യുവാവിനെ മദ്യത്തില്‍ വിഷം കലര്‍ത്തി നല്‍കി കൊലപ്പെടുത്തിയ സംഭവത്തില്‍ സുഹൃത്ത്‌ അറസ്‌റ്റില്‍

0

കട്ടപ്പന: യുവാവിനെ മദ്യത്തില്‍ വിഷം കലര്‍ത്തി നല്‍കി കൊലപ്പെടുത്തിയ സംഭവത്തില്‍ സുഹൃത്ത്‌ അറസ്‌റ്റില്‍. അണക്കര നെറ്റിത്തൊഴു സത്യവിലാസം പവന്‍രാജിന്റെ മകന്‍ രാജ്‌കുമാര്‍ (18) ആണ്‌ കൊല്ലപ്പെട്ടത്‌. ഇയാളുടെ സുഹൃത്ത്‌ മണിയന്‍പെട്ടി സ്വദേശി പ്രവീണ്‍കുമാറിനെ (24) വണ്ടന്‍മേട്‌ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു.
ഇന്നലെയാണ്‌ രാജ്‌ കുമാറിനെ കാണാനില്ലെന്ന്‌ കാട്ടി ബന്ധുക്കള്‍ വണ്ടന്‍മേട്‌ പോലീസിനെ സമീപിച്ചത്‌. സംഭവത്തില്‍ ദുരൂഹത തോന്നിയതിനെ തുടര്‍ന്ന്‌ ജില്ലാ പോലീസ്‌ മേധാവി ആര്‍. കറുപ്പു സ്വാമിയുടെ നിര്‍ദേശപ്രകാരം കട്ടപ്പന ഡിവൈ.എസ്‌.പി: വി.എ. നിഷാദ്‌മോന്റെ നേതൃത്വത്തില്‍ പോലീസ്‌ നടത്തിയ അന്വേഷണത്തില്‍ കഴിഞ്ഞ ദിവസം രാജ്‌കുമാറും പ്രവീണ്‍ കുമാറും ഒരുമിച്ചുണ്ടായിരുന്നതായി വിവരം കിട്ടി. ഇതേത്തുടര്‍ന്ന്‌ പ്രവീണ്‍ കുമാറിനെ ചോദ്യം ചെയ്‌തതോടെയാണ്‌ കൊലപാതകത്തിന്റെ ചുരുള്‍ അഴിഞ്ഞത്‌.
ഇരുവരും കാട്ടിനുള്ളില്‍ മദ്യപിക്കാന്‍ പോയതായി മനസിലാക്കിയ പോലീസ്‌ കേരള- തമിഴ്‌നാട്‌ അതിര്‍ത്തിയില്‍ തമിഴ്‌നാട്‌ വനത്തിനുള്ളില്‍ രാജ്‌കുമാറിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. പ്രവീണിന്റെ സഹോദരിയുമായി രാജ്‌കുമാറിനുണ്ടായിരുന്ന ബന്ധമാണ്‌ കൊലപാതകത്തില്‍ കലാശിച്ചതെന്ന്‌ പോലീസ്‌ പറഞ്ഞു. പ്രവീണ്‍ ഒരുമാസമായി രാജ്‌കുമാറിനെ കൊലപ്പെടുത്താനുള്ള നീക്കത്തിലായിരുന്നുവെന്നും പോലീസ്‌ പറഞ്ഞു.
14ന്‌ മണിയന്‍പെട്ടിയിലുള്ള ഗ്രൗണ്ടില്‍വച്ച്‌ കണ്ട രാജ്‌കുമാറിനെ മദ്യപിക്കാന്‍ എന്ന വ്യാജേന പ്രവീണ്‍ ഒപ്പം കൂട്ടുകയായിരുന്നു. നെറ്റിത്തൊഴുവിലുള്ള ബിവറേജില്‍നിന്നു മദ്യം വാങ്ങിയ ഇരുവരും തമിഴ്‌നാട്‌ വനത്തില്‍ ചെന്ന്‌ മദ്യപിക്കുകയും കഞ്ചാവ്‌ വലിക്കുകയും ചെയ്‌തു. മദ്യലഹരിയിലായിരുന്ന രാജ്‌കുമാറിന്‌ കൈയില്‍ കരുതിയ വിഷം കലര്‍ത്തിയ മദ്യം പ്രവീണ്‍ വായില്‍ ഒഴിച്ചു കൊടുക്കുകയായിരുന്നു.
മരണ വെപ്രാളത്തില്‍ കാട്ടുപാതയിലൂടെ ഓടി വീട്ടിലേക്കുപോകാന്‍ നോക്കിയ രാജ്‌കുമാറിനെ പ്രവീണ്‍ പിന്തുടര്‍ന്നെത്തി തടഞ്ഞു നിര്‍ത്തി. പാറപ്പുറത്ത്‌ അവശനിലയില്‍ വീണ രാജ്‌കുമാറിന്റെ മരണം ഉറപ്പ്‌ വരുത്തുന്നതു വരെ അവിടെ കാവല്‍ നിന്നശേഷം തിരികെ വീട്ടില്‍ എത്തുകയായിരുന്നു. വണ്ടന്‍മേട്‌ ഐ.പി. നവാസ്‌, സ്‌പെഷ്യല്‍ ടീമിലെ എസ്‌.ഐമാരായ സജിമോന്‍ ജോസഫ്‌, എം. ബാബു, സി.പി.ഒമാരായ ടോണി ജോണ്‍, വി.കെ. അനീഷ്‌, ജോബിന്‍ ജോസ്‌, സുബിന്‍, ശ്രീകുമാര്‍, വണ്ടന്‍മേട്‌ സേ്‌റ്റഷനിലെ എസ്‌.ഐമാരായ എബി ജോര്‍ജ്‌, ഡിജു, റജി കുര്യന്‍, ജെയിസ്‌, മഹേഷ്‌, സി.പി.ഒമാരായ ബാബുരാജ്‌, റാള്‍സ്‌, ഷിജുമോന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്‌റ്റ്‌.

LEAVE A REPLY

Please enter your comment!
Please enter your name here