കെ. സുധാകരന്‍ കെ.സി. വേണുഗോപാലുമായി ഇടഞ്ഞതോടെ കേരളത്തില്‍ സുധാകരന്‍-ചെന്നിത്തല- ഉമ്മന്‍ ചാണ്ടി അച്ചുതണ്ടിനു സാധ്യതയേറി

0

തിരുവനന്തപുരം : കെ. സുധാകരന്‍ കെ.സി. വേണുഗോപാലുമായി ഇടഞ്ഞതോടെ കേരളത്തില്‍ സുധാകരന്‍-ചെന്നിത്തല- ഉമ്മന്‍ ചാണ്ടി അച്ചുതണ്ടിനു സാധ്യതയേറി. വി.ഡി. സതീശനുമായി ഇടഞ്ഞുനില്‍ക്കുന്ന രമേശ്‌ ചെന്നിത്തല സുധാകരനുമായി അടുത്തു. ഉമ്മന്‍ ചാണ്ടിയെ കൂടി ചേര്‍ത്ത്‌ ഒറ്റക്കെട്ടായി നീങ്ങാനാണ്‌ നീക്കം.
മറുപക്ഷത്ത്‌ ഏത്‌ ഗ്രൂപ്പ്‌ വന്നാലും എതിര്‍പക്ഷത്ത്‌ കെ.സി. വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള ഗ്രൂപ്പാവും ഉണ്ടാകുകയെന്നു വ്യക്‌തമായിട്ടുണ്ട്‌. എ ഗ്രൂപ്പില്‍നിന്നു പലരും ഒപ്പംവരുമെന്നാണ്‌ കെ.സി. വിഭാഗം വിലയിരുത്തുന്നത്‌. മറുപക്ഷത്ത്‌ മറ്റ്‌ ഗ്രൂപ്പുകള്‍ ഒന്നിക്കുമ്പോള്‍ നേതാക്കളുടെ ബാഹുല്യമാകും. അത്‌ അവര്‍ക്കുതന്നെ തിരിച്ചടിയാകുമെന്നും കെ.സി. പക്ഷം വിലയിരുത്തുന്നു.
അഞ്ചു സംസ്‌ഥാനങ്ങളിലെ തെരഞ്ഞെടുപ്പ്‌ ഫലവും തുടര്‍ന്ന്‌ സംഘടനാതെരഞ്ഞെടുപ്പും കഴിയുമ്പോള്‍ ഡല്‍ഹിയില്‍ ഇപ്പോഴുള്ള അധികാരം നിലനില്‍ക്കുമെന്ന്‌ കെ.സി. വേണുഗോപാലിന്‌ ഉറപ്പില്ല. അതിനാല്‍, തന്റേതായ ഒരു ഗ്രൂപ്പ്‌ കേരളത്തില്‍ കെട്ടിപ്പടുത്തുകയാണ്‌ കെ.സിയുടെ ലക്ഷ്യമെന്ന്‌ പലരും ഊഹിക്കുന്നു.
അപ്പോഴും, സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി എന്ന അധികാരം നഷ്‌ടപ്പെട്ട്‌ കേരളത്തിലേക്കു മടണ്ടേണ്ടിവന്നാല്‍ വേണുഗോപാലിനൊപ്പം ഒരാളും ഉണ്ടാകില്ലെന്നാണ്‌ മറുപക്ഷം കണക്കുകൂട്ടുന്നത്‌. അണികളുടെ പിന്തുണ നേടാന്‍ കഴിയുന്ന നേതാവല്ല കെ.സിയെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം, പുനഃസംഘടനയ്‌ക്കെതിരേ പരാതി നല്‍കിയ നാല്‌ എം.പിമാരില്‍ എ ഗ്രൂപ്പില്‍നിന്നു ബെന്നി ബഹനാനും ഐ ഗ്രൂപ്പില്‍നിന്നു ഹൈബി ഈഡനും ഉള്‍പ്പെട്ടെതുതന്നെ ഇവര്‍ വേണുഗോപാല്‍ പക്ഷത്തേക്കു മാറിയതിന്റെ സൂചനയാണ്‌ നല്‍കുന്നത്‌. ഇത്തരത്തില്‍ നിരവധി നേതാക്കള്‍ ഒപ്പം വരുമെന്നാണ്‌ വേണുഗോപാല്‍ പക്ഷം അവകാശപ്പെടുന്നത്‌.

Leave a Reply