കോളേജ് ക്യാംപസുകൾ കേന്ദ്രീകരിച്ചുള്ള ലഹരി ഉപയോഗത്തിനെതിരെ എക്സൈസിന്റെ സർജിക്കൽ സ്ട്രൈക്ക്

0

കൊച്ചി :കോളേജ് ക്യാംപസുകൾ കേന്ദ്രീകരിച്ചുള്ള ലഹരി ഉപയോഗത്തിനെതിരെ എക്സൈസിന്റെ സർജിക്കൽ സ്ട്രൈക്ക് . അതിമാരക ന്യൂജൻ മയക്ക് മരുന്നായ ” പാരഡൈസ് – 650 ” എന്നറിയപ്പെടുന്ന ഉന്മാദ രാസ ലഹരി മരുന്നാണ് പിടിച്ചടുത്തത്. കളമശ്ശേരി കുസാറ്റ് എഞ്ചിനിയറിംഗ് കോളേജിലെ അവസാന വർഷ ബിടെക് വിദ്യാർത്ഥി തിരുവനന്തപുരം വർക്കല സ്വദേശി കോട്ട വച്ച വിള വീട്ടിൽ രാമചന്ദ്രൻ ജോയി മകൻ ജഗത് റാം ജോയി (22 ) എന്നയാളെയാണ് ദക്ഷിണ മേഖല എക്സൈസ് കമ്മീഷണർ സ്ക്വാഡിന്റെ ചുമതലയുള്ള എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ആർ. രാജേഷിന്റെ മേൽ നോട്ടത്തിലുള്ള എക്സൈസ് സംഘം കസ്റ്റഡിയിൽ എടുത്തത്. കൊച്ചി കളമശ്ശേരി കുസാറ്റ് ക്യാംപസ് കേന്ദ്രീകരിച്ച് വൻതോതിൽ മയക്കുമരുന്ന് ഉപയോഗം നടക്കുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ദക്ഷിണ മേഖല എക്സൈസ് കമ്മീഷണർ സ്ക്വാഡ് നടത്തിയ രഹസ്യ നീക്കത്തിൽ ആണ് ലോകത്തിലെ തന്നെ ഏറ്റവും മാരകമായ ഉന്മാദ ലഹരിയായ പാരഡൈസ് 650 – എന്ന അത്യന്തം വിനാശകാരിയ എൽ.എസ്.ഡി. സ്റ്റാമ്പ് പിടിച്ചെടുത്തത്.
കൊച്ചിയിലെ കോളേജ് ക്യാംപസുകളിലെ ഡ്രഗ്‌ മാഫിയയുടെ വേരറുക്കുക എന്ന ഉദ്ദേശത്തോടു കൂടി രൂപപ്പെടുത്തിയിട്ടുള്ള ദക്ഷിണ മേഖല എക്സൈസ് കമ്മീഷണറുടെ പ്രത്യേക സംഘമാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്. ഒരു സ്റ്റാമ്പിൽ 650 മൈക്രോഗ്രാം ലൈസർജിക് ആസിഡ് വീതം കണ്ടൻറ് അടങ്ങിയിട്ടുള്ള 20 എണ്ണം ത്രീ ഡോട്ടട് എൽ എസ് ഡി സ്റ്റാമ്പാണ് ഇയാളിൽ നിന്ന് പിടി കൂടിയത്. ഇത്തരത്തിലുള്ള ഒരു എൽ.എസ്.ഡി. സ്റ്റാമ്പിന് വിപണിയിൽ 4000 മുതൽ 7000 രൂപ വരെ ഉള്ളതായി ചോദ്യം ചെയ്യലിൽ ഇയാൾ വെളിപ്പെടുത്തി.
ആഡംബര ജീവിതത്തിനുള്ള പണം കണ്ടെത്തുന്നതിനും ഉന്മാദലഹരിയിൽ ജീവിക്കുന്നതിനുമാണ് പ്രതി ലഹരി വ്യാപാരം നടത്തി വന്നിരുന്നത്. ഇതു സംബന്ധമായ പ്രാഥമിക അന്വേഷണത്തിൽ കോഴിക്കോട് സ്വദേശിയായ സുഹൃത്ത് വഴി ചെന്നൈയിൽ നിന്ന് കൊറിയർ മുഖേന 75 സ്റ്റാമ്പ് വരുത്തിയതാണെന്നും ആയത് സുഹൃത്തുക്കൾക്ക് നൽകി വരുകയായിരുന്നെന്നും, കുറച്ച് ഇയാൾ തന്നെ ഉപയോഗിക്കുകയും ചെയ്തതായും ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തിയതായി അധികൃതർ അറിയിച്ചു. നിശാപാർട്ടികൾക്ക് ഉൻമാദലഹരി പകരുവാനായി വ്യാപകമായി ഉപയോഗിച്ച് വരുന്ന ഒന്നാണ് പാരഡൈസ് -650. ഏറ്റവും വീര്യമുള്ള ത്രീ ഡോട്ടഡ് സ്റ്റാമ്പാണിത്. സ്റ്റാമ്പിന്റെ പുറകിലുള്ള ഡോട്ടുകളുടെ എണ്ണമാണ് ഇതിന്റെ വീര്യത്തെ സൂചിപ്പിക്കുന്നത്. 