യുവനടി ആക്രമിക്കപ്പെട്ട കേസില്‍ തുടരനേ്വഷണത്തിനുള്ള സമയപരിധി നീട്ടി നല്‍കാനാകില്ലെന്ന്‌ ഹൈക്കോടതി

0

കൊച്ചി: യുവനടി ആക്രമിക്കപ്പെട്ട കേസില്‍ തുടരനേ്വഷണത്തിനുള്ള സമയപരിധി നീട്ടി നല്‍കാനാകില്ലെന്ന്‌ ഹൈക്കോടതി. കേസിലെ പ്രതികളായ മറ്റുള്ളവരെകൂടി കേസില്‍ കക്ഷിയാക്കണമെന്നു കോടതി നിര്‍ദേശിച്ചു. കേസില്‍ സമയപരിധി നിശ്‌ചയിച്ചത്‌ മുമ്പു കേസ്‌ പരിഗണിച്ച ബെഞ്ചാണെന്നും ഇന്നലെ കേസ്‌ പരിഗണിച്ച കോടതിക്ക്‌ സമയം നീട്ടി നല്‍കാനാവില്ലെന്നും കോടതി വ്യക്‌തമാക്കി.
ജസ്‌റ്റീസ്‌ സിയാദ്‌ റഹ്‌മാന്റെ ബെഞ്ചാണ്‌ ഇന്നലെ കേസ്‌ പരിഗണിച്ചത്‌.കേസില്‍ ഇടക്കാല ഉത്തരവ്‌ പുറപ്പെടുവിക്കണമെന്ന്‌ അതിജീവിതയുടെ അഭിഭാഷക കോടതിയില്‍ ആവശ്യപ്പെട്ടു. കേസിലെ പ്രതികളായവരെ ഹര്‍ജിയില്‍ കക്ഷിച്ചേര്‍ക്കാത്തതിന്‌ കോടതി ഹര്‍ജിക്കാരിക്കെതിരേ വിമര്‍ശനമുന്നയിച്ചു.
അവരെ കക്ഷിച്ചേര്‍ക്കാത്തത്‌ അവരുടെ അവകാശങ്ങളെ ബാധിക്കുമെന്നും അത്‌ വിചാരണയെ വരെ ബാധിച്ചേക്കാമെന്നും കോടതി വ്യക്‌തമാക്കി. ഇടക്കാല ഉത്തരവ്‌ ആവശ്യപ്പെട്ടപ്പോള്‍ കുറച്ചു സമയം കാത്തുനില്‍ക്കണമെന്നും പ്രോസിക്യൂഷന്റെ വിശദീകരണം വരട്ടെയെന്നും കോടതി ചൂണ്ടിക്കാട്ടി.
30നാണ്‌ അനേ്വഷണത്തിനുള്ള സമയപരിധി അവസാനിക്കുന്നത്‌. ഇതിനുള്ളില്‍ അനേ്വഷണം അവസാനിപ്പിച്ച്‌ കുറ്റപത്രം സമര്‍പ്പിക്കാന്‍ ക്രൈംബ്രാഞ്ച്‌ നീക്കം നടക്കുന്നതിനിടെയാണ്‌ ഇതിനെ ചോദ്യം ചെയ്‌ത്‌ നടി ഹൈക്കോടതിയെ സമീപിച്ചത്‌.
നടിക്കു നീതി വേണമെന്നാണ്‌ എല്ലാ ഘട്ടത്തിലും നിലപാടെന്ന്‌ സര്‍ക്കാര്‍ കോടതിയില്‍ വ്യക്‌തമാക്കി. അതിജീവിതയെ വിശ്വാസത്തില്‍ എടുത്തുതന്നെയാണ്‌ ഇതുവരെ കേസ്‌ നടത്തിയതെന്ന്‌ ഡി.ജി.പി. പറഞ്ഞു. നടി ആവശ്യപ്പെട്ട പ്രോസിക്യൂട്ടറെയാണ്‌ വെച്ചത്‌. അതിജീവിതയുടെ ഭീതി അനാവശ്യമാണ്‌. മുഖ്യമന്ത്രി നേരിട്ട്‌ വിളിച്ച്‌ പ്രഗത്‌ഭനായ പ്രോസിക്യൂട്ടറെ വയ്‌ക്കണമെന്ന്‌ ആവശ്യപ്പെട്ടുവെന്നും ഡി.ജി.പി അറിയിച്ചു. അതിജീവിത ആവശ്യപ്പെട്ടപ്രകാരമുള്ള പ്രോസിക്യുട്ടറെയാണ്‌ കേസില്‍ നിയമിച്ചിരിക്കുന്നതെന്നും സര്‍ക്കാരിനെതിരേയുള്ള പ്രസ്‌താവന പിന്‍വലിക്കണമെന്നും ഡി.ജി.പി. കോടതിയില്‍ ആവശ്യപ്പെട്ടു. ഈ കേസ്‌ രാഷ്ര്‌ടീയപരമായി കാണുന്നില്ലെന്നും ഡി.ജി.പി. കോടതിയില്‍ ബോധിപ്പിച്ചു.
കഴിഞ്ഞ ദിവസം കേസ്‌ പരിഗണിക്കുന്നതില്‍നിന്നു ജസ്‌റ്റിസ്‌ കൗസര്‍ എടപ്പഗത്ത്‌ പിന്‍മാറിയിരുന്നു. ഇതേത്തുടര്‍ന്നാണ്‌ മറ്റൊരു കോടതി കേസ്‌ പരിഗണിച്ചത്‌. കേസ്‌ നാളെ പരിഗണിക്കുമെന്നും അന്ന്‌ ആവശ്യമെങ്കില്‍ വിചാരണ കോടതിയില്‍നിന്ന്‌ റിപ്പോര്‍ട്ട്‌ വിളിപ്പിക്കുമെന്നും കോടതി വ്യക്‌തമാക്കി

LEAVE A REPLY

Please enter your comment!
Please enter your name here