കൂടല്ലൂരില്‍ കണ്ടെത്തിയ മഹാശിലായുഗകാലഘട്ടത്തിലെ ചെങ്കല്ല്‌ ഗുഹയില്‍നിന്നു വിവിധ തരത്തിലുള്ള അസ്‌ഥികള്‍, ഇരുമ്പ്‌ ആയുധങ്ങള്‍ എന്നിവ കണ്ടെടുത്തു

0

കൂടല്ലൂരില്‍ കണ്ടെത്തിയ മഹാശിലായുഗകാലഘട്ടത്തിലെ ചെങ്കല്ല്‌ ഗുഹയില്‍നിന്നു വിവിധ തരത്തിലുള്ള അസ്‌ഥികള്‍, ഇരുമ്പ്‌ ആയുധങ്ങള്‍ എന്നിവ കണ്ടെടുത്തു. ഇന്നലെ ഉച്ചയ്‌ക്കുശേഷം തൃശൂരില്‍നിന്നും പുരാവസ്‌തു വകുപ്പ്‌ ക്യുറേറ്ററും തൃശൂര്‍ ശക്‌തന്‍ തമ്പുരാന്‍ പാലസ്‌ മ്യൂസിയം ഇന്‍ ചാര്‍ജുമായ ആതിര ആര്‍. പിള്ള, മ്യൂസിയം ഗൈഡ്‌ ഡിനില്‍, പട്ടാമ്പി സംസ്‌കൃത കോളജിലെ ചരിത്ര വിഭാഗം തലവന്‍ പ്രഫ. രാജന്‍ എന്നിവവരുടെ നേതൃത്വത്തില്‍ നടന്ന പരിശോധനയിലാണ്‌ അസ്‌ഥികളും മറ്റും കണ്ടെത്തിയത്‌. വരും ദിവസങ്ങളില്‍ കൂടുതല്‍ പരിശോധന നടക്കും.
ആനക്കര പഞ്ചായത്തിലെ കൂടല്ലൂര്‍ പട്ടിപ്പാറ റോഡില്‍ പറക്കുളം കുടിവെള്ള പദ്ധതിക്കായി പൈപ്പിടുന്നതിന്‌ ജെ.സി.ബി. ഉപയോഗിച്ച്‌ ചാല്‍ കീറുന്നതിനിടയിലാണ്‌ വെള്ളിയാഴ്‌ച ഗുഹ കണ്ടെത്തിയത്‌. അസ്‌ഥികള്‍ക്ക്‌ പുറമെ മണ്‍കുടങ്ങള്‍, ഇരുമ്പ്‌ കത്തികള്‍, വിവിധ ഇരുമ്പ്‌ ആയുധങ്ങള്‍, തൂക്കുവിളക്ക്‌ എന്നിവയും ഇന്നലെ കണ്ടെടുത്തു. നേരത്തെ വിവിധ തരത്തിലുള്ള ഏഴിലേറെ മണ്‍പാത്രങ്ങളും കണ്ടെടുത്തിരുന്നു.
പാക്കത്ത്‌ അച്ചുട്ടി, പള്ളിമഞ്ഞാലില്‍ സുഹറ എന്നിവരുടെ വീട്ടുമുറ്റത്തേക്കും മതിലിലേക്കും നീളുന്നതാണ്‌ ഗുഹ. ഇതില്‍ ഗുഹയുടെ പ്രവേശനകവാടം നില്‍ക്കുന്നത്‌ സുഹറയുടെ വീട്ടുമതിലിനോട്‌ ചേര്‍ന്നാണ്‌. ഇവിടെ കൂടുതല്‍ പരിശോധന നടത്തേണ്ടതുണ്ട്‌. അര്‍ധഗോളാകൃതിയിലുള്ള ഗുഹയില്‍ ഇപ്പോള്‍ കാണുന്ന തരത്തില്‍ രണ്ട്‌ പ്രവേശന കവാടങ്ങളുണ്ട്‌. ഒരാള്‍ക്ക്‌ ഇരുന്നു പോകാന്‍ കഴിയുന്ന നീളമുള്ള ഗുഹയാണ്‌.
ലഭ്യമായതില്‍ കൂടുതലും ഇടയ-കാര്‍ഷിക- ഗോത്ര സംസ്‌കൃതിയുടെ ശേഷിപ്പുകളായ മണ്‍പാത്രങ്ങളാണ്‌. കറുപ്പും ചുവപ്പും കലര്‍ന്ന ചെറിയ മണ്‍പാത്രങ്ങള്‍, റസറ്റ്‌ കോട്ടട്‌ പെയിന്റഡ്‌ മണ്‍പാത്രങ്ങള്‍ എന്നിവ കണ്ടെടുത്തതില്‍പ്പെടുന്നു. ആനക്കരയില്‍നിന്ന്‌ വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ ഖനനത്തില്‍ കണ്ടെത്തിയവയുമായി സാമ്യമുള്ളവയാണ്‌ കൂടുല്ലൂരിലും കണ്ടെത്തിയത്‌.

LEAVE A REPLY

Please enter your comment!
Please enter your name here