650 മൈക്രോഗ്രാം ലൈസർജിക് ആസിഡ് കണ്ടന്റുള്ള സ്റ്റാമ്പാണിത്. നേരിട്ട് നാക്കിൽ വച്ച് ഉപയോഗിക്കുവാൻ കഴിയുന്ന ഇവ ഒരെണ്ണം 48 മണിക്കൂർ വരെ ഉൻമാദ അവസ്ഥയിൽ നിർത്താൻ ശേഷിയുള്ള മാരക മയക്ക് മരുന്ന് ഇന്നത്തിൽപ്പെട്ടതാണ്. നാക്കിലും ചുണ്ടിനുള്ളിലും ഒട്ടിച്ച് ഉപയോഗിക്കുന്ന ഇവയുടെ അളവ് അൽപം കൂടിയാൽ തന്നെ ഉപയോക്താവ് മരണപ്പെടാൻ തന്നെ സാധ്യതയുള്ള അത്ര മാരകമായ ഒന്നാണിത്. ന്യൂജൻ തലമുറയ്ക്ക് ഇപ്പോൾ പ്രിയം എൽ.എസ്.ഡി. മുതൽ മുകളിലേക്കുള്ള സിന്തറ്റിക് ഡ്രഗ് ആണെന്നും കഞ്ചാവ് പോലുള്ള കൺട്രി ഡ്രഗുകൾക്ക് ഇപ്പോൾ യുവാക്കൾക്കിടയിൽ ഡിമാന്റ് കുറവാണെന്നും ഇയാൾ ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തി. 0.1 ഗ്രാം എൽഎസ്ഡി സ്റ്റാമ്പ് കൈവശം വയ്ക്കുന്നത് 20 വർഷം വരെ കഠിന തടവ് ലഭിക്കുന്ന കുറ്റമാണെന്നിരിക്കെ ഇയാളിൽ നിന്ന് പിടിച്ചെടുത്തത് 0.368 ഗ്രാം എൽ.എസ്.ഡി. സ്റ്റാമ്പാണ്. 100 കിലോ കഞ്ചാവ് പിടിച്ചെടുക്കുന്നതുപോലെയുള്ള അതീവ ഗൗരവമുള്ള കുറ്റകൃത്യമാണിത്. അതീവ രഹസ്യ സ്വഭാവം നിലനിർത്തുന്നതിനായി തീവ്രവാദ ഗ്രൂപ്പുകൾ ഉൾപ്പെടെയുള്ളവർ ഉപയോഗിച്ച് വരുന്ന ടെലിഗ്രാം മെസെജർ അപ്പ് ആണ് ഇയാൾ അടക്കമുള്ളവർ ലഹരി കൈമാറ്റത്തിന് ഉപയോഗിച്ച് വരുന്നത്. ഇത്തരം രഹസ്യ ആപ്ലിക്കേഷൻ ഉപയോഗിച്ചുള്ള ഡീലുകൾ സംബന്ധിച്ചുള്ള അന്വേഷണം ഏറെ ദുഷ്കരമാണെന്ന് എക്സൈസ് അറിയിച്ചു. പിടിക്കപ്പെട്ടതിന് ശേഷവും നിരവധി യുവതി -യുവാക്കളാണ് മയക്ക് മരുന്ന് ആവശ്യപ്പെട്ട് കൊണ്ട് ഇയാളുടെ ഫോണിലേയ്ക്ക് വിളിച്ച് കൊണ്ടിരുന്നത്. ഇയാളിൽ നിന്ന് മയക്ക് മരുന്ന് വാങ്ങി ഉപയോഗിക്കുന്ന യുവതി – യുവാക്കളെ കണ്ടെത്തി എറണാകുളം കച്ചേരി പ്പടിയിലുള്ള കൗൺസിലിംഗ് സെന്ററിൽ കൗൺസിലിംഗിന് വിധേയമാക്കുമെന്നും ആവശ്വമെങ്കിൽ വിദഗ്ധ ചികിൽസ ഉറപ്പാക്കുമെന്നും അധികൃതർ അറിയിച്ചു. ദക്ഷിണ മേഖല കമ്മീഷണർ സ്ക്വാഡിലെ സർക്കിൾ ഇൻസ്പെക്ടർ ആർ. രാജേഷിന്റെ മേൽനോട്ടത്തിൽ ഇൻസ്പെക്ടർ വൈശാഖ് വി.പിള്ള, അസ്സി. ഇൻസ്പെക്ടർ ഫിലിപ്പ് തോമസ്, കമ്മീഷണർ സ്ക്വാഡ് അംഗങ്ങളായ കെ.എൻ. സുരേഷ് കുമാർ, എം. അസീസ്, എറണാകുളം റേഞ്ച് ഇൻസ്പെക്ടർ എം എസ്. ഹനീഫ, കൊച്ചി സിറ്റി മെട്രോ ഷാഡോയിലെ എൻ.ഡി. ടോമി, എൻ.ജി. അജിത്ത്കുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.

Leave a Reply