വിദ്വേഷ പ്രസംഗ കേസില്‍ അറസ്റ്റിലായ പി സി ജോര്‍ജ് ജയില്‍മോചിതനായി

0

തിരുവനന്തപുരം:വിദ്വേഷ പ്രസംഗ കേസില്‍ അറസ്റ്റിലായ പി സി ജോര്‍ജ് ജയില്‍മോചിതനായി. ജാമ്യം ലഭിച്ച ശേഷം പുറത്തിറങ്ങിയ പി സി ജോര്‍ജിനെ ബിജെപി പ്രവര്‍ത്തകര്‍ പൂമാല അണിയിച്ച് സ്വീകരിച്ചു.

തനിക്കെതിരായ നടപടിയില്‍ മറ്റന്നാള്‍ മറുപടി പറയുമെന്ന് പി.സി.ജോര്‍ജ് പറഞ്ഞു. സാമാന്യ മര്യാദയുള്ളവര്‍ക്ക് മറുപടി പറയും, ഇതായിരുന്നു പ്രതിപക്ഷ നേതാവിന്റെ ആരോപണത്തോട് ജോർജിന്റെ മറുപടി.തന്നെപ്പിടിച്ച് ജയിലിട്ടത് പിണറായി വിജയന്റെ കളിയുടെ ഭാഗമായാണ്. അദ്ദേഹം തൃക്കാക്കരയില്‍ വച്ചാണ് എന്നെ പറ്റി പറഞ്ഞത്. തന്നോട് ചെയ്തതിനുള്ള മറുപടി താനും തൃക്കാക്കരയില്‍ വച്ച് മറ്റന്നാള്‍ പറയും. പി സി ജോര്‍ജ് പ്രതികരിച്ചു. ബിജെപിക്കുവേണ്ടി പ്രചാരണം നടത്തുമെന്നും ജോര്‍ജ് വ്യക്തമാക്കി

ഹൈക്കോടതിയാണ് പി സി ജോര്‍ജിന് ജാമ്യം അനുവദിച്ചത്. വെണ്ണലയിലും തിരുവനന്തപുരത്തും നടത്തിയ രണ്ട് പ്രസംഗങ്ങള്‍ക്കും ജാമ്യം അനുവദിച്ചിട്ടുണ്ട്. പ്രായവും ജനപ്രതിനിധിയാണെന്നതും പരിഗണിച്ചാണ് ജാമ്യം അനുവദിച്ചത്. കര്‍ശനമായ ഉപാധികളോടെയാണ് ജാമ്യം. സമാനമായ പ്രസംഗങ്ങള്‍ നടത്തരുത്, ചോദ്യം ചെയ്യലിനു ഹാജരാവണം, അന്വേഷണവുമായി സഹകരിക്കണം തുടങ്ങിയ ഉപാധികളാണ് കോടതി മുന്നോട്ടുവച്ചത്. ഉപാധികള്‍ ലംഘിച്ചാല്‍ ജാമ്യം റദ്ദാക്കും.

ശക്തമായ വാദങ്ങളാണ് പ്രോസിക്യൂഷന്‍ മുന്നോട്ടുവച്ചത്. പിസിയെ ആര് നിയന്ത്രിക്കുമെന്ന് പ്രോസിക്യൂഷന്‍ ചോദിച്ചു. സമൂഹത്തില്‍ വലിയ പ്രത്യാഘാതങ്ങളുണ്ടാക്കുന്ന പ്രസ്താവനയാണ് അദ്ദേഹം ആവര്‍ത്തിച്ചുനടത്തിയത്. ആ ഘട്ടത്തിലും ഉപാധികളുണ്ടായിരുന്നു. അത് പാലിക്കപ്പെട്ടില്ല എന്നും പ്രോസിക്യൂഷന്‍ വാദിച്ചു. എന്നാല്‍, കോടതിയില്‍ കേസ് എത്തിയതിനു ശേഷം പിസി മിണ്ടിയിട്ടില്ലെന്ന് പ്രതിഭാഗം വാദിച്ചു. അദ്ദേഹം പാഠം പഠിച്ചു എന്നും പ്രതിഭാഗം കോടതിയെ അറിയിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here