തൃക്കാക്കരയിൽ ഉമ തോമസോ? ശക്തരായ സ്ഥാനാർത്ഥികളെ ഇറക്കാനൊരുങ്ങി സിപിഎമ്മും ബിജെപിയും; സംസ്ഥാനം വീണ്ടും തെരഞ്ഞെടുപ്പ് ചൂടിലേക്ക്

0

സംസ്ഥാനം വീണ്ടും തെരഞ്ഞെടുപ്പ് ചൂടിലേക്ക് കടക്കുമ്പോൾ സ്ഥാനാർഥി നിർണയത്തിന്റെ ചർച്ചകളും ചൂടുപിടിക്കുകയാണ്. മെയ് 17 നാണ് 42 തദ്ദേശ വാർഡുകളിലായി ഉപതെരഞ്ഞെടുപ്പ് നടക്കുക. 12 ജില്ലകളിലായി രണ്ട് കോർപ്പറേഷൻ, ഏഴ് മുനിസിപ്പാലിറ്റി, രണ്ട് ബ്ലോക്ക് പഞ്ചായത്ത്, 31 ഗ്രാമപഞ്ചായത്ത് വാർഡുകളിലേയ്ക്കാണ് ഉപതെരഞ്ഞെടുപ്പ് നടത്തുന്നത്.

തെരഞ്ഞെടുപ്പ് കാലം വന്നതോടെ തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി ചർച്ചകൾ സജീവമാക്കി മുന്നണികൾ. പി.ടി. തോമസിൻ്റെ വിയോഗത്തെ തുടർന്ന് ഒഴിവ് വന്ന മണ്ഡലത്തിൽ അദ്ദേഹത്തിൻ്റെ ഭാര്യ ഉമ തോമസിനെ രംഗത്തിറക്കാനുള്ള അണിയറ നീക്കത്തിലാണ് കോൺഗ്രസ് നേതൃത്വം. സാമുദായിക സമവാക്യങ്ങൾ കൂടെ പരിഗണിച്ച് പൊതുസമ്മതനായ സ്ഥാനാർത്ഥിയെ ഇറക്കി തൃക്കാക്കര പിടിക്കണമെന്ന വാശിയിലാണ് സിപിഐഎം. ശക്തമായ മത്സരം കാഴച്ച വെക്കാൻ കെൽപ്പുള്ള സ്ഥാനാർത്ഥിയെ രംഗത്തിറക്കാനാണ് ബി.ജെ.പി ആലോചിക്കുന്നത്.

കോൺഗ്രസിൻ്റെ അടിയുറച്ച മണ്ഡലമാണ് തൃക്കാക്കര. കഴിഞ്ഞ തവണ പി.ടി തോമസിന് 14329 വോട്ടിൻ്റെ ഭൂരിപക്ഷമാണ് തൃക്കാക്കര നൽകിയത്. തൃക്കാക്കര നിലനിർത്തുക എന്നതിന് പുറമേ ഭൂരിപക്ഷം വർധിപ്പിക്കുന്നതിന് കൂടിയാണ് കോൺഗ്രസ് കച്ച കെട്ടുന്നത്. ബൂത്ത് – മണ്ഡലം കമ്മിറ്റികൾ വിളിച്ച് ചേർത്ത് കഴിഞ്ഞു. തെരഞ്ഞെടുപ്പ് കൺവെൻഷനുകളിലേക്ക് ഉടൻ കടക്കും. കെ. സുധാകരനും വി.ഡി.സതീശനും കെ.സി.വേണുഗോപാലും പി.ടി തോമസിൻ്റെ പത്നി ഉമ തോമസിനെ സന്ദർശിച്ചതിലൂടെ വ്യക്തമായ സ്ഥാനാർത്ഥി സൂചനയാണ് കോൺഗ്രസ് നൽകുന്നത്.

എന്നാൽ തൃക്കാക്കര സീറ്റിനായി കോൺഗ്രസിനുള്ളിൽ തന്നെ ചരട് വലി ശക്തമാണ്. ദീപ്തി മേരി വർഗീസ്, ഡൊമനിക് പ്രസൻ്റേഷൻ, ടോണി ചെമ്മണി, വി.പി സജീന്ദ്രൻ തുടങ്ങിയവർക്കായാണ് നീക്കം. എന്നാൽ ഉമ തോമസ് എന്ന ഒറ്റ പേരിലേക്ക് എത്തിയാൽ പാർട്ടിയെ എണ്ണയിട്ട യന്ത്രം പോലെ ചലിപ്പിക്കാനാകുമെന്ന് കോൺഗ്രസ് നേതൃത്വം കണക്ക് കൂട്ടുന്നു.

