സംസ്ഥാന വ്യാപകമായി ടാറ്റൂ സ്ഥാപനങ്ങളിൽ എക്സൈസ് പരിശോധന നടത്തുന്നു

0

തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി ടാറ്റൂ സ്ഥാപനങ്ങളിൽ എക്സൈസ് പരിശോധന നടത്തുന്നു. ടാറ്റു ചെയ്യുമ്പോൾ വേദന അറിയാതിരിക്കാൻ ലഹരി മരുന്ന് നൽകുന്നെന്ന വിവരത്തെത്തുടർന്നാണ് നടപടി. മലപ്പുറം തിരൂരിലെ ടാറ്റൂ സ്ഥാപനത്തിൽ നിന്ന് 20 ഗ്രാം കഞ്ചാവ് കണ്ടെടുത്തതായി എക്സൈസ് അറിയിച്ചു.

ഇന്നലെ കോഴിക്കോട് ജില്ലയിലെമ്പാടുമുള്ള ടാറ്റൂ സ്ഥാപനങ്ങളിൽ എക്സൈസ് പരിശോധന നടത്തിയിരുന്നു. 4 സർക്കിൾ ഇൻസ്പെക്ടർമാരുടെ നേതൃത്വത്തിൽ 9 റേഞ്ചുകളിലാണ് പരിശോധന നടത്തിയത്. ലഹരിവസ്തുക്കൾ കണ്ടെത്തിയില്ലെന്നും എക്സൈസ് അറിയിച്ചു.

ശരീരത്തിൽ ടാറ്റൂ അടിക്കുന്നത് പലർക്കും ഒരു ഹരമാണ്. അല്പം വേദന സഹിച്ചാണെങ്കിലും അതിലും സന്തോഷം കണ്ടെത്തുന്നവരാണ് പുതിയ തലമുറ. ടാറ്റൂ ചെയ്യുന്നതും ഒരു കല തന്നെയാണ്. സൂചിമുന കൊണ്ട് ത്വക്കിലേക്ക് മഷി ഇൻജക്ട് ചെയ്താണ് ടാറ്റു പതിപ്പിക്കുന്നത്. തൊലിയിലെ രണ്ടാംപാളിയിലേക്കാണ് മഷി ഇറങ്ങുന്നത്. തുടർച്ചയായ സൂചിപ്രയോഗം മൂലം വേദനയും മരവിപ്പും ഉണ്ടാകുന്നതിനാൽ പിന്നീട്ട് എന്തൊക്കെ ചെയ്യും എന്നത് തിരിച്ചറിയാൻ പോലും കഴിയില്ലെന്ന് ടാറ്റൂ ആർട്ടിസ്റ്റ് സുജേഷിനെതിരെ പരാതി നൽകി യുവതികളിൽ ചിലർ പറയുന്നു.

ഇത്തരത്തിൽ ഒരു അവസ്ഥ നിലനിൽക്കുന്നുണ്ട് എന്ന വെളിപ്പെടുമ്പോൾ പോലീസിൽ സംശയം ജനിപ്പിക്കുന്നത് മറ്റൊന്നാണ്. അതിനിടെ കൊച്ചിയിലെ ടാറ്റു സ്ഥാപനങ്ങളിൽ മയക്കുമരുന്ന് എത്താറുണ്ടോ എന്നാണ് അവർ പരിശോധിക്കാൻ തീരുമാനിക്കുന്നത്. വലിയ മയക്കുമരുന്ന് സംഘങ്ങളുമായി ഈ ടാറ്റൂ പ്രമുഖർക്കുള്ള ബന്ധത്തെ കുറിച്ച് മുൻപും വാർത്തകൾ വന്നിരുന്നു. ഇട്ടാരത്തിലുന്ന ടാറ്റൂ സ്റ്റുഡിയോകൾ ന്യൂജെൻ മയക്കു മരുന്നുകളുടെ വിൽപ്പന കേന്ദ്രങ്ങളായി ഇത് മാറുന്നുണ്ടോ എന്നും പോലീസ് പരിശോധിക്കും.

