പ്രതിപക്ഷ പാർട്ടികളുടെ രാഷ്ട്രപതി സ്ഥാനാർഥി യശ്വന്ത് സിൻഹ വോട്ട് അഭ്യർഥിക്കാനായി കേരളത്തിലെത്തി

0

തിരുവനന്തപുരം∙ പ്രതിപക്ഷ പാർട്ടികളുടെ രാഷ്ട്രപതി സ്ഥാനാർഥി യശ്വന്ത് സിൻഹ വോട്ട് അഭ്യർഥിക്കാനായി കേരളത്തിലെത്തി. ഇന്നലെ തിരുവനന്തപുരത്തെത്തിയ അദ്ദേഹം ഇന്നു നിയമസഭാ മന്ദിരത്തിൽ എൽഡിഎഫ്, യുഡിഎഫ് എംഎൽഎമാരെയും എംപിമാരെയും കാണും. പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ നേതൃത്വത്തിൽ യുഡിഎഫ് നേതാക്കൾ വിമാനത്താവളത്തിൽ അദ്ദേഹത്തെ സ്വീകരിക്കാനെത്തിയപ്പോൾ മന്ത്രി പി.രാജീവ് മാസ്കറ്റ് ഹോട്ടലിലെത്തി കൂടിക്കാഴ്ച നടത്തി.

കേരളത്തിൽ എൽഡിഎഫും യുഡിഎഫും പിന്തുണയ്ക്കുന്ന സ്ഥാനാർഥിയാണെങ്കിലും ഇരു കൂട്ടരും പ്രത്യേകമായാണു യശ്വന്ത് സിൻഹയെ ഇന്നു കാണുന്നത്. നിയമസഭാ മന്ദിരത്തിലെ ശങ്കരനാരായണൻ തമ്പി ഹാളിൽ ഉച്ച തിരിഞ്ഞു രണ്ടിന് എൽഡിഎഫ് എംഎൽഎമാരെയും മൂന്നിന് യുഡിഎഫ് എംഎൽഎമാരെയും കാണും.

അന്തരിച്ച മുൻ മന്ത്രി ടി.ശിവദാസ മേനോന് അന്തിമോപചാരം അർപ്പിക്കാൻ പല മന്ത്രിമാരും എംഎൽഎമാരും മലപ്പുറത്താണ്. ചിലർ ഇന്നു മലപ്പുറത്തെത്തും. രാഹുൽഗാന്ധി മറ്റന്നാൾ വയനാട് സന്ദർശിക്കുന്നതു കണക്കിലെടുത്ത് ഒരുക്കങ്ങൾക്കായി ചില യുഡിഎഫ് എംഎൽഎമാരും തലസ്ഥാനം വിട്ടു. ഇക്കാരണത്താൽ എല്ലാ എംഎൽഎമാരും യശ്വന്ത് സിൻഹയുമായുള്ള കൂടിക്കാഴ്ചയിൽ ഉണ്ടാകില്ല. കേരളം എന്നും ഹൃദയത്തോടു ചേർന്നു നിൽക്കുന്ന സംസ്ഥാനമാണെന്ന് യശ്വന്ത് സിൻഹ. നൂറുശതമാനം വോട്ട് കിട്ടുന്ന കേരളത്തിൽ നിന്നു പ്രചാരണത്തിനു ഗംഭീര തുടക്കം കുറിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here