കീഴടങ്ങിയ മാവോയിസ്‌റ്റ്‌ ലിജേഷിന്‌ സര്‍ക്കാരിന്റെ പുനരധിവാസ പദ്ധതിയുടെ ഭാഗമായി 3,94,000 രൂപയുടെ ചെക്ക്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ കൈമാറി

0

തിരുവനന്തപുരം: കീഴടങ്ങിയ മാവോയിസ്‌റ്റ്‌ ലിജേഷിന്‌ സര്‍ക്കാരിന്റെ പുനരധിവാസ പദ്ധതിയുടെ ഭാഗമായി 3,94,000 രൂപയുടെ ചെക്ക്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ കൈമാറി. നിയമസഭാ മന്ദിരത്തിലെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഇന്നലെ നടന്ന ചടങ്ങിലാണ്‌ ചെക്ക്‌ കൈമാറിയത്‌.
പുനരധിവാസപദ്ധതിയുടെ ഭാഗമായി ലൈഫ്‌ പദ്ധതിയില്‍ ഉള്‍പ്പെടുത്തി എറണാകുളം ജില്ലയില്‍ സ്വന്തമായി വീട്‌ നിര്‍മിച്ചു നല്‍കുന്നതുവരെ താമസിക്കാനായി വാടകയ്‌ക്ക്‌ എടുത്ത വീടിന്റെ താക്കോലും മുഖ്യമന്ത്രി കൈമാറി.സായുധസമരം ഉപേക്ഷിച്ച്‌ കീഴടങ്ങിയ മാവോയിസ്‌റ്റ്‌ ലിജേഷിനെ (37) പുനരധിവസിപ്പിക്കാന്‍ വയനാട്‌ ജില്ലാ കലക്‌ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാതല പുനരധിവാസ സമിതി ശിപാര്‍ശ ചെയ്‌തിരുന്നു.
വയനാട്‌ ജില്ലാ പോലീസ്‌ മേധാവി മുന്‍പാകെ കഴിഞ്ഞവര്‍ഷമാണ്‌ കര്‍ണാടകയിലെ വിരാജ്‌ പേട്ട ഇന്ദിരാനഗറിലെ താമസക്കാരനായ ലിജേഷ്‌ (37) കീഴടങ്ങിയത്‌. വീടും സ്‌റ്റൈപ്പെന്റും കൂടാതെ തുടര്‍പഠനത്തിനായി 15,000 രൂപയുടെ ധനസഹായവും ലിജേഷിന്‌ ലഭിക്കും. ജീവിതമാര്‍ഗം കണ്ടെത്താന്‍ സര്‍ക്കാര്‍ ഐ.ടി.ഐകളിലോ മറ്റു സ്‌ഥാപനങ്ങളിലോ പഠനം നടത്താന്‍ സഹായിക്കും.
വയനാട്‌ പുല്‍പ്പള്ളിക്കടുത്ത അമരക്കുന്നിയില്‍ ജനിച്ച ലിജേഷിന്‌ അഞ്ച്‌ വയസുള്ളപ്പോഴാണ്‌ സാമ്പത്തിക ബുദ്ധിമുട്ടിനേത്തുടര്‍ന്ന്‌ കുടുംബം വിരാജ്‌ പേട്ടയിലേയ്‌ക്ക്‌ കുടിയേറിയത്‌. നാലാം ക്ലാസ്‌ വരെ പഠിച്ച ലിജേഷ്‌ മാവോയിസ്‌റ്റ്‌ സ്വാധീനത്തില്‍ സംഘടനയുടെ ഭാഗമാവുകയായിരുന്നു.
സായുധസമരം ഉപേക്ഷിച്ച്‌ മുഖ്യധാരയിലേയ്‌ക്ക്‌ മടങ്ങുന്ന മാവോയിസ്‌റ്റുകളെ പുനരധിവസിപ്പിക്കാനായി വീടും തൊഴിലവസരവും സ്‌റ്റൈപ്പെന്റും ജീവനോപാധികളും നല്‍കാനായി 2018ലാണ്‌ സംസ്‌ഥാന സര്‍ക്കാര്‍ പാക്കേജ്‌ തയ്യാറാക്കിയത്‌. കീഴടങ്ങുന്ന മാവോയിസ്‌റ്റുകള്‍ക്ക്‌ പദ്ധതിയുടെ ആനുകൂല്യം ലഭിക്കും. താല്‌പര്യമുള്ള മാവോയിസ്‌റ്റുകള്‍ക്ക്‌ ജില്ലാ പോലീസ്‌ മേധാവിമാരെയോ ഏതെങ്കിലും സര്‍ക്കാര്‍ ഓഫീസുകളെയോ തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളെയോ ബന്ധപ്പെടാം.

LEAVE A REPLY

Please enter your comment!
Please enter your name here