കെയിൽ നിന്നാണ് നീതുവിന്റെ സന്തോഷം ഏഷ്യാനെറ്റ് ന്യൂസ് പങ്കുവെക്കുന്നത്. കഴിഞ്ഞ ബുധനാഴ്ചയാണ് നീതു അഭിജിത്ത് എന്ന് പൂർണ​ഗർഭിണിക്ക് വാഹനം പോലും കിട്ടാതെ യുക്രൈനിൽ കാത്തു നിൽക്കുന്ന എന്ന റിപ്പോർട്ട് ഏഷ്യാനെറ്റ് ന്യൂസ് പുറത്തുവിട്ടത്. അതിനു ശേഷം പല മലയാളി സംഘടനാ നേതാക്കളും ഈ വിഷയത്തിൽ‌ ഇടപെട്ടിരുന്നു. നീതുവിനും കുടുംബത്തിനും യുക്രൈനിൽ നിന്ന് പോളണ്ടിലേക്ക് കടക്കാനുള്ള വാഹനങ്ങൾ ഏർപ്പാടാക്കി. അവരെ സുരക്ഷിതമായി പോളണ്ടിലെത്തിച്ചു. കൊച്ചി സ്വദേശിയാണ് അഭിജിത്ത്. 

രണ്ട് പേരും ഇപ്പോൾ പോളണ്ടിലെ വാഴ്സോയിലാണ് ഉള്ളത്. ഇവിടെയൊരു അപ്പാർട്ട്മെന്റ് തയ്യാറാക്കി നൽകാൻ മലയാളിസംഘടനാ നേതാക്കൾ തീരുമാനിച്ചിട്ടുണ്ട്. യുക്രാനിൽ ഹോട്ടൽ നടത്തുകയായിരുന്നു അഭിജിത്ത്. അതെല്ലാം ഉപേക്ഷിച്ചാണ് പോളണ്ടിലേക്ക് വന്നത്. ഇവിടെയുള്ള മലയാളികളുടെ സ്ഥാപനത്തിൽ ജോലി നൽകാനുള്ള തീരുമാനവും ആയിട്ടുണ്ട്. 

അഞ്ച് ദിവസം തങ്ങൾ യുക്രൈനിൽ അണ്ടർ​ഗ്രൗണ്ട് ബങ്കറിലായിരുന്നെന്ന് അഭിജിത്ത് പറയുന്നു. നീതുവിന് പ്രസവത്തിനായി പറഞ്ഞ തീയതി അടുക്കാൻ പതിനഞ്ച് ദിവസത്തിൽ താഴയേ ഉണ്ടായിരുന്നുള്ളു. എല്ലാം ഇട്ടെറിഞ്ഞു പോരാതിരിക്കാൻ ഒരു നിവൃത്തിയുമില്ലായിരുന്നു. നാട്ടിൽ നിന്നുള്ള അന്വേഷണങ്ങൾക്കും സഹായങ്ങൾക്കും പരിമിതി ഉണ്ടായിരുന്നു. പക്ഷേ, പോളണ്ടിലെ മലയാളികളുടെ സഹായം മറക്കാനാവില്ല. അവർ തുടർച്ചയായി തങ്ങളെ ബന്ധപ്പെട്ടുകൊണ്ടിരുന്നു. അതോടെ നമുക്കും ആത്മവിശ്വാസം കൂടി വന്നു എന്നും അഭിജിത് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

പോളണ്ടിലെ ഇവരുടെ വിസ കാലാവധി നീട്ടാനുള്ള ശ്രമങ്ങൾ മലയാളി സംഘടനകൾ നടത്തിയിട്ടുണ്ട്. 

LEAVE A REPLY

Please enter your comment!
Please enter your name here