ശക്തനായ സ്ഥാനാർത്ഥിയിലേക്ക് എത്താൻ കഴിയുന്നില്ലെന്നതാണ് സിപിഐഎം നേരിടുന്ന വെല്ലുവിളി. കഴിഞ്ഞ തവണ ഇടത് സ്വതന്ത്രനായി മത്സരിച്ച ഡോ.ജെ. ജേക്കബിനായി വാദമുണ്ടെങ്കിലും സി.പി.ഐ.എം ടിക്കറ്റ് നൽകാൻ തയ്യാറായേക്കില്ല. സഭയ്ക്ക് കൂടെ സ്വീകാര്യനായ സ്ഥാനാർത്ഥിയാണ് സി.പി.ഐ.എമ്മിന്റെ ആലോചനയിലുള്ളത്. എ.എൻ. രാധാകൃഷ്ണൻ, ഒ.എം. ശാലീന, ടി.പി.സിന്ധു മോൾ തുടങ്ങിയ പേരുകൾ ബി.ജെ.പി പരിഗണിക്കുന്നുണ്ടെങ്കിലും അപ്രതീക്ഷിത സ്ഥാനാർത്ഥി ഉണ്ടാകാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. ട്വൻ്റി ട്വൻ്റി സ്ഥാനാർത്ഥിയെ ഇറക്കിയാൽ അവർ പിടിക്കുന്ന വോട്ട് മത്സരത്തിൽ നിർണായകമാകും.

പിടി തോമസിനുള്ള ജനപിന്തുണ വ്യക്തമാക്കുന്നതായിരുന്നു അദ്ദേഹത്തിന് തൃക്കാക്കരയിലെ രവിപുരത്ത് നൽകിയ അന്ത്യയാത്ര. നിലപാടുകൾ മരണത്തിലും കാത്തു സൂക്ഷിച്ച നേതാവ്. ഇതിനൊപ്പമായിരുന്നു ഭാര്യയും കുടുംബവും എന്നും നിലകൊണ്ടത്. മഹാരാജാസിലെ കെ എസ് യു പ്രവർത്തനത്തിനിടെ തുടങ്ങിയ പ്രണയവും വിവാഹവുമെല്ലാം പൊതു സമൂഹത്തിൽ ചർച്ചയുമായി. അതുകൊണ്ട് തന്നെ ഉമയാണ് ശരിയായ സ്ഥാനാർത്ഥിയെന്ന വികാരം കോൺഗ്രസ് അണികളിൽ സജീവമാണ്. അവർ മത്സരിക്കാൻ സന്നദ്ധമാകുമോ എന്നതാണ് നിർണ്ണായകം. കോൺഗ്രസ് ഹൈക്കമാണ്ടിന്റെ തീരുമാനവും അതിനിർണ്ണായകമാണ്.

കിഴക്കമ്പലവും ട്വന്റി ട്വന്റിയും ഉയർത്തിയ വെല്ലുവിളികളെ അതിജീവിച്ചാണ് പിടി തോമസ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മിന്നും വിജയം നേടിയത്. അതുകൊണ്ട് തന്നെ അതിന്റെ തുടർച്ച ഉമയ്ക്ക് നൽകണമെന്നതാണ് അണികളുടെ പൊതുവികാരം. അരുവിക്കരയിൽ ജി കാർത്തികേയൻ മത്സരിച്ചപ്പോൾ ഭാര്യയെ സ്ഥാനാർത്ഥിയായി പരിഗണിച്ചിരുന്നു. പിന്നീട് മകൻ ശബരിനാഥ് സ്ഥാനാർത്ഥിയും എംഎൽഎയുമായി. തൃക്കാക്കരയിലും ഉമയെ പരീക്ഷിച്ച് അരുവിക്കര മോഡൽ ആവാമെന്ന അഭിപ്രായം കോൺഗ്രസിൽ സജീവമാണ്.

എം സ്വരാജാണ് സിപിഎം പരിഗണനാ പട്ടികയിലെ പ്രധാനി. കഴിഞ്ഞ തവണ പിടി തോമസിനോട് മത്സരിച്ച് തോറ്റ ഡോ ജേക്കബിനേയും പരിഗണിച്ചേക്കും. ഏറെ തിരക്കുള്ള ഡോക്ടറാണ് ജേക്കബ്. അതുകൊണ്ട് അദ്ദേഹം എടുക്കുന്ന നിലപാടും നിർണ്ണായകമാകും. പിടി തോമസിന്റെ തൃക്കാക്കരയിലെ ആദ്യ ജയം സെബാസ്റ്റ്യൻ പോളിനെതിരെയായിരുന്നു. ജോർജ് ഈഡന്റെ മരണ ശേഷം നടന്ന ലോക്സഭാ ഉപതെരഞ്ഞെടുപ്പിൽ ജയിച്ച ചരിത്രം സെബാസ്റ്റ്യൻ പോളിനുണ്ട്. അതുകൊണ്ട് സെബാസ്റ്റ്യൻ പോളിനേയും വീണ്ടും പരിഗണിക്കും. അതിശക്തനായ സ്ഥാനാർത്ഥിയെന്ന ചർച്ച വന്നാൽ സ്വരാജിനാകും പരിഗണന. എങ്കിലും മുഖ്യമന്ത്രി പിണറായി വിജയനാകും തീരുമാനങ്ങളിൽ അന്തിമ വാക്ക്.

