രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ഡി.വൈ.എഫ്‌.ഐ. അഖിലേന്ത്യാ പ്രസിഡന്റ്‌ എ.എ. റഹീം ഇടതുമുന്നണി സ്‌ഥാനാര്‍ഥിയായേക്കും

0

തിരുവനന്തപുരം : രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ഡി.വൈ.എഫ്‌.ഐ. അഖിലേന്ത്യാ പ്രസിഡന്റ്‌ എ.എ. റഹീം ഇടതുമുന്നണി സ്‌ഥാനാര്‍ഥിയായേക്കും. ഒഴിവുള്ള മൂന്നു സീറ്റുകളില്‍ രണ്ടെണ്ണത്തില്‍ ഇടതുമുന്നണിക്ക്‌ വിജയം ഉറപ്പാണ്‌. അതില്‍ ഒരു സീറ്റിലാണ്‌ റഹീമിനെ പരിഗണിക്കുന്നത്‌. രണ്ടാമത്തെ സീറ്റിലും സി.പി.എം. തന്നെ മത്സരിക്കാനാണ്‌ സാധ്യതയെങ്കിലും 15-നു നടക്കുന്ന ഇടതുമുന്നണി യോഗത്തിന്‌ ശേഷം മാത്രമേ അന്തിമതീരുമാനമുണ്ടാകൂ. അതേസമയം, സി.പി.എം. സംസഥാന കമ്മിറ്റിയില്‍നിന്നും ഒഴിവായ മുതിര്‍ന്ന നേതാവ്‌ ജി. സുധാകരന്‍ ദേശാഭിമാനിയുടെ ചുമതലക്കാരനായേക്കും.
രാജ്യസഭയിലേക്കു യുവാക്കളെ അയയ്‌ക്കുകയെന്ന നിലപാട്‌ പിന്തുടര്‍ന്നാണ്‌ റഹീമിനെ പരിഗണിക്കുന്നത്‌. മാത്രമല്ല, കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ച മുഹമ്മദ്‌ റിയാസ്‌ മന്ത്രിയായതിനെത്തുടര്‍ന്നാണ്‌ റഹീം ഡി.വൈ.എഫ്‌.ഐ. അഖിലേന്ത്യ പ്രസിഡന്റായത്‌. ഇതോടെ അദ്ദേഹത്തിന്റെ പ്രവര്‍ത്തനകേന്ദ്രം ഡല്‍ഹിയായ സാഹചര്യത്തില്‍കൂടിയാണ്‌ സി.പി.എമ്മിന്റെ നീക്കം. രണ്ടാമത്തെ സീറ്റിന്‌ സി.പി.ഐ. അവകാശവാദം ഉന്നയിച്ചിട്ടുണ്ട്‌.
കഴിഞ്ഞ സംസ്‌ഥാന സമ്മേളനത്തിലുണ്ടായ മാറ്റങ്ങള്‍ക്ക്‌ അനുസൃതമായ പൊളിച്ചെഴുത്ത്‌ പാര്‍ട്ടിയിലും ഭരണത്തിലുമുണ്ടാകും. പാര്‍ട്ടി കോണ്‍ഗ്രസ്‌ കഴിയുന്നതോടെയായിരിക്കും സമഗ്രമായ മാറ്റത്തിന്‌ സി.പി.എമ്മും സര്‍ക്കാരും തയാറാവുക. ഇടതുമുന്നണി കണ്‍വീനര്‍ എ. വിജയരാഘവന്‍ പോളിറ്റ്‌ ബ്യൂറോയില്‍ എത്താനുള്ള സാധ്യതയാണു തെളിയുന്നത്‌. പ്രായത്തിന്റെ മാനദണ്ഡപ്രകാരം, കേരളത്തില്‍നിന്നുള്ള അംഗം എസ്‌. രാമചന്ദ്രന്‍പിള്ള പോളിറ്റ്‌ ബ്യൂറോയില്‍നിന്നും ഒഴിവാകും. ആ സ്‌ഥാനത്ത്‌ വിജയരാഘവന്‍ എത്താനാണു സാധ്യത. അങ്ങനെ വന്നാല്‍ അദ്ദേഹം ഇടതുമുന്നണി കണ്‍വീനര്‍ സ്‌ഥാനം ഒഴിയുകയും പകരം കേന്ദ്ര കമ്മിറ്റിയംഗം എ.കെ. ബാലന്‍ കണ്‍വീനറാകാനും സാധ്യതയുണ്ട്‌.
ഇതോടൊപ്പം മുഖ്യമന്ത്രിയുടെ ഓഫീസിലും പൊളിച്ചെഴുത്തുണ്ടാകും. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായ പുത്തലത്ത്‌ ദിനേശന്‍ സംസ്‌ഥാന സെക്രട്ടേറിയേറ്റില്‍ എത്തിയതോടെ അവിടെ അഴിച്ചുപണി അനിവാര്യമായി. കഴിഞ്ഞ സംസ്‌ഥാന സമ്മേളനത്തില്‍ പ്രതിനിധി പോലുമല്ലായിരുന്ന പി. ശശിയെ സംസ്‌ഥാന സമിതിയില്‍ ഉള്‍പ്പെടുത്തിയ സാഹചര്യത്തില്‍ അദ്ദേഹം മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി എത്തുമെന്നാണ്‌ ചൂണ്ടിക്കാട്ടപ്പെടുന്നത്‌.
1996 ല്‍ ഇ.കെ. നായനാര്‍ മുഖ്യമന്ത്രിയായിരുന്ന സമയത്ത്‌ ഈ ചുമതല വഹിച്ച പരിചയം ശശിക്കുണ്ട്‌. പോലീസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന്‌ നിയന്ത്രണമില്ലെന്നാണ്‌ പൊതുവില്‍ ഉയരുന്ന പരാതി. അത്‌ മറികടക്കാന്‍ ശശിക്ക്‌ കഴിയുമെന്നാണു വിലയിരുത്തല്‍.
സെക്രട്ടേറിയറ്റില്‍ എത്തിയതോടെ പാര്‍ട്ടി മുഖപത്രത്തിന്റെ ചുമതലയില്‍നിന്ന്‌ പുത്തലത്ത്‌ ദിനേശന്‍ ഒഴിഞ്ഞിരുന്നു. ആ സ്‌ഥാനത്തേക്ക്‌ ജി. സുധാകരന്‍ വരുമെന്നാണു സൂചന. പാര്‍ട്ടി കൈക്കൊണ്ട പല തീരുമാനങ്ങളിലും അതൃപ്‌തിയുള്ള സുധാകരനെ ഒപ്പം നിര്‍ത്തുന്നതിനും അദ്ദേഹത്തിന്റെ വിഷമങ്ങള്‍ ഒരു പരിധി വരെ ലഘൂകരിക്കുന്നതിനുമാണ്‌ ഈ നീക്കം.

LEAVE A REPLY

Please enter your comment!
Please enter your name here