ഉടുമ്പൻചോലയിൽ ഏലത്തോട്ടത്തിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കളുടെ ആരോപണം

0

ഉടുമ്പൻചോലയിൽ ഏലത്തോട്ടത്തിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കളുടെ ആരോപണം. മഞ്ഞപ്പെട്ടി സ്വദേശിയായ ജയകുമാറിനെ അപായപെടുത്തുകയായിരുന്നുവെന്ന് ആരോപണം. നെടുങ്കണ്ടത്തെ ഓട്ടോറിക്ഷാ തൊഴിലാളിയായ ജയകുമാറിനെ കഴിഞ്ഞ ബുധനാഴ്ചയാണ് ഉടുമ്പൻചോല കള്ള് ഷാപ്പിന് സമീപത്തെ ഏലതോട്ടത്തിൽഅവശനിലയിൽ കണ്ടെത്തിയത്.

ജയകുമാറിനെ അപായപ്പെടുത്തിയതാണെന്ന ആരോപണവുമായി സഹോദരൻ ആണ് രംഗത്ത് എത്തിയിരിക്കുന്നത്. നെടുങ്കണ്ടം മഞ്ഞപ്പെട്ടി സ്വദേശിയായ ജയകുമാറിനെ മരണത്തിന് മുമ്പ് ചിലര്‍ മര്‍ദിച്ചെന്ന് വ്യക്തമാക്കുന്ന ഓഡിയോ ക്ലിപ്പുകള്‍ ഉണ്ടെന്നാണ് സഹോദരൻ മണികണ്ഠൻ പറയുന്നത്. കുടുംബവഴക്കിനെ തുടര്‍ന്ന് ഏതാനും ആഴ്ചകളായി ഭാര്യ ഉടുമ്പന്‍ചോലയിലെ സ്വന്തം വീട്ടിലാണ് കഴിഞ്ഞിരുന്നത്. ഇവരെ കാണാനാണ്, കഴിഞ്ഞ ബുധനാഴ്ച ജയകുമാര്‍ ഉടുമ്പന്‍ചോലയില്‍ എത്തിയത്. പിന്നീട് മുഖത്തുനിന്ന് രക്തം ഒലിച്ച നിലയില്‍ ജയകുമാര്‍ ബന്ധുക്കളെ വിഡിയോ കാള്‍ ചെയ്തിരുന്നു. ഈ സമയം ഇയാള്‍ അവശനിലയിലായിരുന്നു.

ഇതിനിടെ ഉടുമ്പന്‍ചോല പൊലീസ് സ്‌റ്റേഷനില്‍ എത്തിയതായും ജയകുമാറിനോട് ആശുപത്രിയില്‍ എത്തി ചികിത്സ തേടാന്‍ പൊലീസ് നിര്‍ദേശിച്ചതായും എന്നാല്‍, പിന്നീട് ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നുവെന്നും സഹോദരൻ പറയുന്നു. ജയകുമാറിനെ അന്വേഷിച്ച് എത്തിയ സഹോദരനെയും മാതാവിനെയും ജയകുമാറിന്റെ ഭാര്യവീട്ടുകാര്‍ മർദിച്ചതായും ഇവര്‍ ആരോപിക്കുന്നു.

അതേസമയം, ജയകുമാറിന്റെ ദേഹത്തുള്ള മുറിവുകള്‍, വീണപ്പോഴുണ്ടായ പരിക്കുകളാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഇവ മരണത്തിന് കാരണമല്ലെന്നും വിഷാംശം ഉള്ളില്‍ ചെന്നതായും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സൂചനയുണ്ട്. ഉടുമ്പന്‍ചോല പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. നെടുങ്കണ്ടത്തെ ഓട്ടോ തൊഴിലാളിയായ ജയകുമാറിനെ കഴിഞ്ഞ ബുധനാഴ്ചയാണ് ഉടുമ്പന്‍ചോല കള്ളുഷാപ്പിന് സമീപത്തെ ഏലത്തോട്ടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here