ഇറച്ചിക്കോഴിവില; രണ്ടാഴ്‌ചയ്‌ക്കുള്ളില്‍ വില കുറയുമെന്നും സൂചന

0

സംസ്‌ഥാനത്ത്‌ ഉയര്‍ന്നുനില്‍ക്കുന്ന ഇറച്ചിക്കോഴിവില താല്‍ക്കാലികം മാത്രമാണെന്നും രണ്ടാഴ്‌ചയ്‌ക്കുള്ളില്‍ വില കുറയുമെന്നും സൂചന. നിലവില്‍ 164 രൂപയാണു ലൈവ്‌ ചിക്കന്റെ ഏകദേശ വില. ഇറച്ചിക്കുമാത്രം 200 രൂപ കടന്നു. സംസ്‌ഥാനത്തെ കോഴിക്കര്‍ഷകരുടെ ഫാമില്‍ നിന്ന്‌ രണ്ടാഴ്‌ചയ്‌ക്കുള്ളില്‍ ചിക്കന്‍ വിപണിയില്‍ എത്തുന്നതോടെ വില 130 ലേക്ക്‌ താഴുമെന്നാണു സൂചന. അതിനുപുറമേ ഉല്‍പ്പാദനം വര്‍ധിച്ചതോടെ തമിഴ്‌നാട്ടില്‍ നിന്നുള്ള ഇറച്ചിക്കോഴിവരവും കൂടും. ഇതു വില പിന്നെയും താഴ്‌ത്തും.
കഴിഞ്ഞ ഏതാനും നാളുകളായി ഇറച്ചിക്കോഴി വില കിലോയ്‌ക്ക്‌ 150 രൂപയ്‌ക്കു മുകളിലാണ്‌ കച്ചവടം. 90-100 രൂപയില്‍നിന്നാണ്‌ വിലകയറിയത്‌. ഒരു കിലോ കോഴി ഉല്‍പ്പാദിപ്പിക്കാന്‍ 97 രൂപയുണ്ടായിരുന്ന സ്‌ഥാനത്ത്‌ 108 രൂപയിലേക്ക്‌ ഉയര്‍ന്നതാണ്‌ പൊടുന്നനെ വിലകൂട്ടിയത്‌. ഹാച്ചറികളില്‍ മുട്ട സൂക്ഷിച്ച്‌ വിരിയിക്കാനാവാത്തവിധം അന്തരീക്ഷ ഊഷ്‌മാവ്‌ വര്‍ധിച്ചതും കോഴി വില അനിയന്ത്രിതമായി ഉയരാന്‍ കാരണമായി. തമിഴ്‌നാട്ടില്‍ വിരിയിച്ച്‌ കേരളത്തിലെത്തിച്ച്‌ നല്‍കിയിരുന്ന കോഴിക്കുഞ്ഞ്‌ കച്ചവടം ഇപ്പോള്‍ പൊതുവെ കുറഞ്ഞിട്ടുണ്ട്‌.
കഴിഞ്ഞ വര്‍ഷം ജൂണ്‍ മുതല്‍ ഡിസംബര്‍ വരെ ഉല്‍പ്പാദനച്ചെലവുപോലും കിട്ടാതിരുന്നതിനാല്‍ സംസ്‌ഥാനത്തെ ചെറുകിട കര്‍ഷകര്‍ കോഴികൃഷി ഉപേക്ഷിച്ചിരുന്നു. എന്നാല്‍, വില ഉയര്‍ന്നതോടെ കര്‍ഷകര്‍ ഉല്‍പ്പാദനം ആരംഭിക്കുകയായിരുന്നു. ഇതാണ്‌ വരുംദിവസങ്ങളില്‍ വിപണിയിലേക്ക്‌ എത്തുന്നത്‌. ലോക്ക്‌ ഡൗണിനുശേഷം കോഴിത്തീറ്റവിലയില്‍ ചാക്കൊന്നിന്‌ 1350 രൂപ വര്‍ധിച്ചതും പ്രഹരമായിരുന്നു. തീറ്റ നിര്‍മാണത്തിലെ അസംസ്‌കൃത വസ്‌തുക്കളുടെ ലഭ്യതകുറഞ്ഞതാണ്‌ വിലകൂട്ടിയത്‌. ഒരു കിലോ കോഴിത്തീറ്റയില്‍ 2.40 രൂപയുടെ വര്‍ധന കഴിഞ്ഞഒരാഴ്‌ചയ്‌ക്കിടെ ഉണ്ടായതോടെ വീണ്ടും വില ഉയര്‍ന്നു. അതിനു പുറമേ 25 രൂപയുണ്ടായിരുന്ന കോഴിക്കുഞ്ഞിന്‌ 40 രൂപയുമായി. നിലവില്‍ സംസ്‌ഥാനത്തെ ഇറച്ചിക്കോഴി ഉപഭോഗത്തിന്റെ 85 ശതമാനവും നിര്‍വഹിക്കുന്നത്‌ തമിഴ്‌നാട്ടില്‍ നിന്നുള്ള ഇറക്കുമതിയാണ്‌. കേരളത്തില്‍ ഒരാഴ്‌ച ഒരു കോടി കിലോ കോഴി ഇറച്ചിയാണ്‌ വില്‍ക്കുന്നത്‌. സംസ്‌ഥാന സര്‍ക്കാരിന്റെ സംരംഭമായ കേരള ചിക്കന്റെ പ്രതിവാര ഉല്‍പ്പാദനം കേവലം ഒരു ലക്ഷം കിലോമാത്രമാണ്‌. ഇത്‌ സംസ്‌ഥാനത്തിന്റെ ആവശ്യത്തിനു മതിയാകുകയില്ല. തമിഴ്‌നാട്ടിലും കേരളത്തിലെ അതേ വിലയാണ്‌ കോഴിക്ക്‌. എന്നാല്‍, കര്‍ണാടക, ആന്ധ്ര എന്നിവിടങ്ങളില്‍ ലൈവ്‌ ചിക്കന്‌ വില 10 മുതല്‍ 15 രൂപവരെ കൂടുതലാണ്‌.
സംസ്‌ഥാന കര്‍ഷകരുടെ ഫാമുകളില്‍ നിന്നുള്ള കോഴികള്‍ രണ്ടാഴ്‌ചയ്‌ക്കുള്ളില്‍ വിപണിയില്‍ എത്തുമെന്ന്‌ പൗള്‍ട്രി ഫാര്‍മേഴ്‌സ്‌ ആന്‍ഡ്‌ ട്രേഡേഴ്‌സ്‌ സമിതി സംസ്‌ഥാന പ്രസിഡന്റ്‌ ബിന്നി ഇമ്മട്ടി സംസ്‌ഥാന സെക്രട്ടറി ടി.എസ്‌. പ്രമോദും വ്യക്‌തമാക്കി. സംസ്‌ഥാനത്ത്‌ അഞ്ചു ലക്ഷം പേരാണ്‌ കോഴിക്കൃഷിയുമായി ബന്ധപ്പെട്ട്‌ ഉപജീവനം നടത്തുന്നത്‌.

LEAVE A REPLY

Please enter your comment!
Please enter your name here