അതിനിടെ ടാറ്റു സ്റ്റുഡിയോകളുടെ കാര്യത്തിൽ വ്യക്തമായ മാർഗനിർദ്ദേശം അനിവാര്യമാണെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ സി.എച്ച്. നാഗരാജു പറഞ്ഞു. മറ്റു മേഖലകളിലും ദുരുപയോഗം ഇല്ലാതാക്കാൻ വ്യക്തമായ നിബന്ധന പുറപ്പെടുവിച്ചിട്ടുണ്ട്. അത് ഈ മേഖലയിലും അനിവാര്യമാണെന്ന് കമ്മീഷണർ വിശദീകരിക്കുന്നു.

പച്ചകുത്തുന്നത് സുരക്ഷിതമായി നടത്തണമെന്ന് സർക്കാർ ഉത്തരവുണ്ട്. സുരക്ഷിതമല്ലാത്ത മാർഗങ്ങളിലൂടെ പച്ചകുത്തുന്നത് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കിയേക്കാം എന്ന് ചൂണ്ടിക്കാട്ടിയുള്ള പരാതിയെ തുടർന്നായിരുന്നു സർക്കാർ കഴിഞ്ഞ വർഷം ഇടപെടൽ നടത്തിയത്. പൊതുസ്ഥലങ്ങൾ, ഉത്സവപ്പറമ്പുകൾ ,സ്ഥാപനങ്ങൾ, തെരുവോരങ്ങൾ എന്നിവിടങ്ങളിൽ പച്ചകുത്തുമ്പോൾ സുരക്ഷിതമല്ലാത്ത മാർഗങ്ങളിൽ പച്ചകുത്തുന്നുണ്ടെന്നായിരുന്നു പരാതി. ഹെപ്പറ്റെറ്റിസ്, എച്ച്.ഐ.വി പോലുള്ള രോഗങ്ങൾക്ക് കാരണമാകാമെന്നും വിലയിരുത്തൽ എത്തി.

ട്രാവൻകൂർ കൊച്ചിൻ പബ്ലിക് ഹെൽത്ത് ആക്ടിലെ വകുപ്പുകൾ ഉപയോഗിച്ച് ഒരേ മഷിയും സൂചിയും ഉപയോഗിച്ചുള്ള പച്ചകുത്തൽ നിരോധിക്കുന്നതിനും, പച്ചകുത്തലിനു നിയന്ത്രണങ്ങൾ ഏർപെടുത്തുന്നതിനുമാണ് സർക്കാർ ഉത്തരവ്. പച്ചകുത്തുന്നതിന് ലൈസൻസുള്ള ഏജൻസിക്ക് മാത്രം അനുമതി നൽകുക, പച്ച കുത്തുന്ന വ്യക്തി ഗ്ലൗസ് ധരിക്കുക, പച്ച കുത്തുന്ന വ്യക്തികൾ ഹെപ്റ്റിപ്സ് ബി വാക്‌സിൻ എടുക്കുക, ഉപകരണങ്ങൾ അണുവിമുക്തമാക്കുക പച്ച കുത്തിയ ശേഷവും, അതിന് മുൻപും പച്ച കുത്തിയ ഭാഗം സോപ്പും ജലവും ഉപയോഗിച്ച് വൃത്തിയാക്കുക എന്നതായിരുന്നു പ്രധാന നിർദ്ദേശം.