2016ലും 2021ലും സംസ്ഥാനത്ത് ഇടതുപക്ഷം അധികാരത്തിലേറിയപ്പോഴാണ് പി ടി തോമസ് യുഡിഎഫിനായി തൃക്കാക്കര മണ്ഡലം കാത്തത്. കോളജ് വിദ്യാഭ്യാസ കാലം മുതൽ എറണാകുളവുമായി അടുത്ത ബന്ധം പുലർത്തുന്ന പി ടിയുടെ രാഷ്ട്രീയാതീത സൗഹൃദങ്ങൾ ഈ ജയത്തിനു തുണയായെന്നാണ് വിലയിരുത്തപ്പെടുന്നത്. വരുന്ന ഉപതെരഞ്ഞെടുപ്പിൽ പി ടി എന്ന നേതാവിന്റെ വികസന സ്വപ്നങ്ങൾ ഉയർത്തിയുള്ള മുദ്രാവാക്യം തന്നെയാകും യുഡിഎഫ് മുന്നോട്ട് വയ്ക്കുക. ഇത് വോട്ടായി മാറാനുള്ള സാധ്യതയും ഏറെയാണ്. അതേസമയം പി ടിയുടെ 14329 വോട്ടുകളുടെ ഭൂരിപക്ഷം മറികടക്കാൻ ആകുമെന്ന പ്രതീക്ഷയിൽ തന്നെയാണ് ഇടത് പക്ഷവും.

സംസ്ഥാനത്ത് യുഡിഎഫിനെതിരെ ഭരണവിരുദ്ധ വികാരം പ്രതിഫലിച്ച 2016ലും, ഇടത് തരംഗം ആഞ്ഞടിച്ച 2021ലെ നിയമഭ തെരഞ്ഞെടുപ്പിലും പി ടി തോമസിനെ വിജയിപ്പിച്ച മണ്ഡലമാണ് തൃക്കാക്കര. അതുകൊണ്ട് തന്നെ പ്രിയ നേതാവിന്റെ വിയോഗത്തെ തുടർന്ന് വരാൻ പോകുന്ന ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസിന് ആശങ്കകകളൊന്നും ഉണ്ടാകില്ല. മണ്ഡല ചരിത്രത്തിൽ ഇതുവരെ മൂന്ന് നിയമസഭ തെരഞ്ഞെടുപ്പുകളാണ് തൃക്കാക്കരയിൽ നടന്നത്. മൂന്നിലും വിജയിച്ചതോടെ കോൺഗ്രസുകാർ തൃക്കാക്കരയെ തങ്ങളുടെ ശക്തി കേന്ദ്രങ്ങളുടെ പട്ടികയിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

മണ്ഡല രൂപീകരണത്തിന് ശേഷം ആദ്യം നടന്ന 2011ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ബെന്നി ബഹനാനു മികച്ച ഭൂരിപക്ഷം നൽകിയാണ് തൃക്കാക്കര എൽഡിഎഫിനെ ഞെട്ടിച്ചത്. സിപിഐഎം സ്ഥാനാർത്ഥി എംഇ ഹസൈനാരെ 22,046 വോട്ടുകൾക്കായിരുന്നു ബഹനാൻ വീഴ്‌ത്തിയത്. 2014ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ തൃക്കാക്കര യുഡിഎഫിനൊപ്പം തന്നെയായിരുന്നു. 2016ൽ സിറ്റിങ് എംഎൽഎയെ മാറ്റി പി ടി തോമസിനെയാണ് മണ്ഡലം നിലനിർത്താൻ കോൺഗ്രസ് നിയോഗിച്ചത്. മറുവശത്ത് എൽഡിഎഫ് ഇറക്കിയതാകട്ടെ ഡോ. സെബാസ്റ്റ്യൻ പോളിനെ. ഫലം പ്രഖ്യാപിച്ചപ്പോൾ 11,966 വോട്ടുകൾക്ക് പി ടി വിജയിച്ചു.

2019ലെ ലോക്സഭ തെരഞ്ഞെടുപ്പിലും മണ്ഡലം യുഡിഎഫിനൊപ്പം തന്നെയായിരുന്നു. 2021ൽ പിണറായിയുടെ നേതൃത്വത്തിൽ എൽഡിഎഫ് തുടർഭരണത്തിന് ഇറങ്ങിയപ്പോൾ പല യുഡിഎഫ് കോട്ടകളും തകർന്നെങ്കിലും തൃക്കാക്കര പി ടി തോമസിന് ഒപ്പം തന്നെ നിന്നു. മണ്ഡലം പിടിച്ചെടുക്കാൻ എൽഡിഎഫ് നിയോഗിച്ച സ്വതന്ത്ര സ്ഥാനാർത്ഥി ഡോ ജെ ജേക്കബിനെ 14329 വോട്ടുകൾക്കാണ് പി ടി വീഴ്‌ത്തിയത്.

Leave a Reply