തിരുവല്ലം കസ്റ്റഡിമരണത്തിൽ വെളിപ്പെടുത്തലുമായി ഹോം ഗാർഡ് ബിനു

0

തിരുവനന്തപുരം: തിരുവല്ലം കസ്റ്റഡിമരണത്തിൽ വെളിപ്പെടുത്തലുമായി ഹോം ഗാർഡ് ബിനു. ജഡ‍്ജിക്കുന്നിൽ വച്ച് സുരേഷിനെ പിടികൂടുമ്പോൾ വീണ് പരിക്കേറ്റിരുന്നുവെന്നാണ് പുതിയ വെളിപ്പെടുത്തൽ. കസ്റ്റഡിയില്‍ മര്‍ദ്ദനമുണ്ടായോയെന്ന് അറിയില്ലെന്നും ബിനു പറഞ്ഞു.

സുരേഷിനെ കസ്റ്റഡിയിൽ എടുത്ത സംഘത്തിനൊപ്പം ഉണ്ടായിരുന്നയാളാണ് ഹോം ഗാർഡ് ബിനു. ജഡ‍്ജിക്കുന്നിൽ വച്ച് സുരേഷിനെ പിടികൂടുമ്പോൾ തന്നെ അയാൾക്ക് പരിക്കേറ്റിരുന്നുവെന്നാണ് പുതിയ വെളിപ്പെടുത്തൽ. സുരേഷിനെ പിടികൂടിയപ്പോള്‍ കുഴിയിലേക്ക് മറിഞ്ഞ് വീണു. ഈ വീഴ്ചയിൽ തനിക്കും സുരേഷിനും പരിക്ക് പറ്റിയെന്നാണ് ബിനു പറയുന്നത്. മദ്യപിച്ചാണ് സുരേഷും കൂട്ടരും ജഡ്ജിക്കുന്നിലെത്തിയത്. കസ്റ്റഡിയില്‍ മര്‍ദ്ദനമുണ്ടായോയെന്ന് തനിക്ക് അറിയില്ലെന്നാണ് ബിനു പറയുന്നത്.

തിരുവല്ലം ജഡ്ജിക്കുന്നിൽ സ്ഥലം കാണാൻ എത്തിയ ദമ്പതികളെ സദാചാര പൊലീസ് ചമഞ്ഞ് ആക്രമിച്ച കേസിൽ പൊലീസ് കസ്റ്റഡിയിൽ എടുത്ത അഞ്ച് പേരിൽ ഒരാളായ സുരേഷാണ് മരിച്ചത്. ശരീരത്തില്‍ പരിക്കില്ലെന്നും ഹൃദയാഘാതം കാരണമാണ് സുരേഷ് മരിച്ചതെന്നുമായിരുന്നു പൊലീസ് വിശദീകരണം. എന്നാല്‍ സുരേഷിന്റെ ശരീരത്തിൽ പരിക്കുകളുണ്ടെന്നായിരുന്നു പോസ്റ്റ്മോ‍ർട്ടം നടത്തിയ ഡോക്ടർമാരുടെ റിപ്പോർട്ട്. മരണകാരണം ഹൃദയാഘാതമാണെങ്കിലും സുരേഷിന്‍റെ ശരീരത്തിലേറ്റ ചതവുകള്‍ ഹൃദയാഘാതത്തിന് കാരണമായേക്കാം എന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.

താടിയെല്ല്, കഴുത്ത്, തുട, കാല്‍മുട്ട്, കൈ, മുതുക് എന്നിവിടങ്ങളിലെ 12 ചതവുകളിലെ സംശയമാണ് ഡോക്ടര്‍മാര്‍ ഉന്നയിക്കുന്നത്. ഈ പരിക്കുകളും ചതവുകളും ഹൃദയാഘാതത്തിന് കാരണമായേക്കും എന്നും റിപ്പോര്‍ട്ടിലുണ്ട്. സുരേഷിനെ പൊലീസ് മര്‍ദ്ദിച്ച് കൊന്നതാണെന്നും ഉത്തരവാദികളായ പൊലീസുകാര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും ആവശ്യപ്പെട്ട് കുടുംബവും രംഗത്തെത്തിയതിന് പിന്നാലെ കേസ് സംസ്ഥാന സർക്കാർ സിബിഐക്ക് വിട്ടിരുന്നു.

തിരുവല്ലം കസ്റ്റഡി മരണം സിബിഐ അന്വേഷിക്കണമെന്ന് പ്രതിപക്ഷവും ആവശ്യപ്പെട്ടിരുന്നു. നടന്നത് ലോക്കപ്പ് കൊലപാതകമാണെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍റെ ആരോപണം.

LEAVE A REPLY

Please enter your comment!
Please enter your name here