പച്ച കുത്തൽ തൊഴിലായി സ്വീകരിച്ചവർക്ക് ലൈസൻസ് ഏർപ്പെടുത്താനും നിർദ്ദേശമുണ്ടായിരുന്നു. എന്നാൽ ഇതൊന്നും നടന്നില്ലെന്നതാണ് വസ്തുത. ഉത്തരവിൽ മാത്രം എല്ലാം ഒതുങ്ങി. പച്ചകുത്തൽ മാഫിയയുടെ സ്വാധീനമായിരുന്നു ഇതിന് കാരണം. താൽക്കാലികം, സ്ഥിരമായുള്ളത് എന്നിങ്ങനെ രണ്ടു വിഭാഗങ്ങളാണ് ടാറ്റുവിലുള്ളത്. ഇതിൽ താൽക്കാലികത്തിന് ആവശ്യക്കാർ തുലോം കുറവാണ്. പേരു സൂചിപ്പിക്കുന്നത് പോലെ ഇതിനായുസ്സ് കുറവാണ്. സിനിമാ താരങ്ങൾ, മോഡലുകൾ എന്നിങ്ങനെ ഉള്ളവരാണ് താൽക്കാലികമായി ടാറ്റൂ ചെയ്യുന്നത്. ഷൂട്ടിംഗിനോ മോഡലിംഗിനോ വേണ്ടി മാത്രം ചെയ്യുന്ന ഈ ടാറ്റു രണ്ടു ദിവസം മുതൽ പതിനഞ്ചു ദിവസം വരെ നിർത്താനാകും.

സ്ഥിരമായി നിൽക്കുന്ന ടാറ്റൂ ഒരിക്കൽ ചെയ്താൽ പതിനെട്ടു വർഷം വരെ ശരീരത്തിൽ ഉണ്ടാവും. പക്ഷെ പെർമനന്റ് ടാറ്റു ചെയ്യുന്നതിന് ചില നിബന്ധനകൾ ഉണ്ട് (പലരും പാലിക്കുന്നില്ലെങ്കിലും). ടാറ്റു ചെയ്യുന്നയാൾക്ക് പതിനെട്ട് വയസ് കഴിഞ്ഞിട്ടുണ്ടെങ്കിൽ മാത്രമെ അംഗീകൃതമായ ടാറ്റു സ്റ്റുഡിയോകൾ ടാറ്റു പതിച്ചു നൽകുകയുള്ളൂ എന്നാണ് പുറത്തു പറയുന്നത്. എന്നാൽ ഇത് പാലിക്കപ്പെടാറില്ലെന്നതാണ് വസ്തുത.

ഇരുമ്പ് സംയുക്തങ്ങൾ അടങ്ങിയ മഷികൊണ്ടു പച്ച കുത്തപ്പെട്ട ശരീര ഭാഗങ്ങൾ ഏതെങ്കിലും കാരണവശാൽ വിവിധ രോഗ നിർണ്ണയങ്ങൾക്കായി എംആർഐ സ്‌കാൻ ചെയ്യേണ്ടി വരികയാണെങ്കിൽ ഈ ലോഹസംയുക്തങ്ങൾ കാന്തികവൽക്കരിക്കപ്പെടുകയും മാഗ്‌നറ്റിക് ഹിസ്റ്റെറിസിസ് എന്ന പ്രതിഭാസത്തിന്റെ ഫലമായി ഈ ഭാഗങ്ങൾ ചൂടാകാനും പൊള്ളലേൽക്കാനും സാധ്യതയുണ്ട്. വിവിധ ലോഹങ്ങൾ അടങ്ങിയ മഷികൾ ഉപയോഗിച്ചുകൊണ്ടുള്ള പച്ചകുത്തലുകൾ ത്വക്കിലെ കാൻസർ ഉൾപ്പെടെയുള്ള മാരക രോഗങ്ങൾക്കും കാരണമാകാം.

ട്രെൻഡായതോടെ സംസ്ഥാനത്ത് മുട്ടിനു മുട്ടിന്‌ ‘ടാറ്റു സ്റ്റുഡിയോ’കൾ മുളച്ചുപൊന്തുന്നു. പഞ്ചായത്ത്, അല്ലെങ്കിൽ കോർപ്പറേഷൻ ലൈസൻസ് ഉപയോഗിച്ച് നഗരങ്ങളിലും ഗ്രാമമേഖലകളിലും വരെ ടാറ്റു സ്റ്റുഡിയോ എത്തിക്കഴിഞ്ഞു. കേരളത്തിൽ മൊത്തം 250-ലധികം ടാറ്റു സ്റ്റുഡിയോകളുണ്ടെന്നാണ് കണക്ക്. കൊച്ചി നഗരത്തിൽ മാത്രം 50-ലധികം സ്ഥാപനങ്ങളുണ്ട്. പുതിയ കാലഘട്ടത്തിന്റെ ബിസിനസ് എന്നതിലുപരി നിയന്ത്രണങ്ങളൊന്നും ഈ മേഖലയിലില്ല.

