കെ.എസ്‌.ആര്‍.ടി.സി. പെന്‍ഷന്‍ സ്‌കീം സുപ്രീം കോടതി അംഗീകരിച്ചു

0

കൊച്ചി : കെ.എസ്‌.ആര്‍.ടി.സി. പെന്‍ഷന്‍ സ്‌കീം സുപ്രീം കോടതി അംഗീകരിച്ചു. 20 ശതമാനം എക്‌സ്‌ഗ്രേഷ്യ പത്തു തവണകളായി നല്‍കണം. ഏപ്രില്‍ മുതല്‍ വിഹിതം നല്‍കിത്തുടങ്ങണം. കെ.എസ്‌.ആര്‍.ടി.സി. മുന്നോട്ടുവച്ച സ്‌കീം അപ്പാടെ അംഗീകരിക്കുകയായിരുന്നു. പുതിയ സ്‌കീം പ്രകാരം 2021 ജൂലൈ മുതലുള്ള പെന്‍ഷന്‍ മാത്രമേ നല്‍കുകയുള്ളൂ. നിലവില്‍ 9000 കോടി രൂപയുടെ ബാധ്യത തങ്ങള്‍ക്കുണ്ടെന്നാണു കെ.എസ്‌.ആര്‍.ടി.സി. അറിയിച്ചത്‌.
ഡ്രൈവര്‍മാര്‍, കണ്ടക്‌ടര്‍മാര്‍, മെക്കാനിക്കല്‍ ജീവനക്കാര്‍ എന്നിവര്‍ ദിവസവേതനത്തിനു ജോലി ചെയ്‌തിരുന്ന കാലഘട്ടം കൂടിയാണു പെന്‍ഷനു കണക്കാക്കുന്നത്‌. പത്തു ദിവസമെങ്കിലും ജോലി ചെയ്‌തിട്ടുള്ള മാസങ്ങള്‍ മാത്രമേ പെന്‍ഷന്‍ കണക്കാക്കാന്‍ പരിഗണിക്കുകയുള്ളൂ. എന്നാല്‍, പത്തു ദിവസം പോലും ജോലിയില്ലാതിരുന്ന മാസങ്ങളുടെ 50 ശതമാനവും ആകെ പെന്‍ഷന്റെ കണക്കെടുപ്പിനായി കൂട്ടുമെന്നും സ്‌കീമില്‍ വ്യക്‌തമാക്കിയിട്ടുണ്ട്‌. പെന്‍ഷന്‍ ഒഴികെയുള്ള ആനുകൂല്യങ്ങളൊന്നും ഈ സ്‌കീം പ്രകാരം നല്‍കില്ലെന്നും കെ.എസ്‌.ആര്‍.ടി.സി. വ്യക്‌തമാക്കി.
പെന്‍ഷന്‍ അപേക്ഷകള്‍ പരിഗണിക്കാന്‍ കൊച്ചിയില്‍ സ്‌പെഷല്‍ ഓഫീസറെ നിയമിക്കും. ഇന്നു മുതല്‍ മൂന്നു മാസത്തിനകം അപേക്ഷ നല്‍കണം. അപേക്ഷ ലഭിച്ചാല്‍, മൂന്നു മാസത്തിനകം സ്‌പെഷല്‍ ഓഫീസര്‍ തീരുമാനമെടുക്കണം. സ്‌പെഷല്‍ ഓഫീസറുടെ തീരുമാനമുണ്ടായാല്‍ ഒരു മാസത്തിനകം പുതിയ സ്‌കീം പ്രകാരമുള്ള പെന്‍ഷന്‍ ലഭിക്കും. ജീവനക്കാര്‍ ജീവിച്ചിരിപ്പില്ലെങ്കില്‍ അവരുടെ ബന്ധുക്കള്‍ക്കു കുടുംബ പെന്‍ഷനു വേണ്ടി അപേക്ഷ നല്‍കാം. സ്‌ഥിരപ്പെടുംമുമ്പു ദിവസക്കൂലിക്കു ജോലി ചെയ്‌തിരുന്ന കാലഘട്ടംകൂടി പെന്‍ഷന്‍ തിട്ടപ്പെടുത്താന്‍ പരിഗണിക്കുമെന്ന്‌ 1999-ല്‍ തൊഴിലാളി യൂണിയനുകളും കോര്‍പ്പറേഷനും തമ്മില്‍ ഒപ്പുവച്ച കരാറില്‍ വ്യക്‌തമാക്കിയിരുന്നു.
2000, 2001, 2007 വര്‍ഷങ്ങളില്‍ സ്‌ഥിരപ്പെട്ട 2939 ജീവനക്കാര്‍ക്കാണു സ്‌കീമിന്റെ ആനുകൂല്യം ലഭിക്കുക. 9000 കോടി രൂപയുടെ ബാധ്യതയുണ്ടെന്നാണു കെ.എസ്‌.ആര്‍.ടി.സി. സുപ്രീം കോടതിയെ അറിയിച്ചത്‌. ഏകദേശം 7500 ജീവനക്കാര്‍ അധികമായുണ്ട്‌. ദിവസക്കൂലിക്കു ജോലി ചെയ്‌തിരുന്ന കാലഘട്ടംകൂടി പെന്‍ഷന്‍ തിട്ടപ്പെടുത്താന്‍ പരിഗണിക്കണമെന്നു ഹൈക്കോടതിയും നേരത്തെ ഉത്തരവിട്ടിരുന്നു.

Leave a Reply