മുമ്പ് ‘ഇന്റർനെറ്റ് കഫേ’കൾ പെരുകിയപ്പോൾ നടപ്പിലാക്കിയ നിയന്ത്രണം പോലെ ഈ രംഗത്തും വരേണ്ടതുണ്ട്. ഒരു ടാറ്റു സ്റ്റുഡിയോ എങ്ങനെ പ്രവർത്തിക്കണം…?, അവിടെ ഒരുക്കേണ്ട സൗകര്യങ്ങൾ എന്തൊക്കെ…?, അവിടത്തെ ഭൗതീക സാഹചര്യമെന്ത്…? തുടങ്ങിയ കാര്യത്തിൽ ഇപ്പോഴും അവ്യക്തതയാണ്.

കൊച്ചിയിലെ ടാറ്റു സ്റ്റുഡിയോയിലെ പീഡന പരാതിയെത്തുടർന്ന് പോലീസ് നടത്തിയ പരിശോധനയിലും ഇത് വ്യക്തമായിട്ടുണ്ട്. പലയിടങ്ങളിലും മതിയായ ജീവനക്കാരില്ല. സ്ത്രീകൾ ടാറ്റു ചെയ്യാൻ വരുന്ന സ്റ്റുഡിയോകളിൽ പലയിടത്തും സ്ത്രീജീവനക്കാരുമില്ല. മണിക്കൂറുകൾ സ്ത്രീകൾ ചെലവഴിക്കേണ്ട സ്ഥലമായിട്ടും അവർക്കാവശ്യമായ സൗകര്യം കുറവാണെന്നും കണ്ടെത്തി.

ടാറ്റു മേഖലയിൽ സ്ത്രീ ആർട്ടിസ്റ്റുകൾ കുറവാണ്. ടാറ്റു ചെയ്യാൻ ആഗ്രഹിക്കുന്ന സ്ത്രീകൾ അതിനാൽ പുരുഷന്മാർ ആർട്ടിസ്റ്റുമാരായ സ്റ്റുഡിയോകളിൽ പോകാൻ നിർബന്ധിതരാകുന്നുണ്ട്. സ്ത്രീകൾ മണിക്കൂറുകൾ സ്റ്റുഡിയോയിൽ ചെലവഴിക്കേണ്ടിവരും. ഒരു ക്ലിനിക്കൽ ലാബിനു വേണ്ട സജ്ജീകരണങ്ങളും ഉപകരണങ്ങളും ജൈവ മാലിന്യ സംസ്കരണ സംവിധാനങ്ങളും ഇത്തരം സ്റ്റുഡിയോകൾക്ക് വേണം.

അതത് തദ്ദേശവകുപ്പ് സെക്രട്ടറിമാരാണ് ഇത്തരം സ്ഥാപനം തുടങ്ങാൻ ലൈസൻസ് നൽകുന്നത്. ആരോഗ്യവകുപ്പുമായി ബന്ധപ്പെടുമ്പോൾ അവർ കൈമലർത്തുകയാണ്. ലൈസൻസുള്ള വിദഗ്ദ്ധനായിരിക്കണം ടാറ്റു ചെയ്യേണ്ടതെങ്കിലും ആർക്കാണ് ലൈസൻസ് ഉള്ളതെന്നോ, എവിടെ നിന്നാണ് ലൈസൻസ് കിട്ടിയതെന്നോ തുടങ്ങിയ കാര്യങ്ങൾ ടാറ്റു ചെയ്യാൻ വരുന്ന പലർക്കും അറിയാനാകുന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here